Thursday, December 31, 2009
ജനുവരി വിചാരം
ജനാല പഴുതിലൂടെ അരിച്ചെത്തിയ കുളിര്‍ക്കാറ്റിനു മുഖം കൊടുക്കാതെ വാപ്പച്ചി തിരിഞ്ഞു കിടന്നു. ലോകം തണുത്തുറഞ്ഞാലും, വിയര്‍പ്പില്‍ കുളിച്ചാലും തന്റെ ജോലിയില്‍ ഒട്ടും മുഷിപ്പ് കാണിക്കാത്ത കുഞ്ഞേതുമാപ്ല തൊണ്ടപൊട്ടുമാറുച്ചത്തില്‍ ബാങ്ക് വിളിച്ചു.
"അല്ലാഹു അക്ബര്‍... അല്ലാഹു അക്ബര്‍...".
ഇനി വാപ്പച്ചിക്ക് എഴുനേല്‍ക്കാതെ നിവൃത്തിയില്ല. എനിക്കോര്‍മ്മ വെച്ച നാള് മുതല്‍ കണ്ടു വരുന്ന ശീലമാണ്. കുഞ്ഞേതുമാപ്ലയുടെ ബാങ്ക് വിളിയാണ് വാപ്പച്ചിയുടെ അലാറം. എണീറ്റ് പായ ശരിയാക്കി, തലയിണ മുട്ടി നിവര്‍ത്തി നീണ്ടൊരു കോട്ടുവായിട്ട് കുറച്ചു നേരം അവിടെ തന്നെ ഇരിക്കും. പിന്നെ തലകുടഞ്ഞ്, അയലിലിട്ട തോര്‍ത്തിനെ ഇടതു ചുമലിലേക്ക് മാറ്റി പുറത്തേക്കിറങ്ങും.
ബാങ്ക് തീര്‍ന്നു. ഇന്നിതെന്ത് പറ്റി? പതിവു തെറ്റിയത് എന്നെ പോലെ ആയിശ്ത്തയും അറിഞ്ഞു. മുമ്പെപ്പോഴോ ഇങ്ങനെ സംഭവിച്ചത് വാപ്പച്ചിക്ക് പനി പിടിച്ചപ്പോഴായിരുന്നു. കെട്ടിയോനോട് അതിരറ്റ സ്നേഹമുള്ള ആയിശ്ത്ത ഓടിവന്നു.
"ന്റെ റബ്ബേ... എനക്കൊറപ്പാ.... ഇന്നലെ തീര്‍ത്ത് മഞ്ഞും കൊണ്ടതല്ലേ...."
പിന്നെ, കരി പുരണ്ട കൈ മാക്സിയില്‍ തുടച്ച്, വാപ്പച്ചിയുടെ നെറ്റിയില്‍ വിശദമായ പരിശോധന നടത്തി വിധി പറഞ്ഞു.
"ഏയ്... ഞാന്‍ പേടിച്ചു... പനിയൊന്നൂല്ല...., സൊബഹിക്ക് എണീക്കിന്ന ഇങ്ങക്കിതെന്തു പറ്റി?"
"പുതിയ കൊല്ലം തൊടങ്ങേല്ലേ... ഒരു മാറ്റം കെടക്കട്ടെ ആയിശാ.."
വാപ്പച്ചിക്ക് നിസ്സംഗത.
"ഇതായിപ്പം നല്ല കാര്യായെ.... എല്ലാ മനിശ്യംമാരും കൊല്ലം തൊടങ്ങുമ്മം നേരത്തെ ഇണീക്ക്വാ ചെയ്യാ...."
എനിക്ക് ചിരി വന്നു. പക്ഷെ ഞാന്‍ ചിരിച്ചില്ല, പലപ്പോഴും എന്റെ ചിരി ആയിശത്തയുടെ പ്രസ്താവനകള്‍ക്ക് സത്യസന്ധതയുടെ കൈയ്യൊപ്പായി മാറാറുണ്ട്.
വാപ്പച്ചി എഴുന്നേറ്റു... ചുമരില്‍ തൂക്കിയ അനാഥാലയത്തിന്റെ പേരിലുള്ള കലണ്ടറിലെ പുതിയ അക്കങ്ങളില്‍ കണ്ണോടിച്ചു. ഇന്നലെ വരെ കല്യാണവും കുറികല്യാണവും ഓര്‍മ്മിപ്പിച്ചു തന്ന പഴയ കലണ്ടറിലെ അക്കങ്ങള്‍ ജര പിടിച്ച് ചുമരിനോടോട്ടി നില്ക്കുന്നു... ഇനിയവ കീറിയെടുത്ത് പാഠപുസ്തകങ്ങള്‍ക്ക് ആവരണമാക്കാന്‍ മക്കള്‍ അടിപിടി തുടങ്ങും. ഇളയവന് ഇന്നലെ തന്നെ ആദ്യവെടി പൊട്ടിച്ചു കഴിഞ്ഞു.... ഞാന്‍ കേട്ടതാണ്.
"ഞാനല്ലേ ചെറിയ കുട്ടി, അതോണ്ട് എനക്കാ വാപ്പച്ചീ കലണ്ടര്‍.."
ചെറുപ്പം സംവരണത്തിനുള്ള മാനദണ്ഡമാണല്ലോ!!
അവന് ഉള്ള മുറിയില്‍ ഞാന്‍ ധൈര്യപൂര്‍വ്വം കയറി ചെല്ലാറില്ല. ഒരു നാള് അവന്റെ വിരല്‍ത്തുമ്പിന്റെ ദണ്ഡനത്തില്‍ നിന്നും ഭാഗ്യത്തിന് രക്ഷപ്പെട്ടതാണ്.
വാപ്പച്ചി പുറത്തു പോയി വേഗം തിരിച്ചു വന്നു. മുഖത്ത് പതിവു തിളക്കമില്ല. കഅബയുടെ ഫോട്ടോ പതിച്ച ചെറിയ അലമാര തുറന്നു ഡയറി പുറത്തെടുത്തു. ഇന്നെല്ലാം പതിവിനു വിപരീതമാണ്. ഡയറിഎഴുത്തും കണക്കെടുപ്പും സാധാരണ ആഴ്ചയിലൊരിക്കല്‍ രാത്രിയാണ്. ഇതു വാപ്പച്ചി പറഞ്ഞത് സത്യം തന്നെ; പുതുവര്‍ഷത്തില്‍ പുതുജീവിതം... കഴിഞ്ഞ വര്‍ഷത്തിന്റെ ഒന്നാം തിയ്യതി മുതല്‍ പേജുകള്‍ മറിഞ്ഞു... ഇളയ മകന്റെ സുന്നത്ത് കല്യാണം വക, ആയിശ്ത്തയുടെ അനുജത്തിയുടെ മകളുടെ കല്യാണം വക, മൂത്ത മകളുടെ പരീക്ഷാ ഫീസ് വക, യുണിഫോം വക, അടുക്കള ഭാഗത്തെ പൊട്ടിയ ഓടുകള്‍ മാറ്റിവെച്ച വക..... വകകള്‍ നീളുകയാണ്.
അപ്പൊ ഇതാണ് കാര്യം, ഇതു കണക്കെടുപ്പിന്റെ കാലമാണ്. കലണ്ടറിലെ അക്കങ്ങളോട് കലഹിക്കുന്ന കണക്കു ബുക്കിലെ അക്കങ്ങള്‍ വാപ്പച്ചിയുടെ നെഞ്ഞിനകത്ത് നെരിപ്പോടുകള്‍ സൃഷ്ടിച്ചു. പിന്നാമ്പുറത്തെ ചുമരിനോട് ചാരി വെച്ച മണ്‍വെട്ടിക്ക് വെട്ടിമുറിക്കാന്‍ പറ്റാത്ത സംഖ്യാശ്രേണികള്‍ തേങ്ങലായ് പുറത്തു വന്നത് ആയിശ്ത്ത അറിഞ്ഞു.
"ഇങ്ങള് കര്യാ... ന്റെഅല്ലോ... എന്തെല്ലാ ഇന്നു കാണുന്നെ.... എന്നാ പറ്റ്യേന്നെങ്കിലും പറ..."
ഡയറിയുടെ താളുകള്‍ക്കിടയില്‍ നിന്നും ബാങ്ക് നോട്ടീസുകള്‍ പാറി വീണു...വാപ്പച്ചി ആയിശ്ത്തയെ നെഞ്ഞോട് ചേര്‍ത്തു.
"നിന്റെ പൊന്നെങ്കിലും എടുത്ത് തരാന്‍ പറ്റ്യാ മതിയാര്‍ന്നു..."
"എന്താ ഇങ്ങക്ക്... പൊന്നില്ലേല്‍ ഇപ്പെന്താ... ഉയിരോടെ എപ്പോം ന്റെ കൂടെ ഇണ്ടായാല് മതി... എല്ലാം പടച്ചോന് താന്നോളും.."
വാപ്പച്ചി ചിരിച്ചു, ആയിശ്ത്തയും.
കണ്ണ് നിറഞ്ഞെങ്കിലും ഞാനും ചിരിച്ചു... ഉറക്കെ...
"സത്യം, കേട്ടില്ലേ... പല്ലി ചെലച്ച്...!!"
ആയിശ്ത്തയുടെ പ്രസ്താവനക്ക് എന്റെ ചിരി വീണ്ടും സത്യസാകഷ്യമായി.
Subscribe to:
Post Comments (Atom)
25 comments:
വഴിപോക്കാ...
ഒരു തുടക്കക്കാരന്റെ തപ്പിത്തടയലുകള്‍ ഒട്ടുമില്ലാത്ത പോസ്റ്റ്..
വളരെ നന്നായിരിക്കുന്നു..
വഴിപോക്കനെന്ന പേരിനു മറ്റൊരു അവകാശി ഉണ്ടെന്നു അറിഞ്ഞപ്പോഴാണ് 'ശ്രദ്ധേയന്‍' ആയത്. അറിയാതെ പറ്റിയ അബദ്ധത്തിനു മാപ്പ്.
നന്നായിരിക്കുന്നു കെട്ടോ. നേര്‍ക്കാഴ്ചകള്‍
Good, adipoliyayittund,
ellavida aashamsakalum nerunnu.
നന്നായിരിക്കുന്നു. ആശംസകള്‍
നല്ല പോസ്റ്റ്.
ഭാവുകങ്ങൾ!
ശരിക്കും ഇഷ്ടായീട്ടോ ഈ പോസ്റ്റ്. അഭിനന്ദനങ്ങൾ
നല്ല പോസ്റ്റ്
തുടക്കത്തിലെ ലാളിത്യം ഒടുക്കവരെ കാണാന്‍ പറ്റിയില്ല എങ്കിലും കുറ്റ്യാടിക്കാരന്‍ പറഞ്ഞപോലേ തപ്പിതടയലുകളില്ലാത്ത ഒരു നല്ല പോസ്റ്റ്.
കുറ്റ്യാടിക്കാരന്‍: തുറന്ന അഭിപ്രായത്തിന് നന്ദി
ശ്രീ ഹരി: നന്ദി
കാസിം തങ്ങള്‍: ആശംസക്ക് നന്ദി
പാറുക്കുട്ടി: ഭാവുകങ്ങള്‍ക്ക് നന്ദി
ലക്ഷ്മി: ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം
മോനൂസ്: നന്ദി:
ഷൌക്കത്ത്: പറഞ്ഞത് അടി(ഭാഗം)പൊളി ആയിട്ടുണ്ട് എന്നാണോ..? :-) ആശംസക്ക് നന്ദി
ഫായിസ്: വരുന്ന പോസ്റ്റുകള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കാം, അഭിപ്രായം അറിയിച്ചതിനു നന്ദി....
ഈ എഴുത്ത് ഉറപ്പായും ശ്രദ്ധേയം ആകും....!!
വളരെ ഇഷ്ടപ്പെട്ടു... പിന്തുടരാന് തന്നെ തീരുമാനിച്ചു...
ആശംസകള്‍...
nallathu.
നന്നായി.
ഇടക്ക് വരാം. തുടറ്ന്നും എഴുതുക.
ആസംശകൾ....
ശ്രദ്ധിക്കപ്പെടുന്ന പോസ്റ്റ് ആണൂ ട്ടോ ശ്രദ്ധേയാ...
കലക്കീട്ടുണ്ട് ന്തായാലും.
വളരെ ലളിതമാണു ഭാഷ.
എഴുത്ത് തുടരട്ടെ.
പകല്കിനാവാന്: എന്റെ ആദ്യ 'കൂട്ടാളി' ആയതിനു നന്ദി... നിങ്ങളുടെ നാവു പൊന്നാവട്ടെ..!!
രഘു: ഇനിയും വരിക
OAB: പ്രാര്‍ത്ഥനയില്‍ എപ്പോഴുമുണ്ടാവുക
ജിപ്പൂസ്: ഹൃദയം നിറഞ്ഞ വാക്കുകള്‍ക്ക് ഒരായിരം നന്ദി...
നന്നായിരിയ്ക്കുന്നു. വീണ്ടും എഴുതുക
വളരെ നന്നായിരിക്കുന്നു, നല്ല കഥ.
'ജനുവരി വിചാരം' ഈ പുതുവര്‍ഷത്തില്‍ ഒരുക്കല്‍ കൂടി...
അര്‍ത്ഥവത്തായ, വളരെ മനോഹരമായ,
ഒരു കഥ വായിച്ച പ്രതീതി. നന്ദി
വീണ്ടും എഴുതുക.
സ്നേഹപൂര്‍വ്വം
താബു.
പുതുവത്സരാശംസകള്‍.
എഴുത്ത് തുടരുക....
പുതുവത്സരാശംസകൾ.....
"പലപ്പോഴും എന്റെ ചിരി ആയിശത്തയുടെ പ്രസ്താവനകള്‍ക്ക് സത്യസന്ധതയുടെ കൈയ്യൊപ്പായി മാറാറുണ്ട്."
ചില വരികള്‍ ശരിക്കും മനസ്സില്‍ അള്ളിപ്പിടിക്കുന്നുണ്ട്. ജനുവരി വിചാരം എനിക്കിഷ്ടായി.
നവവത്സരാശംസകള്‍.
നന്നായിരിക്കുന്നു
വീണ്ടും ഒരു വായന!
ഒരു കൊല്ലം....!!
എന്താ ഇങ്ങക്ക്... പൊന്നില്ലേല്‍ ഇപ്പെന്താ... ഉയിരോടെ എപ്പോം ന്റെ കൂടെ ഇണ്ടായാല് മതി... എല്ലാം പടച്ചോന് താന്നോളും.."
വാപ്പച്ചി ചിരിച്ചു, ആയിശ്ത്തയും. വാക്കുകള്‍ മനസ്സില്‍ തട്ടുന്നവയാണ്.. സ്നേഹത്തിന്റെ ചെറു സ്പര്ശങ്ങള് .... ഇത് പോലുള്ള പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു
"എന്താ ഇങ്ങക്ക്... പൊന്നില്ലേല്‍ ഇപ്പെന്താ... ഉയിരോടെ എപ്പോം ന്റെ കൂടെ ഇണ്ടായാല് മതി... എല്ലാം പടച്ചോന് താന്നോളും.."
ഇതാണ് മനസ്സില്‍ തട്ടിയ വാക്ക്. ഇതാണ് നാം അറിയേണ്ടതും മനസിലാക്കെണ്ടതും.
ഇഷ്ടായി ഒരുപാട്. കഥ പറയുന്ന പോലെ തോന്നിയില്ല. ചുറ്റുപാടുകള്‍ കണ്ടു വിവരിച്ച പോലെ. അതാണീ കഥയുടെ വിജയവും.
Post a Comment