കഴിഞ്ഞ വര്‍ഷത്തെ ഒരു കവിത ഈ ഗ്രഹണത്തിന് വീണ്ടും...
ഓര്‍മയുടെ വേലിയേറ്റമില്ലാത്ത
മറവിയുടെ തീരത്ത്
ഭൂതകാലത്തിന് ബലിയിടുമ്പോള്‍
ഉദയ സൂര്യന് ഗ്രഹണമേറ്റു.
മലയുടെ പച്ചയും
പുഴയുടെ നീലയും
പൂവിന്റെ മഞ്ഞയും ചുവപ്പും
ഊറ്റി കുടിച്ച്, കരിനിഴല്‍ ഛര്‍ദിച്ച്
രാഹു സൂര്യനെ വാരിപ്പുണര്‍ന്നു.
വേര്‍പാടിന്റെ വിങ്ങലിനൊടുവില്‍
കണ്ടുമുട്ടിയ ഇണകളെ പോലെ.
കറുത്ത പാടുകള്‍ ബാക്കി വെക്കാതെ
രാഹു പോയിട്ടും,
ഗ്രഹണം ബാധിച്ച ബലിക്കാക്കയുടെ
ചിറക് തളര്ന്നതറിയാതെ
ചോറുരുള ഒരുക്കി, കൈത്താളമിട്ട്
മടുത്ത്, മരവിച്ച്
വര്‍ത്തമാനത്തില്‍ ഇപ്പൊഴും ഞാന്‍!
...