Tuesday, November 20, 2012

അറബ് മഴ















അറബ് മഴ
ചറപറാന്ന് മലയാളത്തില്‍
തിമിര്‍ത്തു പെയ്തു.

പുല്ലു പറിക്കാന്‍ പോയ 
നാണിയേടത്തി
പാളയും തലയില്‍ വെച്ച് 
'ഇങ്ങനുണ്ടോരു മഴാ'ന്ന് പിറുപിറുത്ത് 
എന്‍റെ കീബോര്‍ഡും
തട്ടിമറിച്ചിട്ട് ഓടിപ്പോയി.

ഇപ്പൊ വരും,
'ആ കുരുത്തം കെട്ട ചെക്കനെ
കണ്ടോടാ'ന്നും തേടി 
വാസുവേട്ടന്‍ .
തട്ടി വീഴേണ്ട,
മൗസല്പം മാറ്റി വെക്കാം.

മാനു മാപ്ല 
കുടയെടുത്തിട്ടുണ്ടാവില്ല.
വാഴയിലയില്‍ ഒതുങ്ങാത്ത 
മുണ്ടും കുപ്പായോം 
നനച്ചുകെട്ടി 
'ഒരു കട്ടനിങ്ങെടുത്തേ'ന്ന്
ഉമ്മാനെ വിളിച്ച്
എന്‍റെ മോണിറ്റര്‍ 
നനക്കുമെന്നുറപ്പ്.

അകമാകെ നനച്ചെന്ന്
രൂക്ഷമായി നോക്കി
ജനാല വലിച്ചടച്ച്‌
നാണിയേടത്തിയേയും
വാസുവേട്ടനെയും
മാനു മാപ്ലയെയും 
പടിയടച്ച ഓഫീസ്‌ ബോയിക്ക്‌,
തട്ടിമറിഞ്ഞ്
നനഞ്ഞു കുതിര്‍ന്ന എന്നില്‍ 
അവര്‍ കിതച്ചിരിക്കുന്നത്
മാത്രം കാണാനായില്ല!

Wednesday, June 27, 2012

പ്രവാസി














ബോസ്
ഫലസ്തീനിയാണ്.
രണ്ടരയിഞ്ചു കഷണ്ടിക്ക്
പിന്നില്‍ നര വാഴുന്നു.
മുഖം വല്ലാതെ ചുളിഞ്ഞിട്ടില്ല.
ഇടത്തേ കണ്ണിനു അരയിഞ്ചു താഴെ
ഒരു കടുമണി മറുകുണ്ട്.

അടുക്കളപ്പുകയുടെ
കണ്ണീര്‍ ചുവപ്പില്‍
കരച്ചിലൊളിപ്പിച്ച
പെണ്ണേ,
നിന്‍റെ പുരികത്തിനടുത്തെ
മറുകിന്റെ സ്ഥാനം
ഇടത്തായിരുന്നോ,
വലത്തായിരുന്നോ?

Thursday, March 1, 2012

ജീവിതം













കണ്ണാടിച്ചില്ലില്‍ 
എന്നെ കാണുമ്പോള്‍ 
കരഞ്ഞു പോവാറുണ്ട്. 
ഉള്ളിലെ വ്രണങ്ങളത്രയും
നീറിപ്പഴുക്കുമ്പോഴും
നിറഞ്ഞ ചിരിയാല്‍
മുഖം മിനുക്കേണ്ടതോര്‍ത്ത്
പിടഞ്ഞു പോവാറുണ്ട്.

Sunday, February 26, 2012

വിമോചനം



വാരിയെടുക്കുക പൈതലേ
ശ്വാനനെത്തും മുന്നേ,
സ്വര്‍ണക്കരണ്ടിയില്‍
അന്നം ഭുജിച്ചവര്‍ 
ഇട്ടേച്ചു പോയൊരീ 
എച്ചില്‍ ചവറുകള്‍.
ഉയിരറ്റു പോയിടുമിതും
കിട്ടാതെ പോയാല്‍
ഈ വറ്റിലാണിന്നു 
നിന്‍ ജീവന്‍ !

വേണ്ട പൈതലേ,
അന്നദാതാവിനെ
സ്വര്‍ണം പുതപ്പിച്ച്
പള്ളി മിനാരത്തില്‍
കുടിയിരുത്തിയോര്‍ 
കണ്ണീര്‍ തുടയ്ക്കുവാന്‍
എത്തുമെന്നോര്‍ക്കേണ്ട.

വിശ്വവിമോചന 
വിശ്വാസ ദര്‍ശനം
സ്വപ്ന പ്രമാണ 
സൂക്തങ്ങളാക്കി,
പുണ്യപ്രവാചകന് 
കോടികള്‍ വിലയിട്ട് 
ആത്മവിമോചനം 
തേടുകയാണവര്‍.

കാത്തിരിക്കുക പൈതലേ,
ചൂണ്ടുവിരലോട് 
ചേര്‍ത്തു വെക്കാന്‍ ,
ചേര്‍ത്തണച്ച് ഉമ്മ വെക്കാന്‍  
അല്‍ അമീനോരെ*
കണ്ടുമുട്ടും വരെ!


അല്‍ അമീന്‍ : മുഹമ്മദ്‌ നബിയുടെ അപരനാമം.

കൂടെയുള്ളവര്‍