Wednesday, December 29, 2010

മാതൃപാദം

ഉമ്മമുടിയെ
ഏഴായ് ചീന്തിയ
സ്വിറാത്ത് പാലത്തിലാണ്
ഞാന്‍.

എനിക്ക് താഴെ
ലാവത്തിളപ്പിന്റെ
നരകക്കാഴ്ച.
പാമ്പ്‌
തേള്
പിശാചിന്റെ
ജടമുടിയാട്ടം.

നേര്‍ത്ത് നേര്‍ത്തൊരു
നൂല്‍വെളിച്ചം പോലെ
പാലം, നൂല്പാലം.

പാലത്തിനപ്പുറം
സ്വര്‍ണത്തിളക്കത്തിന്റെ
സ്വര്‍ഗക്കാഴ്ച.
പാല്
തേന്
മാലാഖമാരുടെ
അറബനത്താളം.

വിരലൊന്നു നീട്ടി
സ്വര്‍ഗം തൊട്ടു.
ഇക്കിളിയാക്കല്ലെയെന്ന
തുലുങ്കിയാട്ടം* .
കൊട്ടന്‍ചുക്കാദിയുടെ
കസ്തൂരി മണം.
കാലച്ചുളിവിന്റെ
കാരക്ക മധുരം.
പള്ളിമിനാരത്തില്‍
പ്രവാചക സാക്ഷ്യം.

പാന്റീന്‍ മണമുള്ള
മൂര്‍ദ്ധാവില്‍
മുലപ്പാല്‍ ചൂടുള്ള
മുത്തം.
കനിഞ്ഞു പെയ്ത
കണ്ണീര്‍മഴയില്‍
കുതിര്‍ന്നമരുന്ന
അഗ്നിച്ചിറകുകള്‍.

സ്വര്‍ഗം പുണര്‍ന്ന്
ഉറങ്ങുകയാണ്
ഞാന്‍.


* തുലുങ്കി: മലബാര്‍ മേഖലയിലെ സ്ത്രീകള്‍ കാതില്‍ അണിഞ്ഞിരുന്ന ആഭരണം.

Monday, December 13, 2010

താരാട്ട് അഥവാ തെരുവിന്റെ പാട്ട്



















രാരീരം പാടുവാന്‍ അമ്മയില്‍ പാട്ടില്ല
ഉണ്ണീ കരയാതുറങ്ങ്,
ദുഃഖം ചുരത്തുന്ന മാറിടം പുല്‍കി നീ
രാവ് പുലരാനുറങ്ങ് .

താരാട്ടു തൊട്ടിലില്‍ ആട്ടിയുറക്കുവാന്‍
'ഓമനത്തിങ്കള്‍ കിടാവൊ'ന്നു പാടുവാന്‍
അക്ഷരപ്പൂക്കളാല്‍ തൂക്കം നടത്തുവാന്‍
അമ്മയ്ക്ക് കൊതിയെത്രയുണ്ണീ.

അമ്മിഞ്ഞ നല്‍കുവാന്‍ പൂതിയില്ലാഞ്ഞല്ല
അമ്മയ്ക്ക് വയ്യെന്റെ ഉണ്ണീ .
നാക്കിലപന്തിയില്‍ അന്നം തിരയേണ്ട
അന്യരല്ലേ നമ്മള്‍ മണ്ണില്‍!

ഭ്രഷ്ടെന്ന വാക്കിലും അര്‍ത്ഥം തികയാതെ
പുതുവാക്ക് തേടുന്ന ലോകം
ആട്ടിയകറ്റുവാന്‍ പെറ്റിട്ടു പോയതില്‍
മാപ്പ് തന്നീടുക ഉണ്ണീ.

നമ്മെ തഴുകുന്ന കാറ്റു പോലും
നൂറാറ്റില്‍ കുളിക്കേണമുണ്ണീ .
നമ്മെ കുളിപ്പിക്കും വെണ്ണിലാവും
നാളെ ആകാശഗംഗയില്‍ മുങ്ങും!

കാമാര്‍ത്തിക്കണ്ണുകള്‍ നോക്കിപ്പഴുപ്പിച്ച
കൌമാരമമ്മയില്‍ വാടിക്കൊഴിയവേ
വിത്തുവിതച്ചിട്ടു കൊയ്യാതെ പോയവന്
മുഖമില്ല മനമില്ല ഉണ്ണീ!

പാടുവാന്‍ പാട്ടൊന്നു മൂളിവെച്ചേക്കുക
നാളേയ്ക്കു വേണ്ടി നീ ഉണ്ണീ .
പട്ടിണിപ്പള്ളയില്‍ താളം പിടിക്കുക
രാഗം വിരിയട്ടെയുള്ളില്‍.

രാരീരം പാടുവാന്‍ അമ്മയില്‍ പാട്ടില്ല
ഉണ്ണീ കരയാതുറങ്ങ്,
ദുഃഖം ചുരത്തുന്ന മാറിടം പുല്‍കി നീ
രാവ് പുലരാനുറങ്ങ്

________________
oil paint : Amanda Greavette

Monday, December 6, 2010

വാര്ത്തയാവാത്തവര്‍

എനിക്കറിയില്ല,
ചേട്ടാ പത്രമെന്ന്
നനഞ്ഞും വിയര്‍ത്തും
ചൂളമടിച്ചും ദിനവും കണി തന്ന
അവനെ.

കടും ചെമപ്പില്‍ കുറുന്നനെ
കറുത്ത വരയുള്ള കുപ്പായത്തിന്റെ
കഴുത്തിന്‌ താഴെ രണ്ടാമത്തെ
ഹുക്കാണ് പൊട്ടിയത്.
അവനു പാകമല്ലാത്ത
കരിമേഘം പടര്‍ന്ന
നീലക്കുപ്പായത്തില്‍
ഒടുവിലത്തതും.
ഇനിയുമുണ്ടാവാമൊന്ന്,
ഓണക്കോടിയായ്
കരുതിവെച്ചത് -
ആവോ എനിക്കറിയില്ല.

സച്ചിനും സല്‍മാനും സാനിയയും
എന്‍റെ ബെഡ്കോഫിയില്‍
ബ്രിട്ടാനിയ ചാലിച്ച്
ഉമ്മറത്തൊപ്പമിരിക്കുമ്പോള്‍
സൈക്കിള്‍ ബെല്ലില്‍
ചിരിയൊതുക്കി
ഒരു കുന്നിറക്കത്തിന്റെ
വേഗത്തിലവന്‍
മടങ്ങിയിട്ടുണ്ടാവണം -
ഇല്ല, എനിക്കറിയില്ല.

കാളയും കരടിയും
അമറിത്തിമിര്‍ക്കുമ്പോള്‍
ഇന്നലെ വരാതെ
ഇന്നും വൈകിയതെന്തെന്ന്
കയര്‍ക്കുന്ന എനിക്ക്,
കനത്തു പെയ്യുന്ന
കരിമേഘമുള്ള
നീലക്കുപ്പായമുയര്‍ത്തി
മെലിഞ്ഞൊട്ടിയ
നെഞ്ചിന്‍ കൂട്ടിലെ
ചരമക്കോളത്തില്‍
ചിരിക്കുന്ന അമ്മയെ കാട്ടിത്തന്നു
ഞാനറിയാതെ പോയ
അവന്‍.

Monday, November 22, 2010

വെക്കേഷന്‍

മോനേ വാപ്പയെന്ന്
കൈചൂണ്ടി
ചുവന്ന ചുണ്ടില്‍
ചിരിക്കുന്ന പെണ്ണ്

എന്റെ മോനേയെന്ന്
വീര്‍പ്പുമുട്ടി
മൂര്‍ദ്ധാവ് നനയ്ക്കുന്ന
ഉമ്മയെ ശാസിച്ച് ഉപ്പ.

ഇറ്റിത്തീരാത്ത ഇറയെ
കണ്ണിലേറ്റി
ഉമ്മ ചൊരിഞ്ഞ്
വല്ല്യുമ്മ.

പെങ്ങള്‍ക്കൊപ്പം
വളര്‍ന്ന്
ചുരുള്‍മുടിത്തലപ്പിലെല്ലാം
പെറ്റുകിടക്കുന്ന അരിമുല്ല.

ഒരു കല്ലു കൊള്ളാന്‍
കൊതിക്കുന്നുവെന്ന,
കുഞ്ഞുനാളിലെ
കൊതിക്കെറുവിന്റെ
കുസൃതിപ്പാടുകള്‍
കാട്ടി ചിരിക്കുന്ന
നാട്ടുമാവിന്റെ പരിഭവം.

നിറഞ്ഞ കണ്ണിലെ
കാഴ്ചകളെ
കരളില്‍ പേറി
കനം തൂങ്ങിയിരിപ്പാണ്
വീണ്ടും.

Wednesday, September 15, 2010

ഓട്ടോഗ്രാഫ്


കാറ്റെടുക്കാതെ പോയ
ചെമ്പകസുഗന്ധത്തിലേറി
സ്കൂള്‍വഴിയേ പോയതാണ്.

കുടഞ്ഞെറിഞ്ഞാലും
തിരികെയില്ലെന്ന്
കരളില്‍ പടരുകയാണിപ്പോള്‍
മഷിത്തണ്ടും മയില്‍പീലിയും

കരിമഷിക്കണ്ണിലെ നാണവും.

Sunday, August 15, 2010

നഷ്ടവസന്തം

ഓണപ്പൂക്കളോടൊപ്പം
ഉള്ളില്‍ വിരിയുന്നത്,
നാളേക്ക് വെച്ച പൂവിറുക്കരുതെന്ന്
മൗനമായ് കയര്‍ത്ത
തുമ്പച്ചെടിയോട്
പിണക്കമാണെന്ന് മുഖം വീര്‍പ്പിച്ച
തുമ്പപ്പൂ പോലൊരു പുഞ്ചിരി.

കണ്ണിറുക്കിയടക്കുമ്പോഴെല്ലാം
ഒഴുകിയെത്തുന്നത്
പെയ്തിറങ്ങിയ മിന്നല്‍ മഴയില്‍
ഒലിച്ചു പോയ പൂവട്ടിയും
നിറം മങ്ങിയ കുന്നിമണികളും.

ഇനിയൊരുനാളും
പൂക്കില്ലെന്നുറച്ച്
തുമ്പച്ചെടികളോടൊപ്പം
ഞാനുമുണ്ടിപ്പോഴുമീ തൊടിയില്‍!

Wednesday, June 30, 2010

ആത്മകഥ


നിറയെ
അക്ഷരത്തെറ്റുകളാണ്.

തിരുത്തിയിട്ടും
ശരിയാവാതെ
ജീവിതമെന്നത്
തെറ്റിക്കിടപ്പുണ്ട്.

അളന്നു മുറിച്ച
വാക്കുകളെ പോലും
നാണിപ്പിക്കുന്ന
ചില അക്ഷരങ്ങളുണ്ട്,
'ഛെ!'

നാവനങ്ങാതെ
നോവു പെരുത്ത്
കനത്തു പെയ്തു പോവുന്ന
ചില നെടുവീര്‍പ്പുകളുണ്ട്,
'ഹൊ!'

വിരാമത്തിനൊടുവില്‍,
വാക്കിനും
നാക്കിനുമൊതുങ്ങാത്ത
വാചാലതയുള്ള
കുറേ മൗനങ്ങളുമുണ്ട്!

Sunday, June 27, 2010

ജീവിതയാത്ര

തിരിഞ്ഞോടാനോങ്ങുകയാണ്,
ദൂരത്തിന്റെ അറ്റത്തെ പിറകോട്ടോടിക്കാന്‍
കുതിച്ചു പാഞ്ഞ വണ്ടിക്കാരന്‍.

ര്‍ ര്‍ ര്‍റെന്ന ആജ്ഞയ്ക്ക്
പൊടിമഴ തീര്‍ത്തു പാഞ്ഞ
കാളയ്കല്ല പിഴച്ചതെന്നു തീര്‍ച്ച.

കൈവിരലിനെ ആണിയാക്കാന്‍
കൈകേയി ഇല്ലെന്ന്
ചക്രം അലറി വിളിച്ചതാണ്.

തിരിഞ്ഞൊന്നു നോക്കാതെ
പാത മറന്ന്,
പാഥേയം വെടിഞ്ഞുള്ള
പാച്ചിലായിരുന്നു.

തകര്‍ന്നടിഞ്ഞപ്പോള്‍ തിരയുകയാണ്,
മുനയൊടിഞ്ഞ ആണിയും,
പൊടി വിഴുങ്ങിയ വഴിയടയാളവും!

തിരിഞ്ഞോടാനോങ്ങുകയാണ്,
വഴിയടഞ്ഞ വണ്ടിക്കാരന്‍!

Saturday, June 19, 2010

കളിയെഴുത്ത്


മഞ്ഞയും നീലയും ചുവപ്പും ജേഴ്സികള്‍
ഭൂപടത്തിലെ അതിര്‍ത്തികളെ മായ്ക്കുന്നതിനാലാവാം,
വിണ്ടുകീറിയ വിയര്‍പ്പുനിലത്തില്‍ നിന്നും
ഈന്തപ്പന തണലിലേക്ക്‌ ഫ്രീകിക്കെടുക്കുമ്പോള്‍
വിരലൊടിഞ്ഞു പോയ ഷുക്കൂറലി 'മെസ്സി'യാവുന്നതും,
അമ്മക്കവിളിലെ കണ്ണീര്‍രേഖയില്‍ നിന്നും
ഹോസ്പിറ്റല്‍ കോമ്പൌണ്ടിന് വെളിയിലേക്കുള്ള
ലോങ്ങ്‌ ത്രോയില്‍ ഫൗള്‍ പിണഞ്ഞ
മനോജ്‌ കുമാര്‍ 'കക്ക'യാവുന്നതും,
ദീര്‍ഘനിശ്വാസങ്ങള്‍ കൊണ്ട്
വുവുസേല തീര്‍ത്ത്
ഒരു ഗ്രാമം തന്നെ ആഫ്രിക്കയാവുന്നതും!

ദേശവും വേഷവും ഭാഷയും ചവിട്ടി തെറിപ്പിച്ച്,
വായുവില്‍ കുതിച്ചുയര്‍ന്ന് കരണം മറിഞ്ഞ്
വര്‍ഗവും വര്‍ണവും കുത്തിയകറ്റി
വെളിച്ചം പകര്‍ന്ന മൈതാനത്ത്
ഇടങ്കാലന്‍ കോര്‍ണര്‍ കിക്കുകള്‍
പ്രതിരോധ കോട്ടകളെ തകര്‍ക്കുന്ന പോലെ
മനസ്സിനകത്തെ അതിര്‍ത്തിക്കെട്ടുകളും
തകര്‍ത്തതിനാലാവാം,
ത്രിവര്‍ണത്തെ ഏകവര്‍ണം വിഴുങ്ങിയത്
അപരാധമാവാതെ പോയതും.

അല്ലെങ്കിലും
വേട്ടയാടി മൂലയിലൊതുക്കപ്പെടാന്‍
ഫുട്ബോളിന് ഒരു മൂല പോലുമില്ലല്ലോ!

മെയ്യൂക്കിന്റെ ചതിക്കളങ്ങളില്‍,
തൊടുത്തു വിടുന്ന ഷോട്ടുകള്‍
ക്രോസ് ബാറില്‍ തട്ടി മടങ്ങുന്ന ജീവിതങ്ങള്‍ക്ക്
സമനില പിടിക്കാനെങ്കിലുമൊരു കളി
കാത്തിരിക്കാതെ വയ്യല്ലോ!

Monday, June 7, 2010

ബാച്ചിലര്‍ റൂം


തെക്കനും വടക്കനുമുണ്ട്,
ഇടയിലെവിടെയൊക്കെയോ
തെക്കും വടക്കുമില്ലാത്ത ഞാനും.

അപ്പി തെക്കന് കൂട്ടാവുമ്പോള്
‍വടക്കന്‍ മൂക്കുപിടിച്ച് അറച്ചങ്ങനെ.
പത്തല്‍ അന്നമായും വടിയായും
വടക്കും തെക്കും തര്‍ക്കിക്കുമ്പോള്
‍എന്‍റെ ചിരി അതിര്‍ത്തി ഭേദിച്ച്
തെക്കുവടക്ക് പടര്‍ന്ന്
ചിരിച്ചു ചിരിച്ച് കണ്ണ് നിറഞ്ഞ്
പുതപ്പിനടിയില്‍ വിറച്ചു വിറച്ചങ്ങനെ!

മനസ്സ് ചൊരിഞ്ഞ ഉപ്പുനീര്‍ കുടിച്ചു വീര്‍ത്ത
തലയിണക്കടിയില്‍ മിസ്സ്ഡ് കോളായും
മെസേജായും പരിഭവങ്ങളുടെ ഞരക്കം.

ഉറങ്ങാതെ ഉറങ്ങിയ കണ്ണ് നിറയെ
തൊടാതെ തൊട്ട പൈതലിന്റെ കുസൃതി.
ഉരുള വാരിക്കൊടുത്ത കൈവിരലില്
‍പാല്‍പല്ലിന്‍ കടിയേറ്റ പുഞ്ചിരി,
വിരഹത്തിനൊടുവില്‍ മരവിച്ചു പോയ
കലങ്ങിയ കണ്ണിന്‍റെ ചുവന്ന നോട്ടം.

കട്ടിലിന്‍റെ ഞരക്കവും കൂര്‍ക്കം വലിയും
ഏസിയുടെ കുളിര്‍ത്ത സീല്‍ക്കാരവും
ഉറക്കമില്ലാത്തവരുടെ തേങ്ങലും
തെക്കും വടക്കുമില്ലാതെ
തമ്മിലറിഞ്ഞ് ഒരൊറ്റ ഭാഷയായ്‌
ഒരു രാവു കൂടി പുലര്ന്നതറിയാന്
‍അലാറവും കാത്ത് മിഴിയടച്ചങ്ങനെ.

കവിത പാഥേയത്തില്‍ വായിക്കുമല്ലോ.

Monday, April 12, 2010

ജിഹാദ്

നൂറ്റാണ്ടുകള്‍ക്കപ്പുറം
അലമുറിച്ചൊഴുകിയടുത്തത്
തല കൊയ്യാനായിരുന്നില്ല,
കൈ കൊടുത്ത് കരയേറ്റിയത്
കഴുത്തറുക്കാനുമല്ല.

കൊടുത്തും വാങ്ങിയും
കരിക്കും കാരക്കയും
ഇണ ചേര്‍ന്നപ്പോള്‍
വിരിഞ്ഞതത്രയും വസന്തം.

ദാവണി ചുറ്റിയ പടിഞ്ഞാറന്‍ കാറ്റിന്
അത്തറിന്റെ സുഗന്ധം,
മെയ്ച്ചുവടിന്റെ തിരയിളക്കത്തിന്
അറബന മുട്ടിന്റെ താളം.

ബദ്റും ഉഹ്ദും* പടപ്പാട്ടുകളായ്
വീര ഹൃദയങ്ങളില്‍
വീരസ്യമാര്‍ത്തിരുന്നു അന്നും!

തലമുറകളുടെ
പാകപ്പെടലുകള്‍ക്കിപ്പുറം,

താടിയും തലപ്പാവും തീവ്രവാദിക്കപ്പലും
അറബിപ്പടയുടെ കാരക്ക ബോംബും,
കറുപ്പില്‍ വെള്ള പുതച്ച്
ലീഡ് ന്യൂസാക്കി
അദൃശ്യ വക്താവിന്റെ
അകിട് കറന്ന്
വായനക്കാരന് പകരുന്ന
വാര്‍ത്തകളുടെ തീരത്ത്,

ബ്രേക്കിംഗ് ന്യൂസില്‍ മുഖമടിച്ചു വീഴാതെ,
ഉടവാള് കൊണ്ട്
കരിക്ക് ചെത്തി കരം പിടിക്കുന്ന
നാട്ടുരാജാവിന്റെ വിളി കാത്ത്
നങ്കൂരമെറിയാന്‍ ഇടം തേടുന്നു
മറ്റൊരു മാലിക് ഇബ്‌നു ദിനാര്‍ !**


*ഇസ്ലാമിക ചരിത്രത്തിലെ രണ്ടു പ്രധാന പോരാട്ടങ്ങള്‍
**ഇന്ത്യയില്‍ ഇസ്‌ലാംമത പ്രബോധനത്തിനു
വന്ന ആദ്യ സംഘത്തിന്റെ നായകന്‍

Tuesday, March 23, 2010

പ്രാണന്റെ പാട്ട്

ഇത് കട്ടെടുത്ത പാട്ട്!

പശിമ വറ്റി വരണ്ടു പോയ
വയലിനൊപ്പം
തുടി കൊട്ടി പാടുന്ന
മലയന്റെ പാട്ട്.

ലാടമണിഞ്ഞ കുളമ്പുകള്‍
ആഞ്ഞാഞ്ഞു പതിഞ്ഞിട്ടും,
വീശിയെറിഞ്ഞ വിത്തിനെ
ഉദരത്തിലൊളിപ്പിച്ച്
വിള വിളയാന്‍
കള കളഞ്ഞ് കാത്തിരുന്ന
മണ്ണിന്റെ പാട്ട്.

ഒഴുക്ക് മുറിഞ്ഞ പുഴയെ നോക്കി
ചെകിളയൊടിഞ്ഞ മീനിനൊപ്പം
ചങ്കിടിപ്പ് താളം കൊട്ടുന്ന
വലക്കാരന്റെ പാട്ട്.

വാളയും വരാലും
കൂരിയും കാരിയും
തിമിര്‍ത്താടിയ ഓര്മ പേറി,
മെലിഞ്ഞുണങ്ങി
അലിഞ്ഞു തീര്‍ന്ന
ചാലടഞ്ഞ് കിനാവുറഞ്ഞ
നദിയുടെ പാട്ട്.

ഇനി
നിങ്ങള്‍ക്കും പറയാം
പാടി നടക്കാം,
ഇത് കട്ടെടുത്ത പാട്ടെന്ന്‍.

പാണനെ തന്നെയും തന്നേക്കാം
പശിയടക്കട്ടെ പാവം
പരദേശി കനിഞ്ഞെങ്കിലും!

Monday, March 8, 2010

മടക്കം

പോകാനായില്ലേ എന്ന വിളി
മലക്കുല്‍ മൗത്തിന്റേതായിരുന്നു.*

പകലുറക്കം തളര്‍ത്തിയ
കണ്ണുകളില്‍
ഭീതി പടര്‍ന്നതും
നെഞ്ചിന്‍ കൂടിനുള്ളില്‍
ഇടിവാള്‍ പതിച്ചതും
എന്നെ വിട്ടേക്കൂ എന്ന്
ഒച്ചയില്ലാതെ അലറിയതും
വിധിപാലകനെ ഒട്ടും തളര്‍ത്തിയില്ല.

പെരുവിരലില്‍
പെരുത്ത്‌ തുടങ്ങിയ വേദന
മുട്ടുകാലിലിഴഞ്ഞു
അരക്കെട്ടിനെ ഉലച്ച്‌
വയറിലൂടെ കരളിലൂടെ
ചങ്കില്‍ പിടിച്ചു തലയോട്ടിയിലേക്ക്.

വെറുതെയെങ്കിലും
ഒന്ന് പിടഞ്ഞു നോക്കി
കുടഞ്ഞലറി നോക്കി
ഉറക്കം ഉലഞ്ഞ്
സ്വപ്നം തെറിച്ചു പോയാലോ!

നെയ്യുറുമ്പുകളുടെ
മൗനജാഥയ്ക്ക് വഴിയൊരുക്കി
കാലന്‍ നടന്നകന്നപ്പോഴേയ്ക്കും
സ്വപ്നവര്‍ണങ്ങള്‍ ഏഴും
വേഗത്തില്‍ കറങ്ങി
എന്റെ മുകളില്‍
വെള്ള മൂടിയിരുന്നു!


* മരണത്തിന്റെ മാലാഖ

Tuesday, February 16, 2010

പീഡനം

ഒച്ചിനേക്കാള്‍ ഇഴച്ചിലെന്ന്
ചീവീടിനെക്കാള്‍ ഒച്ചയെന്ന്
കരിക്കട്ടെയെക്കാള്‍ കറുപ്പെന്ന്
ഈളു പോലെ മെലിഞ്ഞെന്ന്

പറഞ്ഞാലും പറഞ്ഞാലും
കേട്ട ഭാവം നടിക്കാതെ
തേരട്ട പോലെ ചുരുണ്ടതെന്തെന്ന്

നായവാലില്‍ കുഴലെന്തിനെന്ന്
വെണ്ടയ്ക്ക പോലെ മൂത്തിട്ടെന്തെന്ന്‍
ആന വല്ല്യുപ്പയ്ക്കായിരുന്നില്ലേയെന്ന്

കേട്ടാലും കേട്ടാലും
പഠിച്ചെന്നു പറയാതെ
പ്രതിമ പോലെ നില്‍ക്കുന്നതെന്തെന്ന് !

കറുത്താലും മെലിഞ്ഞാലും
കരിഞ്ഞുണങ്ങി കൊഴിഞ്ഞാലും
എനിക്കിവള്‍ കരളെന്ന്
ചെവിയോര്‍ത്ത മിഴിക്കോണില്‍
മങ്ങിത്തെളിഞ്ഞത് ,
കണ്ണുകളില്‍ പൂക്കാലെമെന്ന്
ചുണ്ടുകളില്‍ തേന്‍തുള്ളിയെന്ന്
കവിളുകള്‍ കണ്ണാടിയെന്ന്
കവിത പാടിയ നാവുണ്ട്
'എത്രയെന്ന് എത്രയെന്ന് '
ഉമ്മറക്കോലായില്‍
തട്ടാനും ത്രാസിനുമൊപ്പം!

Thursday, January 14, 2010

ഗ്രഹണം

കഴിഞ്ഞ വര്‍ഷത്തെ ഒരു കവിത ഈ ഗ്രഹണത്തിന് വീണ്ടും...


ഓര്‍മയുടെ വേലിയേറ്റമില്ലാത്ത
മറവിയുടെ തീരത്ത്
ഭൂതകാലത്തിന് ബലിയിടുമ്പോള്‍
ഉദയ സൂര്യന് ഗ്രഹണമേറ്റു.

മലയുടെ പച്ചയും
പുഴയുടെ നീലയും
പൂവിന്റെ മഞ്ഞയും ചുവപ്പും
ഊറ്റി കുടിച്ച്, കരിനിഴല്‍ ഛര്‍ദിച്ച്
രാഹു സൂര്യനെ വാരിപ്പുണര്‍ന്നു.

വേര്‍പാടിന്റെ വിങ്ങലിനൊടുവില്‍
കണ്ടുമുട്ടിയ ഇണകളെ പോലെ.

കറുത്ത പാടുകള്‍ ബാക്കി വെക്കാതെ
രാഹു പോയിട്ടും,
ഗ്രഹണം ബാധിച്ച ബലിക്കാക്കയുടെ
ചിറക്‌ തളര്ന്നതറിയാതെ
ചോറുരുള ഒരുക്കി, കൈത്താളമിട്ട്
മടുത്ത്‌, മരവിച്ച്
വര്‍ത്തമാനത്തില്‍ ഇപ്പൊഴും ഞാന്‍!


...

കൂടെയുള്ളവര്‍