Friday, September 19, 2014

വിപ്ലവം ജയിക്കട്ടെ



ഉയിരുണ്ട്, നാവുണ്ട്, നോവുകള്‍ പലതുണ്ട് 
അണയുന്ന തീയ്ക്ക് മേല്‍ ചാരമുണ്ട്. 
ഉയരാതെയമരുന്ന മുഷ്ടികള്‍ വരിയുന്ന
ചങ്ങലക്കെട്ടിനും താളമുണ്ട്.

എരിയുന്ന കനലുകള്‍ കണ്ണിലേക്കേറ്റി നീ
ഉച്ചത്തിലായൊന്നലറി നോക്ക്.
ഇങ്ക്വിലാബിന്റെ മുരള്‍ച്ചയില്‍ കൈയിലെ
ചങ്ങലക്കെട്ടു തകര്‍ത്തു നോക്ക്.  
ഭീതി നിറഞ്ഞൊരാ കണ്ണടച്ചൊന്നു നീ
കുഞ്ഞിക്കരച്ചിലിന് ചെവി കൊടുക്ക്.
ചോരപ്പിടച്ചിലിലെ രോദനം കേള്‍ക്കാത്ത
കാമസീല്‍ക്കാരങ്ങള്‍ കേട്ടു നോക്ക്..
ഉച്ചിയിലെന്നോ പറ്റിപ്പതിഞ്ഞൊരു
ചുംബനം മാഞ്ഞത് കണ്ടു നോക്ക്.
കുഞ്ഞല്ല, പെണ്ണാണ് ചൂടുള്ള മെയ്യാണ്
ഭ്രാന്തിന്റെ പുലയാട്ടറിഞ്ഞു നോക്ക്..
എരിയുന്ന കനലുകള്‍ കണ്ണിലേക്കേറ്റി നീ
ഉച്ചത്തിലായൊന്നലറി നോക്ക്.
ഇങ്ക്വിലാബിന്റെ മുരള്‍ച്ചയില്‍ കൈയിലെ
ചങ്ങലക്കെട്ടു തകര്‍ത്തു നോക്ക്.  

പതിയെ നിന്‍ ചിന്തയില്‍ അധികാര മൂലയിലെ
പല വര്‍ണക്കൊടി ചൂടി നോക്ക്.
അഴിമതിത്തമ്പ്രാന് കോളാമ്പിയേന്തുന്ന
കോരന്റെ നിശ്വാസമേറ്റ് നോക്ക്. 

തമ്പ്രാക്കളവരുടെ ചന്ദനക്കട്ടിലില്‍
തിന്നും കുടിച്ചും മദിച്ചുമിരിക്കുമ്പോള്‍
ചാളയിലൊരു മൂലയില്‍ കാളും വയറുമായ്
കത്തും മനസ്സുമായ് ഒക്കത്തെ കുഞ്ഞിന്ന്
കഞ്ഞി തേടുന്നോരാ 
കോളനിപ്പെണ്ണിനെ ഓര്‍ത്തു നോക്ക്. 

എരിയുന്ന കനലുകള്‍ കണ്ണിലേക്കേറ്റി നീ
ഉച്ചത്തിലായൊന്നലറി നോക്ക്.
ഇങ്ക്വിലാബിന്റെ മുരള്‍ച്ചയില്‍ കൈയിലെ
ചങ്ങലക്കെട്ടു തകര്‍ത്തു നോക്ക്.  

ബന്ധനമുക്തനായ് മുഷ്ടി ചുരുട്ടുവാന്‍
ഇനിയും പരിഭ്രമം കാട്ടിടുന്നോര്‍
പ്രകൃതിയില്‍ പടരുന്ന ഉജ്ജ്വല വിപ്ലവ
ചെഞ്ചോരപ്പുലരികള്‍ കണ്ടു നോക്ക്.

കൂരിരുള്‍ പാളിയില്‍ സ്വര്‍ണം പതിച്ചിട്ട്
സൂര്യാംശു തീര്‍ക്കുന്നതും വിപ്ലവം.
കരിമുകില്‍ ചുണ്ടില്‍ വര്‍ണം ചമയ്ചിട്ട്
മാരിവില്‍ വരയുന്നതും വിപ്ലവം.
മെയ് പോലെയല്ല മനമെന്നറിയിച്ച്
പനിനീരു വിരിയുന്നതും വിപ്ലവം.
ഉള്ളം തുളഞ്ഞിട്ടും താളം പിഴയ്ക്കാതെ
മുളന്തണ്ട് മൂളുന്നതും വിപ്ലവം. 

എരിയുന്ന കനലുകള്‍ കണ്ണിലേക്കേറ്റി നീ
ഉച്ചത്തിലായൊന്നലറി നോക്ക്.
ഇങ്ക്വിലാബിന്റെ മുരള്‍ച്ചയില്‍ കൈയിലെ
ചങ്ങലക്കെട്ടു തകര്‍ത്തു നോക്ക്.  

ഒരു ജനത സ്വയം മാറ്റത്തിനുറയ്ക്കാഞ്ഞാല്‍
ഈശ്വരനവരെ മാറ്റില്ലെന്ന പുണ്യവാക്യം
വിപ്ലവചിന്തയില്‍ അഗ്നികള്‍ തീര്‍ക്കവേ 
വീരചരിത്രങ്ങള്‍ വീണ്ടും മുഴങ്ങവേ
മുഷ്ടി ചുരുട്ടട്ടെ, ഇങ്ക്വിലാബുയരട്ടെ
ബന്ധനക്കോട്ട തകര്‍ന്നിടട്ടെ! 

കൂടെയുള്ളവര്‍