Monday, June 7, 2010
ബാച്ചിലര്‍ റൂം
തെക്കനും വടക്കനുമുണ്ട്,
ഇടയിലെവിടെയൊക്കെയോ
തെക്കും വടക്കുമില്ലാത്ത ഞാനും.
അപ്പി തെക്കന്‍ കൂട്ടാവുമ്പോള്
വടക്കന്‍ മൂക്കുപിടിച്ച് അറച്ചങ്ങനെ.
പത്തല് അന്നമായും വടിയായും
വടക്കും തെക്കും തര്‍ക്കിക്കുമ്പോള്‍
എന്റെ ചിരി അതിര്‍ത്തി ഭേദിച്ച്
തെക്കുവടക്ക് പടര്‍ന്ന്
ചിരിച്ചു ചിരിച്ച് കണ്ണ് നിറഞ്ഞ്
പുതപ്പിനടിയില്‍ വിറച്ചു വിറച്ചങ്ങനെ!
മനസ്സ് ചൊരിഞ്ഞ ഉപ്പുനീര് കുടിച്ചു വീര്‍ത്ത
തലയിണക്കടിയില്‍ മിസ്സ്ഡ് കോളായും
മെസേജായും പരിഭവങ്ങളുടെ ഞരക്കം.
ഉറങ്ങാതെ ഉറങ്ങിയ കണ്ണ് നിറയെ
തൊടാതെ തൊട്ട പൈതലിന്റെ കുസൃതി.
ഉരുള വാരിക്കൊടുത്ത കൈവിരലില്‍
പാല്‍പല്ലിന്‍ കടിയേറ്റ പുഞ്ചിരി,
വിരഹത്തിനൊടുവില്‍ മരവിച്ചു പോയ
കലങ്ങിയ കണ്ണിന്റെ ചുവന്ന നോട്ടം.
കട്ടിലിന്റെ ഞരക്കവും കൂര്‍ക്കം വലിയും
ഏസിയുടെ കുളിര്‍ത്ത സീല്ക്കാരവും
ഉറക്കമില്ലാത്തവരുടെ തേങ്ങലും
തെക്കും വടക്കുമില്ലാതെ
തമ്മിലറിഞ്ഞ് ഒരൊറ്റ ഭാഷയായ്
ഒരു രാവു കൂടി പുലര്ന്നതറിയാന്
അലാറവും കാത്ത് മിഴിയടച്ചങ്ങനെ.
കവിത പാഥേയത്തില്‍ വായിക്കുമല്ലോ.
Subscribe to:
Post Comments (Atom)
3 comments:
വായിക്കുന്നു ശ്രദ്ധേയൻ.
Good Thoughts!
Thanks for sharing this with us.
ഞാന്‍ തെക്കനല്ല .. വടക്കനും അല്ല.. അപ്പോള്‍ പിന്നെ എന്താ എന്നെയും പറയുക?
Post a Comment