Saturday, August 22, 2009

പൊക്കിള്‍കൊടിയിലെ രക്തം

ഒരു പത്രവാര്‍ത്തയുടെ നൊമ്പരത്തില്‍ നിന്നും പിറന്നത്:

കലങ്ങിച്ചുവന്നെന്‍ കണ്ണിനും
വെന്തടിഞ്ഞ മാംസത്തിനും
അച്ഛന്റെ ചോരയുടെ മണമാണെന്ന്
മറന്നു കളഞ്ഞതാണോ അച്ഛന്‍?
കരച്ചിലിന്‍ പൂമുഖത്തും
ഞാന്‍ ചിരിച്ചല്ലേ ഉള്ളൂ എന്നും?

സ്നേഹം ചുരത്തിയ മുലക്കണ്ണ്
വിശന്നു വിളറിയ ചുണ്ടിലൂടെ
പറിച്ചെറിഞ്ഞപ്പോള്‍
അറിയാതെ കരഞ്ഞു പോയിരിക്കാം.

അല്ലാതെ,
കുഞ്ഞുടുപ്പിലെ വര്‍ണ്ണപ്പൂക്കള്‍
നിറം മങ്ങിയിട്ടും
അമ്മ ബാക്കിവെച്ചു പോയ
കരിമഷിക്കൂടൊഴിഞ്ഞിട്ടും
പരാതി പറഞ്ഞില്ലല്ലോ ഞാന്‍.

ഇടയ്ക്കെപ്പോഴോ
സ്കൂളിലേക്ക് പടിയിറങ്ങുമ്പോള്‍
തല താഴ്ത്തി, കണ്ണുചിമ്മി
കാത്തിരുന്നത് നേര്...
രാസ്നാദിപൊടിയില്‍ ചാലിച്ച
സ്നേഹത്തിന്‍ മുത്തം
മൂര്‍ദ്ധാവില്‍ പകരുന്നതോര്‍ത്തതല്ലാതെ,
പരിഭവമായിരുന്നില്ലല്ലോ അതൊന്നും.

ഭാരമായിരുന്നെങ്കില്‍
ഗര്ഭക്കൂടിലെ പട്ടുമെത്തയില്‍
പാഷാണമൊഴിച്ചെന്നാല്‍
പാലെന്നു കരുതി നൊട്ടിനുണഞ്ഞ്
പരലോകം പൂകിയേനെ ഞാന്‍.

----

Friday, August 14, 2009

കോരന്‍മാരുടെ ആഗസ്റ്റ് 15

കോരന്മാരോട് സ്നേഹപൂര്‍വ്വം:
ഇന്ന് സ്വാതന്ത്ര്യദിനമാണ്...
അരി വാങ്ങാന്‍ കാശില്ലെന്ന് പറഞ്ഞ്
ആരും പായസം കുടിക്കാതിരിക്കരുത്;
കുമ്പിള്‍ ഒരുക്കി വെക്കുക,
പായസവുമായ്‌ ആസിയാന്‍ വരുന്നുണ്ട്.
നാല്‍പ്പത്തിയേഴിലെ പൂമാലയുമായ്‌
വാനരപ്പട പോയിട്ടുണ്ട്;
തോറ്റോടിയവരെ തിരികെ വിളിക്കാന്‍,
തോളിലേറ്റി സ്വര്‍ഗം പണിയാന്‍..!


----

കൂടെയുള്ളവര്‍