Saturday, November 23, 2013

ചാച്ചാജി ചിരിക്കുന്നു
ഡാ എന്നും 
ഡീ എന്നും പേരുള്ള 
കുട്ടികളുണ്ട് 
പ്ലാറ്റ്‌ഫോമിലെ 
കടക്ക് മുന്നില്‍ 
റൊട്ടി ചൂണ്ടി 
കരയുന്നു. 
അല്പം ഞൊണ്ടുള്ള 
കടക്കാരന്‍ 
ഡാ എന്ന് അവനെയും 
ഡീ എന്ന് അവളെയും
കണ്ണുരുട്ടുന്നു.

നിര്‍ത്തിയിട്ട വണ്ടിയിലെ
ഏസി കമ്പാര്‍ട്ട്മെന്റില്‍
ടൈ കെട്ടിയൊരു
ഡാഡി
ഇതൊക്കെയും
ഫേസ്ബുക്കില്‍
അപ്ലോഡ്‌ ചെയ്യുന്നു.
ശിശുദിനമെന്ന്
ടാഗ് ചെയ്യുന്നു.

കരി കൊണ്ടെഴുതിവെക്കുന്നു, പുരയിടം വില്‍പനയ്ക്ക്‌

പറിച്ചു നടലാണ്.

ഓരോ വലിയിലും 
ചെറുവേരുകളുടെ
പല്ലുരുമ്മിയ തേങ്ങലുകളുയരുന്നുണ്ട്.
എല്ലു നുറുങ്ങുന്ന വേദനയില്‍ 
അലറിക്കരയുന്നുണ്ട്,
മതില്‍കെട്ടും ഭേദിച്ച് 
പാഞ്ഞു പോയൊരു വേര്.

വേറൊന്ന്, 
പുളിവേരിനെ മുറുകെ പുണര്‍ന്ന്
നിലവിളി പോലും മണ്ണില്‍ പൂഴ്ത്തി 
തളര്‍ന്നു കിടപ്പുണ്ട്.

പലവഴി പോയവ ഏറെയുണ്ട്.
ചെമ്മണ്ണ് തേടി വലത്തോട്ടൊന്ന്.
നനവ്‌ തേടി ഇടത്തോട്ടൊന്ന്.
ഉറവ തേടി, ശിലകള്‍ തുളച്ച്
ഇടയിലൂടെ മറ്റൊന്ന്.

ചെമ്പകത്തണല് തേടി
പാതിദൂരം താണ്ടിയ
ഇളംവേരിന്‍റെ കണ്ണീരിന്
പ്രണയച്ചുവപ്പുണ്ട്.

എത്രവലിച്ചിട്ടും പിടിതരാതെ 
അടിവേരാഴത്തില്‍ തികട്ടിനില്‍പ്പുണ്ട്,
ഒരിക്കലും കാണില്ലെന്നുറപ്പുള്ള
തളിരിലക്കുഞ്ഞിന്
അന്നം തേടിപ്പോയൊരു
മാതൃരോദനം.

വലിയുടെ ഊക്ക് ഏറുകയാണ്.
ആര്‍പ്പുവിളി
ആരവം
വലിയോ വലി
ഐലസാ!

ആരവമൂര്‍ച്ചക്കൊടുവില്‍ 
ഒരമര്‍ത്തിക്കരച്ചില്‍
'തായ്‌വേര് പൊട്ടിയില്ല,
ഭാഗ്യമെന്ന' പിറുപിറുക്കല്‍

ആയുധമേറ്റ് മുറിപ്പെടും മുമ്പേ 
തോറ്റു കൊടുത്തതാവും.
വരണ്ട മണ്ണിലെ 
ഇരുണ്ട നാളയെ തിരിച്ചറിഞ്ഞിട്ടും,
കാതങ്ങള്‍ താണ്ടി എന്നെങ്കിലുമീ 
മണ്ണകം തൊടാമെന്ന് 
വെറുതേ ആശ്വസിച്ചതാവും.

കുഴി നികത്തേണ്ട;
ഇനിയീ കരിയെഴുത്ത്
ഇതില്‍ തന്നെ ഉറപ്പിക്കാം.

പ്രണയമരം ചാരിയ ചോദ്യങ്ങള്‍


മടുക്കാതെയവള്‍
പിന്നെയും ചോദിച്ചുകൊണ്ടേയിരുന്നു.
നെരൂദയെ വായിച്ചിട്ടുണ്ടോ
വരികളില്‍ പ്രണയമൊഴുക്കിയ കവിയെ 
കണ്ണിലൂടെ കരളിലേക്കെടുത്തിട്ടുണ്ടോ?
ജിബ്രാനെയോ
പ്രണയത്തെ ശ്വസിച്ച് 
മരണത്തെ പുണര്‍ന്നുറങ്ങാന്‍ കൊതിച്ച 
ജിബ്രാനെ ചേര്‍ത്തണച്ചിട്ടുണ്ടോ?

അവള്‍ തോല്‍ക്കരുതെന്നോര്‍ത്ത് മാത്രം
ചോദിക്കാതെ വിട്ടാതൊരു മറുചോദ്യമുണ്ട്.
നൂറാം പുനര്‍ജനിയിലും
വായിച്ചു തീര്‍ക്കാനാവാത്ത
പുസ്തകമായി ഞാനടുത്തുണ്ടായിട്ടും
നെരൂദയിലേക്കും ജിബ്രാനിലേക്കും
വഴിനടന്ന് ഇനിയുമെന്തിനാണ് നീ
അന്ധയാവുന്നതെന്ന്!


ഇന്ന് ഞാന്‍


ഒന്ന്
------


പേര് പോലും മരണമെടുക്കും 
വേഗം വേഗമെന്ന് ഖബറ് വിളിക്കും 
വീര്‍ത്തുപോയല്ലോയെന്ന് 
നെടുവീര്‍പ്പുയരും 

പൊതിഞ്ഞുകെട്ടി മണ്ണിട്ടുമൂടിയിട്ടും 
മിന്നാമിനുങ്ങിനെ 
റൂഹാനികളെന്നു ചൂണ്ടി 
മക്കളെ പേടിപ്പിക്കുന്നതിന്താണ്?


*റൂഹാനികള്‍ - ആത്മാക്കള്‍രണ്ട്
-----


റൂഹ് പിരിഞ്ഞ സ്വപ്നങ്ങളുടെ
വിലാപയാത്രയായത് കൊണ്ടാവും
ദീര്‍ഘനിശ്വാസങ്ങള്‍ക്ക്
നിറമില്ലാതെ പോയത്‌!

ഓര്‍മകള്‍ക്ക് പോലും
ഖബറൊരുക്കിയിട്ടും റബ്ബേ,
ഖല്‍ബ് മുറിഞ്ഞ
കാഴ്ചകളിലെന്തിനാണ്
പിന്നെയും കണ്ണീരുപ്പ് തേക്കുന്നത്?

ഒക്ടോബര്‍ രണ്ട്


ഒക്ടോബര്‍ രണ്ടാണ്
ഗാന്ധിജയന്തിയാണ്
ശുചീകരണദിനമാണ്.
ആപ്പീസര്‍മാര്‍ തിരക്കിലാണ്.

ഇത്രേം സിഗരറ്റ് മ്മള് തന്നെ 
പൊകച്ചതാ രവ്യേ?
പിന്നല്ലാണ്ട്! നോക്ക്, 
മ്മടെ ഷംസുവിന്റെ അടിയാധാരത്തിന്റെ 
നിറമുള്ള റോത്ത്മാന്‍സ്,
സുകുവിന്റെ വീടിന്റെ കുറ്റിപോലെ
നീണ്ട ത്രീ ഫൈവ്‌
മൈമൂന നികുതി കെട്ടിയ
മാല്‍ബറോ...

എത്ര ഊക്കില്‍ എറിഞ്ഞിട്ടും
പൊട്ടാത്ത ഈ കുപ്പിയൊക്കെ
മ്മള് കുടിച്ചേന്ന്യാ?
സംശയെന്താ?
രാമേട്ടന്‍ കുടിക്കടം തീര്‍ത്ത
ഒപിആര്‍
അനന്തന്‍ നായര്‍ പോക്കുവരവ് നടത്തിയ
ബ്ലാക്ക്‌ & വൈറ്റ്‌
തണ്ടപ്പേര് തിരുത്താനുള്ള ഒപ്പിനായി
പെരോര്‍മയില്ലാത്തവരുടെ സിഗ്നേച്ചര്‍
കോര്‍ട്ട്ഫീ സ്റ്റാമ്പ്‌ കുറഞ്ഞതിനു പിഴയായി
തട്ടാന്‍ മണി നാണയമൊപ്പിച്ച് വാങ്ങിയ
കല്യാണി....

ചോരപുരണ്ട കഫം തുപ്പിയത്
കൈവശസര്‍ട്ടിഫിക്കറ്റിന് തപസ്സിരിക്കാറുള്ള
തലേകെട്ടുള്ള മാപ്ലയാവും
ചവിട്ടുപടിയില്‍ തേയ്മാനം തീര്‍ത്തത്
പട്ടയം തേടി വരാറുള്ള
നാരായണിയമ്മയും.

ഗാന്ധിചിത്രത്തിലെ മാറാല തൂത്തോ?
കൈമുറിയാതെ നോക്കണം
പൊട്ടിയ ചില്ലുമാറ്റാന്‍ ഫണ്ടില്ലാത്തത് കൊണ്ടാ.

ഒക്ടോബര്‍ രണ്ടാണ്
ഗാന്ധിജയന്തിയാണ്
ശുചീകരണദിനമാണ്.
ആപ്പീസര്‍മാര്‍ തിരക്കിലാണ്.

Thursday, August 15, 2013

മഅദനിആഗസ്ത് പതിനഞ്ചിനെ
ചുവപ്പിലെഴുഴുതിയ 
കലണ്ടറിന്റെ 
ചുവട്ടിലിരുന്ന് 
സ്വാതന്ത്ര്യദിനത്തെ 
കൂട്ടിവായിക്കാന്‍ 
കാഴ്ച തേടുന്നുണ്ട്,
ജയിലിനകത്തൊരു
വികലാംഗന്‍. 

മധുരം ചേര്‍ത്ത 
ജയ്‌ വിളിയില്‍ 
മരവിച്ചിരിപ്പുണ്ട്, 
നാല്‍ക്കവലയിലൊരു 
ഗാന്ധിജി!

Saturday, August 10, 2013

രണ്ടു കവിതകള്‍


നോമ്പോര്‍മ


മാസം കണ്ടുവല്ലേയെന്ന
ആകാംക്ഷക്കൊടുവില്‍ 
പൊതിച്ചോറ് പോലൊരു 
ചോദ്യമുണ്ട്,
അത്താഴമുണ്ടില്ലേ?
കുളിര്‍ക്കാറ്റു പൊഴിയുന്നൊരു 
നിശ്വാസമുണ്ട്, 
ചൂട്‌ വല്ലാതെ കൂടിയല്ലേ?
അടുത്ത നോമ്പിനെങ്കിലും 
നീയിങ്ങെത്തില്ലേ?


ഉപ്പയോടൊപ്പം
ഖബറാഴങ്ങളില്‍
കുടുങ്ങിയ ചോദ്യം പോലെ
ചങ്കില്‍ പിടയുകയാണുപ്പാ
എന്റെ ഉത്തരങ്ങളും!
പുതിയ പെരുന്നാള്‍

ഉപ്പാക്ക് ഇത്
പുതിയ പെരുന്നാളാണ്.

എഴാകാശവും നിറയുന്ന 
തക്ബീര്‍ മുഴക്കങ്ങളില്‍ 
കുളിര് കോരുന്നുണ്ടാവും.
തലയ്ക്ക് മുകളിലെ 
മൈലാഞ്ചിത്തളിര് കൊണ്ട് 
വല്യുമ്മാന്റെ കൈയില്‍ 
ഈദ്‌ മുബാറക്‌ വരയുന്നുണ്ടാവും.

പഴവും ശര്‍ക്കരയും ചാലിച്ച 
മധുരപ്പായസം വെച്ച്
വല്യുമ്മേം വല്യുപ്പേം 
ഇടത്തും വലത്തും 
നിറഞ്ഞു ചിരിക്കുന്നുണ്ടാവും. 

തൂവെള്ള കുപ്പായത്തില്‍ 
അത്തറു പൂശാന്‍
മാലാഖമാരുടെ മത്സരമാവും.

തിരക്കൊഴിഞ്ഞ നേരത്ത് 
അടുത്തൊന്നിരിക്കാന്‍ 
ഉമ്മാനെ തിരയുന്നുണ്ടാവും. 
മോന്‍ വിളിച്ചോയെന്ന ചോദ്യത്തിന് 
'സുറുമക്കോല് കൊണ്ടു'വെന്ന് 
കണ്ണു ചുവപ്പിക്കുന്നത് 
കാണാതെ കാണുന്നുണ്ടാവും.
എന്നാലും ചിരിക്കുന്നുണ്ടാവും.
വേദന തീരേയില്ലെന്നു 
കണ്ണിറുക്കുന്നുണ്ടാവും.

ഓര്‍മ്മകള്‍ കോര്‍ത്തെടുത്ത 
ദീര്‍ഘനിശ്വാസത്തില്‍ 
ചാരിയിരുപ്പുണ്ട്, ഉമ്മ.
ഉപ്പാക്ക് മേലെ മൈലാഞ്ചി പൂത്തതും
ഉമ്മാന്റെ കൈയിലെ 
മൈലാഞ്ചി മാഞ്ഞതും.
നോക്കിയിരിപ്പുണ്ട്, ഞാന്‍

Sunday, June 16, 2013

അച്ഛന്‍ലേബര്‍ റൂമിനു പുറത്തൊരു 
വരണ്ട നടത്തമുണ്ട്. 
അകത്തെ നിലവിളിയോടൊപ്പം 
'ദൈവമേ'യെന്നു 
പിടയുന്നൊരു ഹൃദയമുണ്ട്. 
ചിരിക്കാതെ ചിരിച്ചും 
ഇരിക്കാതെ ഇരുന്നും 
പറയാതെ പറഞ്ഞും  
ഒരു കുഞ്ഞിക്കരച്ചില്‍ 
തേടുന്നൊരു നോട്ടമുണ്ട്.

മണിക്കൂറുകള്‍ കൊണ്ട് 
ഒരു ഗര്‍ഭകാലം പേറിയ 
കണ്‍കോണിലെ നനവിന്‍റെ
പേരു തന്നെയാണച്ഛന്‍ !


അച്ഛനും അമ്മയും പ്രബോധനത്തില്‍ 

Thursday, April 18, 2013

ചരമം
തന്റെ മരണമറിയിച്ച്
മരിച്ചവര്‍ക്ക് 
ചിരിച്ചിരിക്കാനുള്ള
ഇടമാണ് ചരമ കോളം.

എടോ ഗോപാലകൃഷ്ണാ
നിന്റെ ഭാര്യ യശോദയുടെ 
അടുത്ത ബന്ധുവായ,
അഞ്ചിലും ആറിലും ഒപ്പം പഠിച്ച 
ഞാനിതാ 
പരലോകം പൂകിയിരിക്കുന്നുവെന്ന്
കട്ടിക്കണ്ണടവെച്ച് 
രാമചന്ദ്രന്‍ പുഞ്ചിരി തൂകും .
വയസ്സല്പം ഇളയതാണേലും
പിടിപ്പത് രോഗം വന്ന് 
ഞാന്‍ നേരത്തെ പോകുന്നൂവെന്ന്
വോട്ടര്‍ കാര്‍ഡിലെ പരിഭ്രമച്ചിരിയില്‍ 
രാധാമണി മൊഴിയും.

വര്‍ഗീസേട്ടന്റെ വയസ്സന്‍ ചിരി 
കാര്‍ത്തികയുടെ മോഡേണ്‍ ചിരി
കരീംക്കയുടെ ഗള്‍ഫ്‌ ചിരി... 
ആത്മാക്കളുടെ ചിരിയിലും.
നാനാത്വത്തില്‍ ഏകത്വം ഒക്കുന്നുണ്ട്.

പേരോര്‍മയില്ലാത്ത 
ചിരികളാണ് ആശങ്ക നിറക്കാറ്.
'എട്യേ... ഇത് നാസറല്ലേ,
നമ്മുടെ ആയിശുമ്മാന്റെ മോന്‍?
അസീസല്ലേ, ശഹനാസിന്റെ 
കെട്ട്യോന്റെ അനിയന്‍?
നവാസല്ലേ? അബ്ബാസല്ലേ?'
'നാവിന്റെ തുമ്പോളം കിട്ടുന്നുണ്ട്,
ആരായാലും എന്ത് പളുങ്കു പോലത്തെ 
ചെറുപ്പക്കാരനാ? ബല്ലാത്ത ചിരിയാ..'
കണ്ണ് തുടച്ച് മൈമൂന 
അടുത്ത ചിരിയിലേക്ക് നീങ്ങും.


'അന്നം തന്ന കൈ കൊണ്ട് തന്നെയാ
വിഷം തീറ്റിച്ചത്, 
അച്ഛനെന്ന് തന്നെയാ 
പിടയുമ്പോഴും വിളിച്ചത്,
അമ്മയും ഞാനും പോന്നേക്കാം
അനിയത്തിയെയെങ്കിലും 
ജീവിക്കാന്‍ വിട്ടേക്കച്ഛാ എന്നാണ് 
ഒടുവിലും കരഞ്ഞത്‌...'
നിരത്തി വെച്ച
നാലു ചിരികള്‍ക്കിടയിലെ 
കുഞ്ഞു ചിരി വാചാലമാവുമ്പോള്‍
പത്രം മടക്കി മൂലക്കെറിയും.

സങ്കടപ്പെട്ടിട്ട് കാര്യമില്ലല്ലോ;
തന്റെ മരണമറിയിച്ച്
മരിച്ചവര്‍ക്ക് 
ചിരിച്ചിരിക്കാനുള്ള
ഇടം തന്നെയാണ് ചരമ കോളം.

നല്ലൊരു ചിരി ഇപ്പോഴേ 
തിരഞ്ഞു വെക്കട്ടെ, 
ഇതെന്തോന്ന് ചിരിയെന്നോര്‍ത്ത്
നാളെ നിങ്ങള്‍ ചിരിക്കരുതല്ലോ.

Friday, April 5, 2013

വിന്‍ഡോസിനുള്ളിലെ കാഴ്ചകള്‍
ചിലപ്പോള്‍ തോന്നും 
ഒരു പ്രിന്റ്‌ സ്ക്രീനെടുത്ത്
അരികും മൂലയും ക്രോപ്പ് ചെയ്ത്
വാളില്‍ പോസ്റ്റ്‌ ചെയ്യണമെന്ന്.
ചിലതപ്പാടെ സെലക്റ്റ് ചെയ്ത്
ഡിലീറ്റടിച്ചാലോ എന്നും!

സേവ് ചെയ്തു വെച്ചവ 
ഇടയ്ക്ക് ഓപണാക്കി നോക്കും,
അടുത്ത ഫയലില്‍
തെറ്റ് ആവര്‍ത്തിക്കില്ലെന്നുറപ്പിക്കും.
എന്നിട്ടും
പുതിയവ പിന്നെയും 
പഴയ ഫോള്‍ഡറില്‍ തന്നെ 
സേവ് ചെയ്യപ്പെടും!

മെമ്മറി കുറവാണെന്ന പരാതി 
വളരെ പഴയതാണ്.
ചിലത് മനപൂര്‍വം
ഹൈഡ് ചെയ്തതാണെന്നതും
മറച്ചു വെക്കും.
റീനെയിം ചെയ്തവ 
എനിക്ക് തന്നെ മാറിപ്പോവും.

ചില വൈറസുകളാണ്
ഫോര്‍മാറ്റ് ചെയ്യാനായെന്ന്
ഓര്‍മപ്പെടുത്തുന്നത്.
ഫയലുകള്‍ ഒളിച്ചു കളിച്ചും
പറയാതെ റീസ്റ്റാര്ട്ട് ആയും 
ലക്ഷണങ്ങള്‍ പ്രകടിപ്പിക്കും.
ആന്റീ വയറസുകള്‍
നിസ്സഹായരാവും.
പക്ഷെ,
സോഫ്റ്റ്‌വെയറും ഡ്രൈവറും  
തപ്പിയെടുക്കുമ്പോഴേക്കും 
ഹാര്ഡ് ഡിസ്ക് തന്നെ 
അടിച്ചു പോയിരിക്കും!

ഗ്യാരണ്ടി കാര്‍ഡ് തിരയാന്‍ 
ഇത് കമ്പ്യൂട്ടറല്ലല്ലോ, 
ജീവിതമല്ലേ!

Wednesday, February 20, 2013

പ്രഭാകരന്റെ മകന്‍ബാലചന്ദ്രന്‍ 
നീ പ്രഭാകരന്റെ മകനാണ്. 
പുലിക്കുഞ്ഞ്. 
മരണം ചരടില്‍ കോര്‍ത്ത് 
കഴുത്തില്‍ തൂക്കിയവന്‍ . 
നിന്റെ നോട്ടത്തിലും 
പരിഭ്രമത്തിലുംഞങ്ങളൊരു ഭീകരനെ 
വരഞ്ഞു വെച്ചിട്ടുണ്ട്.  

ബാലചന്ദ്രന്‍

നീ അച്ഛന്‍റെ വഴിയെ
പോകണമെന്നത് 
ഞങ്ങളുടെയും സ്വപ്നമാണ്.
അതിനാലാണ്
മാങ്ങാ ചുന നനവുള്ള
നെഞ്ചിന്‍ നടുവില്‍
പുലിയടയാളം പോലെ
അഞ്ചു കുഴികള്‍ തീര്‍ത്ത്
മരണത്തെ കയറ്റിവിട്ടത്.


ബാലചന്ദ്രന്‍
നീ അറിയുമോ,
മരണപ്പിടച്ചിലില്‍ 
നിന്നില്‍ നിന്നും തെറിച്ചുപോയ 
റൊട്ടിക്കഷണത്തില്‍ 
പകച്ചിരിക്കുന്ന 
ഉറുമ്പിനു നേരെയും 
പൊട്ടാനിരിപ്പുണ്ട്, ഒരു തോക്ക്!

Thursday, February 7, 2013

അമ്മ
'അച്ഛാ'ന്ന് വിളിച്ചു കരഞ്ഞാല്‍ 
ഒറപ്പായും അയല്‍ക്കാര്‍ 
ഓടി വരും.
രാഘവനെന്തോ പറ്റാതെ 
ചെക്കന്‍ കരയില്ലെന്ന് 
ഒറപ്പിക്കും.

'അമ്മേ'ന്ന് അലറിയാല്‍ 
രാഘവന്റെ ചെക്കനെന്തോ 
പറ്റ്യേല്ലോന്ന് നെലോളിക്കും.

അച്ഛനെപ്പോഴും അച്ഛനും 
അമ്മ പലപ്പോഴും നമ്മളുമാവുന്ന 
സൂത്രവാക്യം
അപാരം തന്നെയമ്മേ!

Thursday, January 3, 2013

ആവശ്യമുണ്ട്

ഒരു പുഞ്ചിരി കിട്ടുമോ?
വിഷാദത്തിന് മേലെ
പതിച്ചു വെക്കാനാ.
കള്ളങ്ങളില്‍ നിന്നും 
കടം കൊണ്ട പുഞ്ചിരിയത്രയും
ഒട്ടിയ കവിളിലെ ഉപ്പു പുരണ്ട് 
ഒട്ടാതെ പോയതിനാലാ. 

മീശമുളക്കാത്ത മുഖത്ത് 
സ്ഫടികഗോലി പോലെ 
തിളങ്ങുന്ന,
മയില്‍പീലി പോലെ 
നിറമുള്ള 
ഒന്നുണ്ടായിരുന്നു.
കാലത്തിന്‍റെ
മഷിത്തണ്ടു കൊണ്ടാരോ 
മായ്ച്ചു കളഞ്ഞതിനാലാ.

നിറം മങ്ങിയ 
സ്വപ്നങ്ങളും
നിറം ചേര്‍ക്കാത്ത 
നന്മകളും പകരം തരാം,
കടമായെങ്കിലും
ഒരു പുഞ്ചിരി തരാമോ?

കൂടെയുള്ളവര്‍