Saturday, June 19, 2010

കളിയെഴുത്ത്


മഞ്ഞയും നീലയും ചുവപ്പും ജേഴ്സികള്‍
ഭൂപടത്തിലെ അതിര്‍ത്തികളെ മായ്ക്കുന്നതിനാലാവാം,
വിണ്ടുകീറിയ വിയര്‍പ്പുനിലത്തില്‍ നിന്നും
ഈന്തപ്പന തണലിലേക്ക്‌ ഫ്രീകിക്കെടുക്കുമ്പോള്‍
വിരലൊടിഞ്ഞു പോയ ഷുക്കൂറലി 'മെസ്സി'യാവുന്നതും,
അമ്മക്കവിളിലെ കണ്ണീര്‍രേഖയില്‍ നിന്നും
ഹോസ്പിറ്റല്‍ കോമ്പൌണ്ടിന് വെളിയിലേക്കുള്ള
ലോങ്ങ്‌ ത്രോയില്‍ ഫൗള്‍ പിണഞ്ഞ
മനോജ്‌ കുമാര്‍ 'കക്ക'യാവുന്നതും,
ദീര്‍ഘനിശ്വാസങ്ങള്‍ കൊണ്ട്
വുവുസേല തീര്‍ത്ത്
ഒരു ഗ്രാമം തന്നെ ആഫ്രിക്കയാവുന്നതും!

ദേശവും വേഷവും ഭാഷയും ചവിട്ടി തെറിപ്പിച്ച്,
വായുവില്‍ കുതിച്ചുയര്‍ന്ന് കരണം മറിഞ്ഞ്
വര്‍ഗവും വര്‍ണവും കുത്തിയകറ്റി
വെളിച്ചം പകര്‍ന്ന മൈതാനത്ത്
ഇടങ്കാലന്‍ കോര്‍ണര്‍ കിക്കുകള്‍
പ്രതിരോധ കോട്ടകളെ തകര്‍ക്കുന്ന പോലെ
മനസ്സിനകത്തെ അതിര്‍ത്തിക്കെട്ടുകളും
തകര്‍ത്തതിനാലാവാം,
ത്രിവര്‍ണത്തെ ഏകവര്‍ണം വിഴുങ്ങിയത്
അപരാധമാവാതെ പോയതും.

അല്ലെങ്കിലും
വേട്ടയാടി മൂലയിലൊതുക്കപ്പെടാന്‍
ഫുട്ബോളിന് ഒരു മൂല പോലുമില്ലല്ലോ!

മെയ്യൂക്കിന്റെ ചതിക്കളങ്ങളില്‍,
തൊടുത്തു വിടുന്ന ഷോട്ടുകള്‍
ക്രോസ് ബാറില്‍ തട്ടി മടങ്ങുന്ന ജീവിതങ്ങള്‍ക്ക്
സമനില പിടിക്കാനെങ്കിലുമൊരു കളി
കാത്തിരിക്കാതെ വയ്യല്ലോ!

15 comments:

ശ്രദ്ധേയന്‍ | shradheyan said...

ഫുട്ബോള്‍ പോലെ ഉരുണ്ടു പോയ ചില ചിന്തകള്‍.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

മൂലയില്ലാത്ത ഫുട്ബോളും ഒരുകാലത്ത്‌ 'ഏകവര്‍ണ്ണം' ആകില്ലെന്നാരു കണ്ടു ?
കളിയല്ല കളിക്കുശേഷമുള്ള വിധിനിര്‍ണയം കാത്തിരിക്കാം..

Anonymous said...

കളിയുടെ ഭ്രാന്തു തലക്കു പിടിച്ച കുറെ ആളുകൽ ഇപ്പൊ തന്നെ പലരുടെയും തലയൊക്കെ മൊട്ടയായി തുടങ്ങി .. വിധിനിർണ്ണയം കഴിഞ്ഞു കാണാം ..ബാക്കി അല്ലെ ..ആശംസകൾ

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഒരു ഫ്രീ കിക്ക്...

ബഷീർ said...

>>....ത്രിവര്‍ണത്തെ ഏകവര്‍ണം വിഴുങ്ങിയത്
അപരാധമാവാതെ പോയതും<<

അപരാധങ്ങൾ അപദാനങ്ങളായി വാഴ്ത്തപ്പെടുകയാണല്ലോ തെരുവുകളായ തെരുവുകളെങ്ങും.

ബഷീർ said...

കവിത നന്നായിട്ടുണ്ട്.

ഫുഡ്ബോളിനു മൂലയില്ലെന്ന കണ്ടു പിടുത്തവും നന്നായി :)

Anonymous said...

അല്ലെങ്കിലും
വേട്ടയാടി മൂലയിലൊതുക്കപ്പെടാന്‍
ഫുട്ബോളിന് ഒരു മൂല പോലുമില്ലല്ലോ

:)

Sona G

CKLatheef said...

വരികള്‍ക്ക് ഒരു ദാര്‍ശനിക ഭാവം. നന്നായിരിക്കുന്നു. ലോകത്തിന്റെ അതിര്‍ത്തികള്‍ അപ്രസക്തമാകുന്ന ലോകൈക സാഹോദര്യത്തിന് ഈ കളി കാരണമാകുമെങ്കില്‍ നമ്മുക്ക് അതിനെ എന്തിന് സ്‌നേഹിക്കാതിരിക്കണം. പ്രേമം ഭ്രാന്തായി മാറരുതെന്ന് നമ്മുക്ക് തീരുമാനമെടുക്കാം.

ശ്രദ്ധേയന്‍ | shradheyan said...

ഇസ്മായില്‍ കുറുമ്പടി ( തണല്‍): ഐക്യത്തിന്റെ ഏകതയെ നമുക്ക് കാതോര്‍ക്കാം. നന്ദി ഇസ്മയില്‍ ഭായ്.

ഉമ്മുഅമ്മാർ: ആവേശം ഭ്രാന്തമാവാതിരിക്കട്ടെ, അല്ലെ? നന്ദി ഉമ്മു അമ്മാര്‍.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്: ഞാന്‍ ഗോളിയെ കബളിപ്പിച്ചു ല്ലേ രാമു, സോറി :) വായനയ്ക്ക് നന്ദി..

ബഷീര്‍ പി.ബി.വെള്ളറക്കാട്‌: ഇനി മൂലയുണ്ടോ..? ഏയ്‌..!! :) നന്ദി ബഷീര്‍ സാബ്

Sona G : നീയെന്താടോ അനോണിയായി? :) വായനയ്ക്ക് നന്ദി.

CKLatheef : തീച്ചയായും. അതിരുകള്‍ മായ്ക്കുന്ന മാധ്യമങ്ങളെ സ്നേഹിക്കാതെങ്ങനെ! ദേശീയതയെ മറന്നു എന്ന പഴി കേള്‍ക്കില്ലെന്ന ഉറപ്പാണ് നമ്മെ കൊണ്ടും വുവുസേല ഊതിക്കുന്നത്. വിലയിരുത്തലിനു നന്ദി.

jayanEvoor said...

കൊള്ളാം. നല്ല വീക്ഷണം.

ജീവിതം ഒരു ഫുട്ട്ബോൾ കളി പോലെയാണ്.

മനോഹരമായ പദചലനങ്ങളിലൂടെ മുന്നേറുമ്പോൾ
നിങ്ങൾക്ക് പിൻ തുണയ്ക്കായി പത്തുപേർ ഉണ്ടാകും എന്നത് അഹങ്കാരമുണർത്താതിരിക്കട്ടെ.

കാരണം കയ്യൂക്കും നെഞ്ചൂക്കും കാട്ടി പതിനൊന്നു പേർ എതിരിടാനുണ്ടാവും.

കാൽ വച്ചു വീഴ്ത്താനും, ചുമലിലിടിക്കാനും തള്ളിയിടാനും അവർ ശ്രമിച്ചു കൊണ്ടിരിക്കും!

ഒറ്റയാൾ നീക്കത്തിലൂടെ വല്ലപ്പോഴും നിങ്ങൾക്കൊരു ജയം കൈപ്പിടിയിലൊതുക്കാൻ കഴിഞ്ഞേക്കാം.

എന്നാൽ അതൊരു യാദൃച്ഛികത മാത്രം!

കാൽ‌പ്പന്തുകളി പോലെ മനോഹരമായി മറ്റെന്തുണ്ട്!?

Manoraj said...

ജീവിതം ഫുട് ബാൾ പോലെയോ അതോ ചെസ്സ് പോലെയോ.. ഏതായാലും ഒരു കോർണർ കിക്കെടുത്തിട്ട് പോവാം.. കുറേ നാളായി നല്ല കളികൾ കണ്ടിട്ട്..

Anil cheleri kumaran said...

ക്രോസ് ബാറില്‍ തട്ടി മടങ്ങുന്ന ജീവിതങ്ങള്‍ക്ക്
സമനില പിടിക്കാനെങ്കിലുമൊരു കളി
കാത്തിരിക്കാതെ വയ്യല്ലോ!

:(

വഴിപോക്കന്‍ | YK said...

എവിടെയൊക്കെയോ തട്ടുന്ന ചിന്തകള്‍ മനോഹരമായ വരികളില്‍ വരച്ചിരിക്കുന്നു.
എന്റെ നാട്ടുകാരന്‍ എന്ന് പറയാവുന്ന ഒരു ദാര്‍ശനികന്‍ ഉയര്‍ന്നു വരുന്നതില്‍, ശ്രദ്ധെയാ എനിക്ക് അഭിമാനം തോന്നുന്നു.
അംബാനി കൈ വെക്കുന്ന ബിസിനസ്‌ പോലെ താങ്കള്‍ കരിനാക്ക് വളച്ചു എന്തെഴുതിയാലും (ഇനി നാക്ക് കൊണ്ടാണോ എഴുതുക എന്നൊന്നും ചോദിച്ചേക്കരുത്) അതു വായനക്കാര്‍ക്ക് അമൃതാവുന്നു.
ആശംസകള്‍.

Unknown said...

നല്ല ചിന്തകള്‍

ശ്രദ്ധേയന്‍ | shradheyan said...

jayanEvoor : വിശദവായനയ്ക്കും വിലയിരുത്തലിനും നന്ദി.

മനോരാജ് : ചെസ്സും പാമ്പും കോണിയും... ഇത് വല്ലാത്ത സാധനം തന്നെ :) നന്ദി.

കുമാരന്‍ | kumaran : നന്ദി കുമാര്‍ജീ.

വഴിപോക്കന്‍ : നന്ദി. എന്റെ നാട്ടുകാരാ, എന്നെ പുകഴ്ത്തി കൊന്നു :) നമുക്ക് നേരില്‍ കാണണം. ഇമെയില്‍ വഴി ഒന്ന് ബന്ധപ്പെടുമോ?

സഗീര്‍ ഭായ് : വായനയ്ക്കും
നല്ല വാക്കിനും നന്ദി.

കൂടെയുള്ളവര്‍