Saturday, November 22, 2014

രണ്ടു അനാഥ കവിതകള്‍

1

സ്വന്തമായൊരു
പേരിലേക്കെത്തുവാന്‍
ഇനിയുമെത്ര പാളങ്ങള്‍
കള്ളവണ്ടി കയറണം
കഫന്‍പുടവയ്ക്ക് പോലും
തികയാത്ത ജീവിതമേ!
2

നാഥന്‍റെ മുന്നിലിരുന്ന്
എനിക്ക് പേരിടുന്നുണ്ട്
മുന്നേ പോയ
അച്ഛനിലേയും
അമ്മയിലേയും
അ.

വര്‍ണം



പച്ച മുസ്‌ലിമിനും
കാവി സംഘിക്കും
ചുവപ്പ് സഖാവിനും
മഞ്ഞ ദളിതനും
പകുത്തു കൊടുത്തു.
നടുറോട്ടില്‍
അനാഥമായ
കറുപ്പ്
വെള്ള പുതച്ച് കിടന്നു.

പോസ്റ്റ്‌മോര്‍ട്ടം




ജീവിതപ്പരീക്ഷയില്‍
തോല്‍പ്പിക്കപ്പെട്ടവളുടെ
ഉത്തരക്കടലാസിനെയാണ്
ആത്മഹത്യാകുറിപ്പെന്ന്
തെറ്റി വായിക്കുന്നത്
കണ്ണീരു മായ്ച്ച
അക്ഷരങ്ങളെയാണ്
ആത്മഹത്യയെന്നു
വ്യാഖ്യാനിക്കുന്നത്
വിദ്യാഭ്യാസികള്‍ക്ക് നേരെയുള്ള
ചോദ്യചിഹ്നത്തെയാണ്
മരണക്കുരുക്കെന്ന്
സങ്കടപ്പെടുന്നത്

ജീവിതം (ഹൈക്കു)

 
 
 
 
ഞാനും നീയുമെന്ന പാളങ്ങളിലൂടെ
തീവണ്ടിയോട്ടി കളിക്കുന്നു
ജീവിതം!

രണ്ടു കവിതകള്‍



ശഹീദ്
------------

റമദാന്‍ നിലാവില്‍
നക്ഷത്രമെന്ന്
തോന്നിക്കുന്നുണ്ട്
ഗസ്സയിലെ
പള്ളിമിനാരത്തില്‍

ദിക്റ് ചൊല്ലുന്നൊരു
തുളവീണ ചിറകുള്ള
പൂമ്പാറ്റക്കുഞ്ഞ്!

 
യതീം
-----------
അറിവിനും
അന്നത്തിനും
അതിര്‍ത്തി വരച്ച
അക്ഷരപ്രഭുക്കളേ,
ഉപ്പ മരിച്ചന്ന്
മണ്ണപ്പം ചുട്ട
കൈവെള്ള നോക്കി
ഉമ്മയും പറഞ്ഞതാണ്
രേഖയില്ലെന്ന്,
തെളിയാന്‍
വഴിയില്ലെന്ന്. 

നില്‍പ്


നിന്നു നിന്ന്
 വേരിറങ്ങിപ്പോവുമ്പോള്‍
അവരും
തളിര്‍ക്കും
പൂക്കും, കായ്ക്കും

വസന്തത്തെ

‪#‎നില്പുസമരമെന്ന്‬
കാലം വിളിക്കും.

Friday, September 19, 2014

വിപ്ലവം ജയിക്കട്ടെ



ഉയിരുണ്ട്, നാവുണ്ട്, നോവുകള്‍ പലതുണ്ട് 
അണയുന്ന തീയ്ക്ക് മേല്‍ ചാരമുണ്ട്. 
ഉയരാതെയമരുന്ന മുഷ്ടികള്‍ വരിയുന്ന
ചങ്ങലക്കെട്ടിനും താളമുണ്ട്.

എരിയുന്ന കനലുകള്‍ കണ്ണിലേക്കേറ്റി നീ
ഉച്ചത്തിലായൊന്നലറി നോക്ക്.
ഇങ്ക്വിലാബിന്റെ മുരള്‍ച്ചയില്‍ കൈയിലെ
ചങ്ങലക്കെട്ടു തകര്‍ത്തു നോക്ക്.  
ഭീതി നിറഞ്ഞൊരാ കണ്ണടച്ചൊന്നു നീ
കുഞ്ഞിക്കരച്ചിലിന് ചെവി കൊടുക്ക്.
ചോരപ്പിടച്ചിലിലെ രോദനം കേള്‍ക്കാത്ത
കാമസീല്‍ക്കാരങ്ങള്‍ കേട്ടു നോക്ക്..
ഉച്ചിയിലെന്നോ പറ്റിപ്പതിഞ്ഞൊരു
ചുംബനം മാഞ്ഞത് കണ്ടു നോക്ക്.
കുഞ്ഞല്ല, പെണ്ണാണ് ചൂടുള്ള മെയ്യാണ്
ഭ്രാന്തിന്റെ പുലയാട്ടറിഞ്ഞു നോക്ക്..
എരിയുന്ന കനലുകള്‍ കണ്ണിലേക്കേറ്റി നീ
ഉച്ചത്തിലായൊന്നലറി നോക്ക്.
ഇങ്ക്വിലാബിന്റെ മുരള്‍ച്ചയില്‍ കൈയിലെ
ചങ്ങലക്കെട്ടു തകര്‍ത്തു നോക്ക്.  

പതിയെ നിന്‍ ചിന്തയില്‍ അധികാര മൂലയിലെ
പല വര്‍ണക്കൊടി ചൂടി നോക്ക്.
അഴിമതിത്തമ്പ്രാന് കോളാമ്പിയേന്തുന്ന
കോരന്റെ നിശ്വാസമേറ്റ് നോക്ക്. 

തമ്പ്രാക്കളവരുടെ ചന്ദനക്കട്ടിലില്‍
തിന്നും കുടിച്ചും മദിച്ചുമിരിക്കുമ്പോള്‍
ചാളയിലൊരു മൂലയില്‍ കാളും വയറുമായ്
കത്തും മനസ്സുമായ് ഒക്കത്തെ കുഞ്ഞിന്ന്
കഞ്ഞി തേടുന്നോരാ 
കോളനിപ്പെണ്ണിനെ ഓര്‍ത്തു നോക്ക്. 

എരിയുന്ന കനലുകള്‍ കണ്ണിലേക്കേറ്റി നീ
ഉച്ചത്തിലായൊന്നലറി നോക്ക്.
ഇങ്ക്വിലാബിന്റെ മുരള്‍ച്ചയില്‍ കൈയിലെ
ചങ്ങലക്കെട്ടു തകര്‍ത്തു നോക്ക്.  

ബന്ധനമുക്തനായ് മുഷ്ടി ചുരുട്ടുവാന്‍
ഇനിയും പരിഭ്രമം കാട്ടിടുന്നോര്‍
പ്രകൃതിയില്‍ പടരുന്ന ഉജ്ജ്വല വിപ്ലവ
ചെഞ്ചോരപ്പുലരികള്‍ കണ്ടു നോക്ക്.

കൂരിരുള്‍ പാളിയില്‍ സ്വര്‍ണം പതിച്ചിട്ട്
സൂര്യാംശു തീര്‍ക്കുന്നതും വിപ്ലവം.
കരിമുകില്‍ ചുണ്ടില്‍ വര്‍ണം ചമയ്ചിട്ട്
മാരിവില്‍ വരയുന്നതും വിപ്ലവം.
മെയ് പോലെയല്ല മനമെന്നറിയിച്ച്
പനിനീരു വിരിയുന്നതും വിപ്ലവം.
ഉള്ളം തുളഞ്ഞിട്ടും താളം പിഴയ്ക്കാതെ
മുളന്തണ്ട് മൂളുന്നതും വിപ്ലവം. 

എരിയുന്ന കനലുകള്‍ കണ്ണിലേക്കേറ്റി നീ
ഉച്ചത്തിലായൊന്നലറി നോക്ക്.
ഇങ്ക്വിലാബിന്റെ മുരള്‍ച്ചയില്‍ കൈയിലെ
ചങ്ങലക്കെട്ടു തകര്‍ത്തു നോക്ക്.  

ഒരു ജനത സ്വയം മാറ്റത്തിനുറയ്ക്കാഞ്ഞാല്‍
ഈശ്വരനവരെ മാറ്റില്ലെന്ന പുണ്യവാക്യം
വിപ്ലവചിന്തയില്‍ അഗ്നികള്‍ തീര്‍ക്കവേ 
വീരചരിത്രങ്ങള്‍ വീണ്ടും മുഴങ്ങവേ
മുഷ്ടി ചുരുട്ടട്ടെ, ഇങ്ക്വിലാബുയരട്ടെ
ബന്ധനക്കോട്ട തകര്‍ന്നിടട്ടെ! 

കൂടെയുള്ളവര്‍