Tuesday, September 27, 2016

ചരമം













അടുത്തിടം വരെ
ചാറ്റിലും
വാളിലും 
ഹായ് ബായ് 
പറഞ്ഞൊരാളുണ്ട്
പത്രത്താളിലെ 
മീസാന്‍കല്ലുകള്‍ക്കിടയില്‍ 
അതേപോലെ
ചിരിക്കുന്നു.
ഹൃദയം കൊണ്ടൊരു 
ഇഷ്ടം കൊടുത്തു 
പിന്നാലെ വന്നേക്കാമെന്ന് 
കമന്റും.

എന്തെളുപ്പത്തിലാണ് 
ഒരു പ്രൊഫൈല്‍ ഫോട്ടോ 
ചരമകോളത്തിലേക്ക് 
മാറ്റിപ്പതിക്കുന്നത്!

Monday, September 19, 2016

ഭാഗം


അവസാന പിടച്ചിനു മുമ്പ്‌
സ്വന്തം നിഴലനക്കം നോക്കി
മക്കളേന്ന് വിളിച്ചിട്ടുണ്ടാവും.
ചുണ്ടിലൊലിച്ച കണ്ണീര്‍
നുണഞ്ഞു നുണഞ്ഞ്
ദാഹം തീര്‍ത്തിട്ടുണ്ടാവും.
'എന്‍റെ കുട്ട്യോള്‍ക്ക്‌
വല്ലതും പറ്റ്യോന്‍റെ ദേവ്യേ'ന്ന്
ആത്മാവിനോട് സങ്കടപ്പെട്ട്
അകക്കണ്ണുകൊണ്ട്
പടിപ്പുരയിലേക്കൊരു നോട്ടമെറിഞ്ഞ്
കണ്ണടച്ചിട്ടുണ്ടാവും.
മരണം വരെ കൂട്ടിരുന്ന
ഏകാന്തത വിളിച്ചു പറയുന്നുണ്ട്,
ഭാഗമെടുപ്പിന്റെ
പിടിവലിക്കൊടുവില്‍
അസ്ഥിപഞ്ജരമെങ്കിലുമവിടെ
ബാക്കിവെച്ചേക്കണമേയെന്ന്!

ഒസ്യത്ത്



ചുട്ടുപൊള്ളുന്ന
പനിക്കാലത്ത്
നീ കുറുക്കിയ
ചുക്കുകാപ്പി കുടിക്കുന്ന
ലാഘവത്തില്‍
മരിച്ചങ്ങു പോണം.

നെറ്റി ചുളിച്ച്
മൂക്ക് പൊത്തി
മരണത്തെയങ്ങു
വലിച്ചു കുടിക്കണം.
മൂക്ക് ചുവപ്പിച്ച്
തല കുടയുമ്പോള്‍
മരണം നെഞ്ചിലൂടെ
പുകഞ്ഞു തുടങ്ങണം.

ഇത്രപെട്ടെന്ന്
തണുത്തുറഞ്ഞല്ലോയെന്ന്
നീ കൈപ്പുറം തഴുകുന്ന
മാര്‍ദവത്തില്‍ 
ഒരു ഇളം ചിരി
ബാക്കിവെക്കണം.
ഒരു രാപ്പനി പോലെയെന്ന്
നീ പോലും കൊതിക്കണം!

മരണമേ



ഒരു കലണ്ടര്‍ താളുകൂടി
ചീന്തിയെറിഞ്ഞ്
പാഞ്ഞു വരികയാണ്.
കായ്ച്ചതും കരിഞ്ഞതും
കണക്കെടുപ്പിന്റെ കോളത്തില്‍
തമ്മില്‍ തല്ലുന്നുണ്ട്.
ഡിജിറ്റല്‍ വാച്ചും
ഹൃദയധമനിയും
ഞാനാദ്യമെന്നു
വാശികാട്ടുന്നുണ്ട്.
അകച്ചുമരിലെ
പുതിയ കലണ്ടറക്കങ്ങളില്‍
ഏതോ ഒന്ന് 
ചുവക്കാനൊരുങ്ങുന്നുണ്ട്.

ചക്രക്കറക്കത്തില്‍
നീര്‍ച്ചാല്‍കയത്തില്‍
വെള്ളമാലാഖമാര്‍ക്ക് നടുവില്‍
ആള്‍ക്കൂട്ടത്തിനിടയില്‍
മരണമേ...
എവിടെയാണെനിക്കുള്ള വാതില്‍
നീ പണിതുവെച്ചത്?

കാക്കച്ചോദ്യം



കഴുകിക്കമഴ്ത്തിയ 

ചോറ്റുകലം കണ്ട് 
കരഞ്ഞു പോയതാണ്. 
അപ്പോഴേക്കുമെന്തിനാണ് 
വിരുന്നുകാരെന്നോര്‍ത്ത്‌ 
കരളില്‍ കനലെരിക്കുന്നത്?

വിരഹം



കേട്ടോ പെണ്ണേ,
തളരാതെ തുഴയെറിയുമ്പോഴും
ഇനിയുമെത്രയെന്ന് 
കടല്‍ദൂരം കാട്ടി 
പേടിപ്പിക്കുന്നുണ്ട്
ദൂരെയൊരു കര.
എത്രയായാലും
നിന്റെ കണ്ണീര്‍ക്കടലോളം
വരില്ലല്ലോയെന്ന്
നെടുവീര്‍പ്പിടുന്നുണ്ട് 
ഞാന്‍.

മൂര്‍ച്ച



വാക്കുകള്‍ മുറിഞ്ഞിരിക്കും
അങ്ങിങ്ങ് ചോര പൊടിയും 
വിരാമം പോലും
ഉള്ളില്‍ തറയ്ക്കും
അര്‍ദ്ധവിരാമങ്ങളില്‍
നെഞ്ചിടിപ്പ്‌ കൂടും.
എങ്ങിനെയാണ് നീ
ഒളിപ്പിച്ചത്
കുരുക്കിനേക്കാള്‍ ബലമുള്ള 
ഈ ആത്മഹത്യാകുറിപ്പ്‌. 

നീതി


പൂമരമേ,
നിന്നോടൊപ്പം 
തളിര്‍ത്തും വളര്‍ന്നും
കായ്ച്ചും പൂത്തും 
വേരൊട്ടി കിടന്നിട്ടും 
എനിക്കിപ്പൊഴും
നിഴലെന്നു പേര്!

ശബ്ദമില്ലാത്തവര്‍ക്ക്



ഒച്ചയില്ലാത്ത കരച്ചിലുകളെക്കാള്‍
കാഴ്ച്ചയെ പൊള്ളിക്കുന്നതായെന്തുണ്ട്?
നിസ്സഹായതയുടെ ഒറ്റമുറിയില്‍
അസ്വസ്ഥതയുടെ അന്ധകാരത്തില്‍ 
കരളിലെ ഉപ്പുകടല്‍ ഇരമ്പിയാര്‍ത്ത് 
കണ്ണുകളില്‍ സുനാമി പടര്‍ന്നവരെ
എങ്ങനെയാണ് ചാടിക്കടക്കുക
അവരുടെ നിശ്വാസകൊടുങ്കാറ്റില്‍
ഉലഞ്ഞുപോവാതിരിക്കുക!
ആയതിനാല്‍ പ്രിയരേ,
ഞാനെന്റെ ശബ്ദം ദാനം ചെയ്യുന്നു
ഉറക്കെ കരയാന്‍ ശബ്ദം ലഭിച്ചവരേക്കാള്‍
ഭാഗ്യവാന്മാരായി ആരുണ്ടാവും.

പ്രണയിനി



ഒരു നോക്ക് കൊണ്ട് 
കനത്തുപോവുന്നത് 
ഒരു വാക്ക് കൊണ്ട് 
പെയ്തുപോവുന്നത് 
ഒരു പുഞ്ചിരി കൊണ്ട്
തോര്‍ന്ന് പൂക്കാലമാവുന്നത് 
നീ!

ജനാധിപത്യകാലത്തെ മാനം ആകാശമാണ്‌



ജിഷാ..
വോട്ടുപെട്ടി തുറക്കും മുമ്പേ
നിന്റെ ഫലം പറയട്ടെ? 
തോറ്റുപോയവരില്‍ 
തന്നെയാണ് നീ. 
തെരഞ്ഞെടുപ്പിനും മുമ്പേ
അറിഞ്ഞിട്ടും പറയാതെ
നിന്റെ മുറ്റത്ത്
കണ്ണീര്‍മഴ പൊഴിച്ചവരില്‍
കാതു കൊടുത്ത്
കാത്തിരുന്നതാണ്.
കുമ്മായം തേക്കാത്ത
ചുമരോട് ചേര്‍ത്ത്
നീ പോറ്റിയ രാത്രിമുല്ല പോലെ
നീതി പൂക്കുമെന്ന്
നോക്കിയിരുന്നതാണ്.
നീതിയിപ്പോഴും
നീ കടം വാങ്ങിയ പുസ്തകത്തില്‍
കണ്ണുമൂടി കിടപ്പാണ്.
നിന്റെ അലറിക്കരച്ചില്‍
കേള്‍ക്കാത്ത
ബധിരതയിലേക്ക്
ഞങ്ങള്‍ വീണ്ടും മടങ്ങിയിരിക്കുന്നു.
ഗദ്ഗദം
ആക്രോശം
ആലിംഗനം
ഒന്നും പാഴായിട്ടില്ല
ഒക്കെയും പെട്ടിയില്‍ സീല്‍ ചെയ്ത്
പട്ടാളക്കാവലിലാണ്.
ജിഷാ,
നാളത്തെ ആരവം കേട്ട്
തെറ്റിദ്ധരിക്കരുത്
നിന്നെ തോല്പിച്ചവരുടെ
ആഘോഷപ്പൂരമാവുമത്.

പോരാളി (മിനിക്കഥ)


ആക്രമണങ്ങള്‍ തുടരുകയാണ്. പത്രകോളങ്ങളിലെ വര്‍ണചിത്രങ്ങളില്‍ ചോരപ്പാടുകള്‍ പടന്നിരിക്കുന്നു. അയാള്‍ ക്ഷുഭിതനായി. "ഇങ്ങനെ വിട്ടാല്‍ പറ്റില്ല. പ്രതികരിക്കണം..". അവള്‍ക്ക് ഭയമായി. അമ്മയും തടയാന്‍ ശ്രമിച്ചു. ആരെയും കൂസാതെ മുറിയിലേക്ക് പാഞ്ഞുപോയ അയാള്‍ 

ലാപ്ടോപ് തുറന്ന് ഫേസ്ബുക്കിലെ പ്രൊഫൈല്‍ ഫോട്ടോ മാറ്റി കരിങ്കൊടി അപ്ലോഡ് ചെയ്തു. 

അപ്പോഴത്തെ  ദീര്‍ഘശ്വാസത്തിന് പ്രാണായാമത്തിന്റെ ശാന്തതയുണ്ടായിരുന്നു.

ശ്രാദ്ധം (മിനിക്കഥ)




പുറത്തു പോവാനിറങ്ങവേ വീട് പൂട്ടാന്‍ മറന്ന അവളെ അയാള്‍ ഓര്‍മിപ്പിച്ചു, 

"അമ്മയില്ലാത്തതാ..."

Sunday, September 11, 2016

നാട്ടിലേക്കൊരു മഴദൂരം













ഞങ്ങള്‍ നാലുപേര്‍ 
ഒറ്റമുറിയില്‍ 
ഒറ്റയ്ക്കോരോ ദ്വീപ്‌ പണിത് 
ഒറ്റയ്ക്കാവുന്നു.
അവന്‍ പേരു മാത്രമറിയാവുന്ന
ആഫ്രിക്കന്‍ മറിയയോട്
ഇതുവരെ കാണാത്ത
കാശ്മീരിനെ വര്‍ണിക്കുന്നു.
ഇവന്‍ മോഹന്‍ലാലിനൊപ്പം
മീശ പിരിക്കുന്നു.
മറ്റവന്‍ എഫ്ബി കൃഷി ഗ്രൂപ്പില്‍
ഇടവിളയായി വെണ്ടയും പയറും
ജൈവകൃഷി ചെയ്യുന്നു.
ഞാന്‍ ദാസേട്ടനോടൊപ്പം നാടു ചുറ്റുന്നു.
പെട്ടെന്ന്
ഞങ്ങളുടെ വാട്സ് ആപ്പ് ഗ്രൂപ്പില്‍
ഒരു മഴത്തുള്ളി ഇറ്റിവീഴുന്നു
അവനും ഇവനും മറ്റവനും
കൂടെ ഞാനും
നാട്ടിലേക്ക് തുഴയെറിയുന്നു
ആരവത്തോടെ തമ്മില്‍ കാണുന്നു,
ഞങ്ങളുടെ മുറിയിലും
മാമ്പഴം പൊഴിയുന്നു.

Monday, January 18, 2016

ജീവനുള്ള നാലു കവിതകള്‍




ജീവിതം
----------
ഉത്തരത്തില്‍ നിന്നും
ചോദ്യം കണ്ടെത്താനാവുന്ന 
കണക്ക്


മനസ്സ്
---------
ആകാശം പ്രതിഫലിപ്പിക്കുന്ന 
പുഴ



പ്രണയം
------------
പൊടിപിടിച്ച 
ഗ്രാമത്തിനു മേല്‍ പെയ്യുന്ന 
മഴ


സൗഹൃദം
------------
സ്കൂള്‍ വിട്ടോടിപ്പോകാനൊരു
നാട്ടുമാവ് 

കൂടെയുള്ളവര്‍