Monday, June 27, 2011

നീ തന്നെയിപ്പൊഴും! (ഗസല്‍ 2)ധനുമാസ പുലരിമഞ്ഞില്‍

കണിയൊരുക്കും മുല്ലയോട്
കാറ്റു തേടി തൂമിഴികള്‍ നിറയുവതെന്തേ..
നിന്‍ - ചൊടിയഴകില്‍
ശോകഭാവം വിരിയുവതെന്തേ...

പാ
ട്ടു മൂളി കൂട്ടു വന്ന മധുപനവന്‍ കാമുകന്‍
മനം കവര്‍ന്നു മധു നുകര്‍ന്ന് പോയതിനാലോ
അതോ - ഏഴഴകിന്‍ മാരിവില്ല് മാഞ്ഞതിനാലോ...

(ധനുമാസ പുലരിമഞ്ഞില്‍ ..)

പൂനിലാവ് പാല്‍പൊഴിച്ച പ്രണയരാവിലിന്നലെ
രാക്കിളിതന്‍ വിരഹഗാനം കേട്ടതിനാലോ
അതോ - പാഴിലകള്‍ വല്ലി വിട്ടൊഴിഞ്ഞതിനാലോ...

(ധനുമാസ പുലരിമഞ്ഞില്‍ ..)

Monday, June 13, 2011

നീ തന്നെയിപ്പൊഴും! (ഗസല്‍)
മാരുതന്‍ പാടുന്നുവോ...
മന്ദമാരുതന്‍ പാടുന്നുവോ...
നിന്മുടിയിഴകളില്‍
തമ്പുരു മീട്ടി
മാരുതന്‍ പാടുന്നുവോ - സഖീ
ഓര്‍മ്മകള്‍ തേങ്ങുന്നുവോ..


പോക്കിളം വെയില് ചുവപ്പിച്ച പൂമുഖം
വാടാതെ കാത്തിടാമെന്നെന്‍ മനോഗതം
അറിയാതെ പോയി നീ...
കാണാതെ പോയി നീ...
പുറമെ ചിരിച്ചവര്‍ ഒളിപ്പിച്ച പൊയ്മുഖം
പുറമെ ചിരിച്ചവര്‍ ഒളിപ്പിച്ച പൊയ്മുഖം

മാരുതന്‍ പാടുന്നുവോ...
മന്ദമാരുതന്‍ പാടുന്നുവോ...
നിന്മുടിയിഴകളില്‍
തമ്പുരു മീട്ടി
മാരുതന്‍ പാടുന്നുവോ - സഖീ
ഓര്‍മ്മകള്‍ തേങ്ങുന്നുവോ...

ഉള്ളം പിളര്‍ന്നാഴം തേടിയ അളവുകോല്‍
ഉള്ളവനെ തേടി നീയും പറന്നു പോയ്‌
നീറിപ്പുകഞ്ഞു ഞാന്‍....
വാടിക്കരിഞ്ഞു ഞാന്‍...
പൂക്കാതെ പോയൊരാ പൂമരച്ചില്ല പോല്‍
പൂക്കാതെ പോയൊരാ പൂമരച്ചില്ല പോല്‍

മാരുതന്‍ പാടുന്നുവോ...
മന്ദമാരുതന്‍ പാടുന്നുവോ...
നിന്മുടിയിഴകളില്‍
തമ്പുരു മീട്ടി
മാരുതന്‍ പാടുന്നുവോ - സഖീ
ഓര്‍മ്മകള്‍ തേങ്ങുന്നുവോ...


---------------------------------------
സംഗീതം, ആലാപനം : സുഹൈല്‍ ചെറുവാടി


Wednesday, June 1, 2011

സൈക്കിള്‍ യജ്ഞക്കാരന്‍
കുഞ്ഞുചുണ്ടിലെ
ദാഹം കെടുത്താന്‍
ദൈന്യത പകര്‍ന്ന്
താരാട്ട് മൂളുന്നൊരമ്മയുടെ
നിസ്സഹായതയെ
വലംവെച്ചാണ്
കളി തുടങ്ങിയത്.

നേര് ചൂണ്ടിയ
അമ്മവിരലിലൂടെ
നേരെ ചെന്നാലെത്തുന്നിടം 
സ്കൂള്‍ പറമ്പാണ്.

കൊതിവെള്ളം നനഞ്ഞ
ചെരിഞ്ഞ നോട്ടത്തില്‍,
മതില്കെട്ടിനു പുറത്തെ
ചിതലരിച്ച
നിരപ്പലകക്കിടയിലെ
വക്ക് പൊട്ടിയ
ഉപ്പുമാങ്ങ ഭരണി‍ക്കപ്പുറം
മൊയ്തീന്‍ മാപ്ലയുടെ
ചിരി കാണാം.

ബലൂണും പീപ്പിയും
ചേര്‍ത്തൊരു
വാദ്യമേളം,
ഒറ്റച്ചക്രത്തിലെ വട്ടക്കറക്കം.
ഉച്ചക്കഞ്ഞിക്കൊപ്പം
ഭിക്ഷ കിട്ടിയ
അക്ഷരപ്പൊട്ടുകള്‍കാത്തുവെച്ചിട്ടുണ്ടിപ്പൊഴും.

കുന്നിറങ്ങിയാല്‍
വയലിനപ്പുറം
വെയിലു തിന്ന്
പനിച്ചിരിപ്പുണ്ടാവും,
അലക്ക് കല്ലില്‍
ഉരഞ്ഞുരഞ്ഞ്
നിറംകെട്ടു പോയൊരു ജീവിതം .
ഈണത്തിലൊരു
മണിയടി മതിയാവും  
നാണച്ചുവപ്പിലൊരു
മഴ പൊഴിയാനും
ഗദ്ഗദമായത്
തോര്‍ന്നൊഴിയാനും!
 
ഇനിയുള്ളത്
അങ്ങാടിയാണ്.
ഒറ്റക്കമ്പിയിലെ നടത്തവും
ചില്ലുടച്ചു ചോര ചിന്തലും
എത്ര കണ്ടിരിക്കുന്നെവെന്ന
ഭാവമാണ്!

ചങ്കുപിളരുന്ന
വേദനയിലും
ചിരിച്ചു കാട്ടി
ചില്ല് കഷണങ്ങള്‍ തന്നെ
തിന്നു കാണിക്കും.
വന്നു വീഴുന്ന
നാണയത്തുട്ടുകളില്‍
സഹതാപം
ഒട്ടിപ്പിടിച്ചിരിക്കും.

പിന്നെ മടക്കമാണ്.
പോരുംവഴി
മരുന്ന് മണക്കുന്ന
ആശുപത്രി വളപ്പിലേക്ക്
ഒന്നെത്തിനോക്കും.
നിരത്തിയിട്ട
വെള്ള പുതച്ച
മരണവണ്ടികള്‍
കാണുമ്പോള്‍ മുഖം തിരിക്കും.

ജീവിതത്തിന്റെ
കണ്ണാടിയെഴുത്തിനെ
മരണമെന്ന്
വായിക്കാന്‍ പാകത്തില്‍
പതിച്ചു വെച്ച,
ചുവന്ന കൊമ്പുള്ള
വണ്ടിയൊന്നില്‍
എനിക്കായൊരിടം
കാത്തുകിടപ്പുണ്ടാവുമെന്നത്
മറന്നു കളയും!

സങ്കടമുറഞ്ഞ 
മഴമേഘത്തണലിലൂടെ
ആഞ്ഞാഞ്ഞു ചവുട്ടിയാലും
വഴിദൂരമത്രയും
ചോദ്യചിഹ്നം കണക്കെ
ബാക്കി കിടക്കും! 

കൂടെയുള്ളവര്‍