Tuesday, November 20, 2012

അറബ് മഴ















അറബ് മഴ
ചറപറാന്ന് മലയാളത്തില്‍
തിമിര്‍ത്തു പെയ്തു.

പുല്ലു പറിക്കാന്‍ പോയ 
നാണിയേടത്തി
പാളയും തലയില്‍ വെച്ച് 
'ഇങ്ങനുണ്ടോരു മഴാ'ന്ന് പിറുപിറുത്ത് 
എന്‍റെ കീബോര്‍ഡും
തട്ടിമറിച്ചിട്ട് ഓടിപ്പോയി.

ഇപ്പൊ വരും,
'ആ കുരുത്തം കെട്ട ചെക്കനെ
കണ്ടോടാ'ന്നും തേടി 
വാസുവേട്ടന്‍ .
തട്ടി വീഴേണ്ട,
മൗസല്പം മാറ്റി വെക്കാം.

മാനു മാപ്ല 
കുടയെടുത്തിട്ടുണ്ടാവില്ല.
വാഴയിലയില്‍ ഒതുങ്ങാത്ത 
മുണ്ടും കുപ്പായോം 
നനച്ചുകെട്ടി 
'ഒരു കട്ടനിങ്ങെടുത്തേ'ന്ന്
ഉമ്മാനെ വിളിച്ച്
എന്‍റെ മോണിറ്റര്‍ 
നനക്കുമെന്നുറപ്പ്.

അകമാകെ നനച്ചെന്ന്
രൂക്ഷമായി നോക്കി
ജനാല വലിച്ചടച്ച്‌
നാണിയേടത്തിയേയും
വാസുവേട്ടനെയും
മാനു മാപ്ലയെയും 
പടിയടച്ച ഓഫീസ്‌ ബോയിക്ക്‌,
തട്ടിമറിഞ്ഞ്
നനഞ്ഞു കുതിര്‍ന്ന എന്നില്‍ 
അവര്‍ കിതച്ചിരിക്കുന്നത്
മാത്രം കാണാനായില്ല!

കൂടെയുള്ളവര്‍