രാരീരം പാടുവാന്‍ അമ്മയില്‍ പാട്ടില്ല
ഉണ്ണീ കരയാതുറങ്ങ്,
ദുഃഖം ചുരത്തുന്ന മാറിടം പുല്‍കി നീ
രാവ് പുലരാനുറങ്ങ് .
താരാട്ടു തൊട്ടിലില്‍ ആട്ടിയുറക്കുവാന്‍
'ഓമനത്തിങ്കള്‍ കിടാവൊ'ന്നു പാടുവാന്‍
അക്ഷരപ്പൂക്കളാല്‍ തൂക്കം നടത്തുവാന്‍
അമ്മയ്ക്ക് കൊതിയെത്രയുണ്ണീ.
അമ്മിഞ്ഞ നല്‍കുവാന്‍ പൂതിയില്ലാഞ്ഞല്ല
അമ്മയ്ക്ക് വയ്യെന്റെ ഉണ്ണീ .
നാക്കിലപന്തിയില്‍ അന്നം തിരയേണ്ട
അന്യരല്ലേ നമ്മള്‍ മണ്ണില്‍!
ഭ്രഷ്ടെന്ന വാക്കിലും അര്‍ത്ഥം തികയാതെ
പുതുവാക്ക് തേടുന്ന ലോകം
ആട്ടിയകറ്റുവാന്‍ പെറ്റിട്ടു പോയതില്‍
മാപ്പ് തന്നീടുക ഉണ്ണീ.
നമ്മെ തഴുകുന്ന കാറ്റു പോലും
നൂറാറ്റില്‍ കുളിക്കേണമുണ്ണീ .
നമ്മെ കുളിപ്പിക്കും വെണ്ണിലാവും
നാളെ ആകാശഗംഗയില്‍ മുങ്ങും!
കാമാര്‍ത്തിക്കണ്ണുകള്‍ നോക്കിപ്പഴുപ്പിച്ച
കൌമാരമമ്മയില്‍ വാടിക്കൊഴിയവേ
വിത്തുവിതച്ചിട്ടു കൊയ്യാതെ പോയവന്
മുഖമില്ല മനമില്ല ഉണ്ണീ!
പാടുവാന്‍ പാട്ടൊന്നു മൂളിവെച്ചേക്കുക
നാളേയ്ക്കു വേണ്ടി നീ ഉണ്ണീ .
പട്ടിണിപ്പള്ളയില്‍ താളം പിടിക്കുക
രാഗം വിരിയട്ടെയുള്ളില്‍.
രാരീരം പാടുവാന്‍ അമ്മയില്‍ പാട്ടില്ല
ഉണ്ണീ കരയാതുറങ്ങ്,
ദുഃഖം ചുരത്തുന്ന മാറിടം പുല്‍കി നീ
രാവ് പുലരാനുറങ്ങ്
________________
oil paint : Amanda Greavette
27 comments:
ഒരു താരാട്ട് പാട്ട്!
ഇത് താരാട്ടുപാട്ടല്ല; കരളുരുകി കരഞ്ഞു പാടുന്ന കദനകഥയാണ്.കാലം മായ്ക്കാത്ത കണ്ണീരിന്‍റെ കഥ!
'തെരുവുപട്ടികള്‍' കുരച്ചുകൊണ്ടിരിക്കട്ടെ !നമുക്ക് ചന്ദ്രനില്‍ വെള്ളമുണ്ടോ എന്ന് തിരക്കാം.
ഒരമ്മയുടെ നൊമ്പരങ്ങള്‍ തന്റെ മാറില്‍ കിടക്കുന്ന
പൊന്നു ഉണ്ണിയോട് പറയുമ്പോള്‍ വേദനിപ്പിച്ചുട്ടോ കവിത
ഓരോ വരികളും ഓരോ വാക്കുകളും ലളിതം
വൃത്തത്തിനുള്ളില്‍ ഒതുങ്ങിയ കവിത
എനിക്ക് പിടിച്ചു
മാതൃത്വത്തിന്റെ ദുഃഖം
ഇത്തരം എത്രയോ പാവം അമ്മമാർ; പാവം കുഞ്ഞുങ്ങൾ....
നൊമ്പരമുണർത്തുന്ന ചിത്രം.
നൊമ്പരമുണർത്തുന്ന കവിത
ശ്രദ്ധേയ മായ വരികള്‍ ..സമൂഹം ദുര്‍ബലരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന മുറിവുകള്‍ ..അതുണര്‍ത്തുന്ന നൊമ്പരം ഭംഗിയായി ആത്മാര്‍ഥമായി പകര്‍ത്തി ഈ കവിത ..ഇഷ്ടപ്പെട്ടു :)
ഭ്രഷ്ടെന്ന വാക്കിലും അര്‍ത്ഥം തികയാതെ
പുതുവാക്ക് തേടുന്ന ലോകം
nice yaar...
ഒരമ്മയുടെ വേദന മുഴുവനും ഈ കവിതയിലുണ്ട്. വായനാക്കാരുടെ മനസ്സിലേയ്ക്കും ആ വേദന പടര്‍ത്താന്‍ കഴിഞ്ഞു. നല്ല കവിത.
good...!
എല്ലാമുണ്ടായിട്ടും ഒന്നും തികയാത്തവരാണല്ലോ നാം. ഇടയ്ക്കിടയ്ക്ക് താഴേക്കു നോക്കുന്നത് നന്ന്. വളരെ നല്ല പാട്ട്. ഇഷ്ടപ്പെട്ടു.
(:
ബ്ലോഗില്‍ അപൂര്‍വ്വം കാണുന്ന നല്ല കവിതകളുടെ കൂട്ടത്തില്‍ ഇതിനെ പെടുത്താം. കരളുരുക്കുന്ന കവിത എന്ന് തന്നെ പറയേണ്ടതുണ്ട്.
കവിത പല ആവര്‍ത്തി വായിച്ചൂ. ശരിക്കും മനസ്സില്‍ തറക്കുന്ന വരികള്‍ ...
നമ്മെ തഴുകുന്ന കാറ്റു പോലും
നൂറാറ്റില്‍ കുളിക്കേണമുണ്ണീ .
നമ്മെ കുളിപ്പിക്കും വെണ്ണിലാവും
നാളെ ആകാശഗംഗയില്‍ മുങ്ങും!
കാമാര്‍ത്തിക്കണ്ണുകള്‍ നോക്കിപ്പഴുപ്പിച്ച
കൌമാരമമ്മയില്‍ വാടിക്കൊഴിയവേ
വിത്തുവിതച്ചിട്ടു കൊയ്യാതെ പോയവന്
മുഖമില്ല മനമില്ല ഉണ്ണീ!
ഈ താരാട്ടില്‍ അമ്മയുടെ മുലപ്പാലിന്‍റെ മാധുര്യമില്ല, പകരം തെരുവില്‍ ജനിച്ചു തെരുവില്‍ വളര്‍ന്നു അമ്മയാകുംവരെ കുടിച്ചു തീര്‍ത്ത ജീവിത ചവര്‍പ്പിന്‍റെ , കൈപ്പാര്‍ന്ന മാംസ ഗന്ധങ്ങളുടെ മനംപുരട്ടലില്‍ നിന്നുമുയരുന്ന മാതൃ വിലാപമാണ്. ഇരുളിന്‍റെ മറപറ്റി പതുങ്ങിവരുന്ന പകല്‍മാന്യതയുടെ കാമ വൈകൃതങ്ങള്‍ക്കു ഉഴുതുമറിക്കാന്‍ ചതുപ്പുനിലം വിട്ടുകൊടുത്ത് വിശപ്പിന്‍റെ നീരാളിപ്പിടുത്തത്തില്‍ നിന്ന് പ്രാണന്‍ പേര്‍ത്തെടുക്കുമ്പോള്‍ വിത്ത് വിതച്ചവന്റെ മുഖം അവര്‍ ഓര്‍ക്കാറില്ല.
ഈ താരാട്ടിലെ നിഗൂഡ പരിഹാസം തങ്ങളെ ഉപയോഗിച്ച് മാറിനിന്നു 'വേശ്യയെന്നും തന്തയില്ലാത്തവന്‍' എന്നും വിളിക്കുന്നവരുടെ കാപട്യത്തിന് നേരെയാണ്. പുനരധിവസിപ്പിക്കാതെ ആവശ്യക്കാര്‍ക്ക് വേണ്ടി തങ്ങളെ ജീവിതത്തിന്‍റെ പുറമ്പോക്കിലെ മാംസച്ചന്തയില്‍ മാറ്റി നിര്‍ത്തി "ലൈംഗിക തൊഴിലാളികള്‍" എന്ന് പേര്‍ നല്‍കി അഴുക്കു ചാലില്‍ തന്നെ ഇഴയാന്‍ വിട്ടവരുടെ നേരെയാണ്. മനസ്സാക്ഷിയുടെ നെഞ്ചില്‍ ആഴ്ന്നിറങ്ങാന്‍ പോന്ന ചാട്ടുളിയുടെ മൂര്‍ച്ചയുണ്ട് ആ വാക്കുകള്‍ക്കു.
ശ്രദ്ധേയന്‍ എന്ന എഴുത്തുകാരന്‍റെ രചനാപാടവം തെളിയിക്കുന്ന നല്ല രചനകളില്‍ ഒന്നായി ഞാന്‍ ഇതിനെ കാണുന്നു. അഭിനന്ദനങ്ങള്‍.
ഇത് താരാട്ടല്ല, തെരുവിന്റെ മനസ്താപം തന്നെ.
നന്നായിട്ടെഴുതി
ആശംസകള്‍ ഒപ്പം പുതുവത്സരവും നേരുന്നു
ഇസ്മായില്‍ കുറുമ്പടി (തണല്‍),
സാബിബാവ,
junaith ,
jayanEvoor ,
faisu madeena ,
രമേശ്‌അരൂര്‍ ,
സുനില്‍ പെരുമ്പാവൂര്‍ ,
വായാടി,
SimhaValan :
ആത്മാര്‍ഥമായ അഭിനന്ദനങ്ങള്‍ക്ക് നന്ദി. കവിതയ്ക്ക് പറയാനുള്ളതെല്ലാം പെറുക്കിയെടുത്ത് കമന്റ് കോളത്തില്‍ അടുക്കിവെച്ചതിനും.
ഇനിയും വരുമല്ലോ.
മുല്ല,
ശുക്കൂര്‍,
MyDream,
salam pottengal,
ഹംസ,
അക്ബര്‍,
നിശാസുരഭി :
അവശരോടുള്ള ഐക്യദാര്‍ഡ്യം കമന്റിലൂടെ അറിയിച്ച, കവിത ആസ്വദിച്ച ഏവര്‍ക്കും നന്ദി.
അക്ബര്‍ ഭായിയോട് പ്രത്യേകം നന്ദി പറയണം; കവിതയിലെ മര്‍മപ്രധാനമായ നാലുവരികള്‍ക്ക് ഹൃദയസ്പര്‍ശിയായ, ദുഷിച്ച സാമൂഹ്യാവസ്ഥയോടുള്ള പ്രതിഷേധം തിളയ്ക്കുന്ന
അവലോകനമെഴുതിയതിന്.
ഇനിയും നിങ്ങളുടെ ഗൌരവമുള്ള വായനയും അഭിപ്രായങ്ങളും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
മനസ്സില്‍ വേദനയുണര്‍ത്തുന്ന കവിത
തെരുവിലെ താരാട്ടിലൂടെ
ശക്തമായ ഭാഷയിലൂടെ
ഒരു വലിയ പ്രമേയം അവതരിപ്പിച്ചിരിക്കുന്നു.
"നമ്മെ തഴുകുന്ന കാറ്റു പോലും
നൂറാറ്റില്‍ കുളിക്കേണമുണ്ണീ ."
"വിത്തുവിതച്ചിട്ടു കൊയ്യാതെ പോയവന്
മുഖമില്ല മനമില്ല ഉണ്ണീ!"
വളരെ നന്നായിട്ടുണ്ട്.
well
@ പാലക്കുഴി ,
Kalavallabhan,
പ്രദീപ് പേരശ്ശന്നൂര്‍ :
നന്ദി, നല്ല വാക്കുകള്‍ക്ക്.
പുതിയ കവിത : മാതൃപാദം
"ദൈവം നിന്നെ ശ്രദ്ധിക്കുന്നു . അത് കൊണ്ടാണ്
ഇത്ര ഭംഗിയായി എഴുതാന്‍ സാധിക്കുന്നത് .
ആശംസകള്‍ !"
ഘടന കൊണ്ടും, മുറിയാത്ത താളം കൊണ്ടും ശ്രദ്ധേയാ ഈ കവിത പതിവിന് വിപരീതമായി ശ്രദ്ധേയം.
പക്ഷെ പ്രതിഭാസ്പർശമില്ലാത്തൊരു കവിതയാണിതെന്ന് ഞാൻ പറയും..
ശരിയാണു. താരാട്ടില്‍ നിറ്പമുള്ള പൂക്കളും പറവകളും ഓമനത്തിങ്കളുമില്ല. പകരം ജീവിതത്തിന്റെ കറുത്ത പൂക്കളാണു. നന്നായി ഈ കവിത. (അക്ബറിനു നന്ദി. ഇതു നോക്കാന്‍ പറഞ്ഞതിനു)
ഏറെ ശ്രദ്ടെയം ...വായിക്കാന്‍ സുഖം ..വായിച്ചു കഴ്ജിന്ഞ്ഞാല്‍ ഒരു വിങ്ങല്‍ ....നന്ദി !
Post a Comment