Wednesday, November 8, 2017

കടലിലേക്കൊരു തിര

കടല് കാണുകയാണ്

ശാന്തമെന്ന് ഭാവിച്ച്
ഉഗ്രത്തിരമാലകളെ
ഗര്‍ഭം ചുമക്കുന്നൊരു 
കരിങ്കടല്‍

കുട്ടികള്‍
കരയിലിരുന്ന് 
കള്ളിയെന്നു 
കളിയെഴുതുമ്പോള്‍ 
കണ്ണീരുകൊണ്ട് 
കള്ളമെന്നു തിരയടിക്കുന്ന
സങ്കടക്കടല്‍

കാഴ്ചവട്ടം നിറയെ
പൊട്ടിച്ചിരികളുടെ
കപ്പലണ്ടി മണങ്ങള്‍
പൊട്ടാതെ ബാക്കിയായ 
കള്ളുകുപ്പികള്‍ 
പുറംകടലില്‍ 
സിന്ദൂരം പടര്‍ത്തി
സൂര്യനൊപ്പം 
ഇരുട്ടിലലിയുന്ന
പെണ്ണുടലുകള്‍
പൊട്ടിയ പട്ടങ്ങളിലെ 
മുത്തുകള്‍, വര്‍ണചരടുകള്‍
ഉപ്പിലിട്ട കിനാവുകള്‍...
കടലോളം വലിയൊരു 
ചരിത്രം എഴുതാനുണ്ടാവും
ഓരോ തീരങ്ങള്‍ക്കും
 
വീടണയുമ്പോള്‍
കടലും കൂടെ പോരും
ഉപ്പിലിട്ടത് പോലെ 
വിയര്‍ക്കും
ഉള്ളിലെ കടല്‍ 
തിരമാലക്കുഞ്ഞിനെ 
പ്രസവിക്കും 

തീരങ്ങളില്‍ ആറാനിടുന്ന 
ജീവിതങ്ങളുടെ 
കണ്ണീരലിഞ്ഞാവണം
കടലിങ്ങനെ ഉപ്പിച്ചു പോയത്.

Tuesday, September 27, 2016

ചരമം













അടുത്തിടം വരെ
ചാറ്റിലും
വാളിലും 
ഹായ് ബായ് 
പറഞ്ഞൊരാളുണ്ട്
പത്രത്താളിലെ 
മീസാന്‍കല്ലുകള്‍ക്കിടയില്‍ 
അതേപോലെ
ചിരിക്കുന്നു.
ഹൃദയം കൊണ്ടൊരു 
ഇഷ്ടം കൊടുത്തു 
പിന്നാലെ വന്നേക്കാമെന്ന് 
കമന്റും.

എന്തെളുപ്പത്തിലാണ് 
ഒരു പ്രൊഫൈല്‍ ഫോട്ടോ 
ചരമകോളത്തിലേക്ക് 
മാറ്റിപ്പതിക്കുന്നത്!

Monday, September 19, 2016

ഭാഗം


അവസാന പിടച്ചിനു മുമ്പ്‌
സ്വന്തം നിഴലനക്കം നോക്കി
മക്കളേന്ന് വിളിച്ചിട്ടുണ്ടാവും.
ചുണ്ടിലൊലിച്ച കണ്ണീര്‍
നുണഞ്ഞു നുണഞ്ഞ്
ദാഹം തീര്‍ത്തിട്ടുണ്ടാവും.
'എന്‍റെ കുട്ട്യോള്‍ക്ക്‌
വല്ലതും പറ്റ്യോന്‍റെ ദേവ്യേ'ന്ന്
ആത്മാവിനോട് സങ്കടപ്പെട്ട്
അകക്കണ്ണുകൊണ്ട്
പടിപ്പുരയിലേക്കൊരു നോട്ടമെറിഞ്ഞ്
കണ്ണടച്ചിട്ടുണ്ടാവും.
മരണം വരെ കൂട്ടിരുന്ന
ഏകാന്തത വിളിച്ചു പറയുന്നുണ്ട്,
ഭാഗമെടുപ്പിന്റെ
പിടിവലിക്കൊടുവില്‍
അസ്ഥിപഞ്ജരമെങ്കിലുമവിടെ
ബാക്കിവെച്ചേക്കണമേയെന്ന്!

ഒസ്യത്ത്



ചുട്ടുപൊള്ളുന്ന
പനിക്കാലത്ത്
നീ കുറുക്കിയ
ചുക്കുകാപ്പി കുടിക്കുന്ന
ലാഘവത്തില്‍
മരിച്ചങ്ങു പോണം.

നെറ്റി ചുളിച്ച്
മൂക്ക് പൊത്തി
മരണത്തെയങ്ങു
വലിച്ചു കുടിക്കണം.
മൂക്ക് ചുവപ്പിച്ച്
തല കുടയുമ്പോള്‍
മരണം നെഞ്ചിലൂടെ
പുകഞ്ഞു തുടങ്ങണം.

ഇത്രപെട്ടെന്ന്
തണുത്തുറഞ്ഞല്ലോയെന്ന്
നീ കൈപ്പുറം തഴുകുന്ന
മാര്‍ദവത്തില്‍ 
ഒരു ഇളം ചിരി
ബാക്കിവെക്കണം.
ഒരു രാപ്പനി പോലെയെന്ന്
നീ പോലും കൊതിക്കണം!

മരണമേ



ഒരു കലണ്ടര്‍ താളുകൂടി
ചീന്തിയെറിഞ്ഞ്
പാഞ്ഞു വരികയാണ്.
കായ്ച്ചതും കരിഞ്ഞതും
കണക്കെടുപ്പിന്റെ കോളത്തില്‍
തമ്മില്‍ തല്ലുന്നുണ്ട്.
ഡിജിറ്റല്‍ വാച്ചും
ഹൃദയധമനിയും
ഞാനാദ്യമെന്നു
വാശികാട്ടുന്നുണ്ട്.
അകച്ചുമരിലെ
പുതിയ കലണ്ടറക്കങ്ങളില്‍
ഏതോ ഒന്ന് 
ചുവക്കാനൊരുങ്ങുന്നുണ്ട്.

ചക്രക്കറക്കത്തില്‍
നീര്‍ച്ചാല്‍കയത്തില്‍
വെള്ളമാലാഖമാര്‍ക്ക് നടുവില്‍
ആള്‍ക്കൂട്ടത്തിനിടയില്‍
മരണമേ...
എവിടെയാണെനിക്കുള്ള വാതില്‍
നീ പണിതുവെച്ചത്?

കാക്കച്ചോദ്യം



കഴുകിക്കമഴ്ത്തിയ 

ചോറ്റുകലം കണ്ട് 
കരഞ്ഞു പോയതാണ്. 
അപ്പോഴേക്കുമെന്തിനാണ് 
വിരുന്നുകാരെന്നോര്‍ത്ത്‌ 
കരളില്‍ കനലെരിക്കുന്നത്?

വിരഹം



കേട്ടോ പെണ്ണേ,
തളരാതെ തുഴയെറിയുമ്പോഴും
ഇനിയുമെത്രയെന്ന് 
കടല്‍ദൂരം കാട്ടി 
പേടിപ്പിക്കുന്നുണ്ട്
ദൂരെയൊരു കര.
എത്രയായാലും
നിന്റെ കണ്ണീര്‍ക്കടലോളം
വരില്ലല്ലോയെന്ന്
നെടുവീര്‍പ്പിടുന്നുണ്ട് 
ഞാന്‍.

മൂര്‍ച്ച



വാക്കുകള്‍ മുറിഞ്ഞിരിക്കും
അങ്ങിങ്ങ് ചോര പൊടിയും 
വിരാമം പോലും
ഉള്ളില്‍ തറയ്ക്കും
അര്‍ദ്ധവിരാമങ്ങളില്‍
നെഞ്ചിടിപ്പ്‌ കൂടും.
എങ്ങിനെയാണ് നീ
ഒളിപ്പിച്ചത്
കുരുക്കിനേക്കാള്‍ ബലമുള്ള 
ഈ ആത്മഹത്യാകുറിപ്പ്‌. 

നീതി


പൂമരമേ,
നിന്നോടൊപ്പം 
തളിര്‍ത്തും വളര്‍ന്നും
കായ്ച്ചും പൂത്തും 
വേരൊട്ടി കിടന്നിട്ടും 
എനിക്കിപ്പൊഴും
നിഴലെന്നു പേര്!

ശബ്ദമില്ലാത്തവര്‍ക്ക്



ഒച്ചയില്ലാത്ത കരച്ചിലുകളെക്കാള്‍
കാഴ്ച്ചയെ പൊള്ളിക്കുന്നതായെന്തുണ്ട്?
നിസ്സഹായതയുടെ ഒറ്റമുറിയില്‍
അസ്വസ്ഥതയുടെ അന്ധകാരത്തില്‍ 
കരളിലെ ഉപ്പുകടല്‍ ഇരമ്പിയാര്‍ത്ത് 
കണ്ണുകളില്‍ സുനാമി പടര്‍ന്നവരെ
എങ്ങനെയാണ് ചാടിക്കടക്കുക
അവരുടെ നിശ്വാസകൊടുങ്കാറ്റില്‍
ഉലഞ്ഞുപോവാതിരിക്കുക!
ആയതിനാല്‍ പ്രിയരേ,
ഞാനെന്റെ ശബ്ദം ദാനം ചെയ്യുന്നു
ഉറക്കെ കരയാന്‍ ശബ്ദം ലഭിച്ചവരേക്കാള്‍
ഭാഗ്യവാന്മാരായി ആരുണ്ടാവും.

പ്രണയിനി



ഒരു നോക്ക് കൊണ്ട് 
കനത്തുപോവുന്നത് 
ഒരു വാക്ക് കൊണ്ട് 
പെയ്തുപോവുന്നത് 
ഒരു പുഞ്ചിരി കൊണ്ട്
തോര്‍ന്ന് പൂക്കാലമാവുന്നത് 
നീ!

ജനാധിപത്യകാലത്തെ മാനം ആകാശമാണ്‌



ജിഷാ..
വോട്ടുപെട്ടി തുറക്കും മുമ്പേ
നിന്റെ ഫലം പറയട്ടെ? 
തോറ്റുപോയവരില്‍ 
തന്നെയാണ് നീ. 
തെരഞ്ഞെടുപ്പിനും മുമ്പേ
അറിഞ്ഞിട്ടും പറയാതെ
നിന്റെ മുറ്റത്ത്
കണ്ണീര്‍മഴ പൊഴിച്ചവരില്‍
കാതു കൊടുത്ത്
കാത്തിരുന്നതാണ്.
കുമ്മായം തേക്കാത്ത
ചുമരോട് ചേര്‍ത്ത്
നീ പോറ്റിയ രാത്രിമുല്ല പോലെ
നീതി പൂക്കുമെന്ന്
നോക്കിയിരുന്നതാണ്.
നീതിയിപ്പോഴും
നീ കടം വാങ്ങിയ പുസ്തകത്തില്‍
കണ്ണുമൂടി കിടപ്പാണ്.
നിന്റെ അലറിക്കരച്ചില്‍
കേള്‍ക്കാത്ത
ബധിരതയിലേക്ക്
ഞങ്ങള്‍ വീണ്ടും മടങ്ങിയിരിക്കുന്നു.
ഗദ്ഗദം
ആക്രോശം
ആലിംഗനം
ഒന്നും പാഴായിട്ടില്ല
ഒക്കെയും പെട്ടിയില്‍ സീല്‍ ചെയ്ത്
പട്ടാളക്കാവലിലാണ്.
ജിഷാ,
നാളത്തെ ആരവം കേട്ട്
തെറ്റിദ്ധരിക്കരുത്
നിന്നെ തോല്പിച്ചവരുടെ
ആഘോഷപ്പൂരമാവുമത്.

പോരാളി (മിനിക്കഥ)


ആക്രമണങ്ങള്‍ തുടരുകയാണ്. പത്രകോളങ്ങളിലെ വര്‍ണചിത്രങ്ങളില്‍ ചോരപ്പാടുകള്‍ പടന്നിരിക്കുന്നു. അയാള്‍ ക്ഷുഭിതനായി. "ഇങ്ങനെ വിട്ടാല്‍ പറ്റില്ല. പ്രതികരിക്കണം..". അവള്‍ക്ക് ഭയമായി. അമ്മയും തടയാന്‍ ശ്രമിച്ചു. ആരെയും കൂസാതെ മുറിയിലേക്ക് പാഞ്ഞുപോയ അയാള്‍ 

ലാപ്ടോപ് തുറന്ന് ഫേസ്ബുക്കിലെ പ്രൊഫൈല്‍ ഫോട്ടോ മാറ്റി കരിങ്കൊടി അപ്ലോഡ് ചെയ്തു. 

അപ്പോഴത്തെ  ദീര്‍ഘശ്വാസത്തിന് പ്രാണായാമത്തിന്റെ ശാന്തതയുണ്ടായിരുന്നു.

ശ്രാദ്ധം (മിനിക്കഥ)




പുറത്തു പോവാനിറങ്ങവേ വീട് പൂട്ടാന്‍ മറന്ന അവളെ അയാള്‍ ഓര്‍മിപ്പിച്ചു, 

"അമ്മയില്ലാത്തതാ..."

Sunday, September 11, 2016

നാട്ടിലേക്കൊരു മഴദൂരം













ഞങ്ങള്‍ നാലുപേര്‍ 
ഒറ്റമുറിയില്‍ 
ഒറ്റയ്ക്കോരോ ദ്വീപ്‌ പണിത് 
ഒറ്റയ്ക്കാവുന്നു.
അവന്‍ പേരു മാത്രമറിയാവുന്ന
ആഫ്രിക്കന്‍ മറിയയോട്
ഇതുവരെ കാണാത്ത
കാശ്മീരിനെ വര്‍ണിക്കുന്നു.
ഇവന്‍ മോഹന്‍ലാലിനൊപ്പം
മീശ പിരിക്കുന്നു.
മറ്റവന്‍ എഫ്ബി കൃഷി ഗ്രൂപ്പില്‍
ഇടവിളയായി വെണ്ടയും പയറും
ജൈവകൃഷി ചെയ്യുന്നു.
ഞാന്‍ ദാസേട്ടനോടൊപ്പം നാടു ചുറ്റുന്നു.
പെട്ടെന്ന്
ഞങ്ങളുടെ വാട്സ് ആപ്പ് ഗ്രൂപ്പില്‍
ഒരു മഴത്തുള്ളി ഇറ്റിവീഴുന്നു
അവനും ഇവനും മറ്റവനും
കൂടെ ഞാനും
നാട്ടിലേക്ക് തുഴയെറിയുന്നു
ആരവത്തോടെ തമ്മില്‍ കാണുന്നു,
ഞങ്ങളുടെ മുറിയിലും
മാമ്പഴം പൊഴിയുന്നു.

Monday, January 18, 2016

ജീവനുള്ള നാലു കവിതകള്‍




ജീവിതം
----------
ഉത്തരത്തില്‍ നിന്നും
ചോദ്യം കണ്ടെത്താനാവുന്ന 
കണക്ക്


മനസ്സ്
---------
ആകാശം പ്രതിഫലിപ്പിക്കുന്ന 
പുഴ



പ്രണയം
------------
പൊടിപിടിച്ച 
ഗ്രാമത്തിനു മേല്‍ പെയ്യുന്ന 
മഴ


സൗഹൃദം
------------
സ്കൂള്‍ വിട്ടോടിപ്പോകാനൊരു
നാട്ടുമാവ് 

Friday, December 18, 2015

തെരുവില്‍ കൊല്ലപ്പെട്ടവന്റെ ഒസ്യത്ത്



















ചങ്ങാതീ

അധികം വൈകാതെ
ഫേസ്ബുക്ക് ചുവരുകളില്‍
ഒരു ചിരി നിന്നെ തേടി വരും
ബ്രേക്കിംഗ് ന്യൂസില്‍ പെട്ട് 
ചതഞ്ഞുപോയൊരു ചിരി
ചാറ്റ് റൂമിലെ കൈവരിയില്‍
പ്രണയവും വിപ്ലവവും പറഞ്ഞ്
പിരിയുമ്പോള്‍ പിറന്ന അതേ ചിരി.
സംശയിക്കേണ്ട, എന്റേത് തന്നെയാണ്.
ഒപ്പം ചോര പുരണ്ടൊരു തോക്കും 
എണ്ണം തികയാത്ത തിരകളും കാണും
ഒറ്റക്കാഴ്ചയില്‍ തന്നെ
സപ്പോര്‍ട്ട് ബീഫ് ഫെസ്റ്റെന്ന
കമന്റ് ഓര്‍ത്തെടുക്കരുത്
ദളിത്‌ വിമോചനമെന്ന കവിതയ്ക്ക് 
വ്യാഖ്യാനമെഴുതരുത്
വാര്‍ത്തയ്ക്കൊരു അടിവര പോലെ 
ഒറ്റക്ലിക്കില്‍ അണ്‍ഫ്രണ്ട് ചെയ്യരുത്.
കണ്ണടച്ചൊന്നു സൂം ചെയ്താല്‍ 
നമ്മുടെ കൈവരിയില്‍
മുള്‍ചെടി പടര്‍ത്തിയവരെ തെളിഞ്ഞു കാണാം
സത്യമായും ചിരി മാത്രമാണെന്റേത്.

മാഷേ 

പത്രക്കടലാസിനൊപ്പം
ആ ചിരിയെ ചുരുട്ടിയെറിയരുത്
ഉറപ്പായും അത് ഞാന്‍ തന്നെയാണ്.
രാജന്‍
പ്രാണേഷ്
അഖ് ലാക്ക്....
പേരെന്ത് വിളിച്ചാലും
ഹാജര്‍ പറഞ്ഞിരുന്ന അതേ ഞാന്‍.
ഇനിയും ഓര്‍മ തെളിഞ്ഞില്ലെങ്കില്‍
കണ്ണടമാറ്റി നെറ്റിചുളിച്ച്
നെഞ്ചിലെ ചോരത്തുളയിലേക്ക്
ഒന്നിറങ്ങിച്ചെന്നാല്‍ മതി
അന്നു ചൊല്ലിയ കവിതയൊരു
കടലായി ഉള്ളില്‍ ഉലയുന്നുണ്ടാവും.

ഉമ്മാ

മരവിച്ച മയ്യിത്ത് കണ്ട്
തകര്‍ന്നുപോവുമെങ്കിലും 
എനിക്കൊപ്പം ചിരിക്കണം
വാടിയ ചിരികളൊക്കെയും
അതുകണ്ട് തളിര്‍ക്കണം
അവര്‍ പതിച്ച ലേബലുകള്‍
പറിച്ചെറിഞ്ഞ് എന്റെ മോനേയെന്ന് 
നെറ്റിയില്‍ മുത്തണം.
പറ്റുമെങ്കില്‍ ഉമ്മാ,
രാജ്യദ്രോഹം ഭയന്ന്
മക്കളുടെ മയ്യിത്ത് കാണാനാവാതെ 
മണ്ണിറങ്ങിപ്പോയവരുടെ മടിയിലായെന്നെ
മറവു ചെയ്യാൻ പറയണം. 

Saturday, September 19, 2015

ഉന്മാദന്‍














അവൂളാക്ക് ഭ്രാന്തായിരുന്നു.

എണ്ണ തൊടാത്ത മുടിയിലും 
നീണ്ടു പെരുത്ത താടിയിലും 
തുളഞ്ഞു കേറി വെട്ടിത്തിരിയുന്ന
നോട്ടത്തിലും 
അവൂള ഭ്രാന്ത്‌ പരസ്യപ്പെടുത്തിയിരുന്നു.

വിരല്‍ മടക്കി എണ്ണം പിടിച്ച് 
ദിക്ര്‍ ചൊല്ലുകയാണ് അവൂളയെന്ന്,
കുത്താന്‍ വന്ന നോട്ടത്തെ 
ഭയന്നു മാറി നടക്കുമ്പോ 
അമ്മദ് മൊയ്‌ല്യാരെ 
മോനാണ് പറഞ്ഞത്.

അങ്ങാടീല്‍ പോവുമ്പോ 
പള്ളീല്‍ പോവുമ്പോ 
സ്കൂളില്‍ പോവുമ്പോ 
ഉമ്മാന്റെ വീട്ടില്‍ 
കൂടാന്‍ പോവുമ്പോ 
അവൂള ദിക്ര്‍ ചൊല്ലുന്നത് 
ഉമ്മാന്റെ വിരല്‍ മുറുകെ പിടിച്ച് 
ചെവിയോര്‍ത്തിട്ടുണ്ട്.

'പെരാന്തന്‍ അവൂള വരുന്നേ'ന്ന്
കുട്ടികള്‍ പേടിച്ചോടിയപ്പോഴും
'ദോഷപ്പണീല് പെട്ടതാ'ന്ന് *
കണാരേട്ടന്‍ സങ്കടപ്പെട്ടപ്പോഴും
അജ്ഞാത ഭാഷയില്‍
ദിക്ര്‍ ചൊല്ലിയും
സൂത്രവാക്യമില്ലാതെ
കണക്ക് കൂട്ടിയും
അങ്ങാടിവട്ടത്തില്‍ 
കിലോമീറ്ററുകള്‍ താണ്ടി 
അവൂള ഭ്രാന്ത്‌ വിളിച്ചുപറഞ്ഞിരുന്നു.

കണ്ണു ചിമ്മി താടി വിറപ്പിക്കുമ്പോള്‍
അവൂള സൂഫിയാകും
അങ്ങാടിയില്‍ കുന്തിരിക്കം മണക്കും
കുഞ്ഞുങ്ങള്‍ മാത്രം നിശബ്ദരാകും
കണ്‍പീലികള്‍ ചിറകുകളാക്കി
അവൂളയെ വലയം ചെയ്യും

ഒന്നു കുളിപ്പിച്ചാല്‍,
കുപ്പായം മാറ്റിയാല്‍ 
അവൂളയുടെ ഭ്രാന്ത്‌ മാറുമെന്ന്
ചിന്തിച്ചവരുടെ ഭ്രാന്തിനെ,
കുപ്പായം കീറിയെറിഞ്ഞു
ചെളിയിലുരുണ്ട് 
അവൂള കളിയാക്കി വിട്ടത്‌
കര്‍ക്കിടം കനത്തതിന്റെ
നാലാം നാളാണ്.

ദിക്റു പുരണ്ട വിരലുകള്‍
നിവര്‍ത്താനാവാത്ത വിധം
ഒട്ടിപ്പോയതും അന്നുതന്നെ.



* മാരണം

Monday, September 14, 2015

മാവേലി



മാവേലിയെന്ന് 
ആദ്യം വിളിച്ചത് 
അമ്മിണി ടീച്ചര്‍. 

ഏറ്റുവിളിച്ചവര്‍, 
കൊട്ടന്‍ചുക്കാദിക്ക് 
കാത്തിരുന്ന് 
മടുത്ത മുത്തശ്ശി. 
പാര്‍ട്ടി യോഗങ്ങളില്‍ 
നേരം പുലര്‍ന്നതിന് 
അവള്‍.
മന്ത്രിയായപ്പോള്‍ 
ജനങ്ങള്‍.

മന്ത്രിയെ കാണാന്‍
ഓണം കൊതിക്കുന്ന 
പ്രജകളെയോര്‍ത്ത്‌  
നാടു തൊടാന്‍ 
ഓണം കാത്തിരിക്കുന്ന 
മാവേലി 
ചിരിക്കുന്നുണ്ടാവും.

Saturday, August 15, 2015

ഇനിയൊന്ന് ഓഫ് ലൈനാവട്ടെ



ഇടയ്ക്കെപ്പോഴെങ്കിലും
ഓഫ് ലൈന്‍ ആവാറുണ്ടോ?

അപ്പോഴാവും 
അയല്പക്കത്തൊരു കുഞ്ഞുവീട്
പൊങ്ങി വരിക.
നഗ്നമായ മേല്‍ക്കൂരയില്‍ 
ഓലയെറിഞ്ഞും 
കോലായയില്‍ കരിമെഴുകിയും 
കുറേപ്പേര്‍ പഴങ്കഥ പറയുക.
നമ്മെ പോലെ മുഖമുള്ള
നമ്മെക്കാള്‍ ചിരിയുള്ള 
അവരൊക്കെയും
എവിടെയായിരുന്നെന്ന് 
ആശ്ചര്യപ്പെടുക.

നോട്ടം 
സൂക്ഷ്മപ്പെടുത്തിയാല്‍,
വീടുകള്‍ക്കിടയിലെ
അതിര്‍ത്തിയില്‍ ഒത്തനടുവില്‍ 
നീണ്ടുവളര്‍ന്നൊരു പ്ലാവുണ്ടാവും
ഇന്ന് ചുള അങ്ങും കുരു ഇങ്ങും 
നാളെ കുരു അങ്ങും ചുള ഇങ്ങും 
ഒറ്റപ്പാത്രത്തില്‍ വേവുകൊള്ളും
പാള വിശറിയില്‍ വേനല്‍ പറക്കും 
പാതിരയായെന്നു പരിതപിക്കും
പൂങ്കോഴിക്കൊപ്പമുണരും.

തൊട്ടു താഴെ
മെലിഞ്ഞൊട്ടിയ പുഴ കൈനീട്ടും
ചെറുസ്പര്‍ശത്താല്‍ നിറഞ്ഞൊഴുകും
വക്കുടഞ്ഞ് പൂതലിച്ച് 
വീഴാനോങ്ങുന്ന മലഞ്ചുവട്ടിലേക്ക് 
നമ്മെ ഒഴുക്കി വിടും 
നോട്ടമേല്‍ക്കുമ്പോഴേക്കും
മല തളിര്‍ത്തു തളിര്‍ത്ത്‌ പച്ചയാവും.

തരിച്ചിരിക്കുമ്പോള്‍
ഒരു പൂമ്പാറ്റ പാറി വരും 
ചിറകു വീശി കാട്ടുപൂക്കളെ കാട്ടും
തൊട്ടാവാടിയില്‍ കാലുരയും
ആട്ടിന്‍ ചൂരില്‍ മുഖം ചുളിയും 
പൂവാലി പെറും, കന്നിനൊപ്പം ഓടും
ഒറ്റക്കൂവലില്‍ പറമ്പ് കളിക്കളമാവും
തൂശനിലയില്‍ പെരുന്നാളുണ്ണും
ഓണനിലാവ് അത്തറ് പൊഴിക്കും. 

ഒരു സ്റ്റാറ്റസിടണം,
എപ്പോഴെങ്കിലുമൊന്ന് 
ഓഫ് ലൈനാകാതെ
എത്ര കാലമാണിനിയും 
സെല്‍ഫിയില്‍ അന്ധരാവുകയെന്ന്!

കൂടെയുള്ളവര്‍