തന്റെ മരണമറിയിച്ച്
മരിച്ചവര്‍ക്ക്
ചിരിച്ചിരിക്കാനുള്ള
ഇടമാണ് ചരമ കോളം.
എടോ ഗോപാലകൃഷ്ണാ
നിന്റെ ഭാര്യ യശോദയുടെ
അടുത്ത ബന്ധുവായ,
അഞ്ചിലും ആറിലും ഒപ്പം പഠിച്ച
ഞാനിതാ
പരലോകം പൂകിയിരിക്കുന്നുവെന്ന്
കട്ടിക്കണ്ണടവെച്ച്
രാമചന്ദ്രന് പുഞ്ചിരി തൂകും .
വയസ്സല്പം ഇളയതാണേലും
പിടിപ്പത് രോഗം വന്ന്
ഞാന്‍ നേരത്തെ പോകുന്നൂവെന്ന്
വോട്ടര്‍ കാര്‍ഡിലെ പരിഭ്രമച്ചിരിയില്‍
രാധാമണി മൊഴിയും.
വര്‍ഗീസേട്ടന്റെ വയസ്സന് ചിരി
കാര്‍ത്തികയുടെ മോഡേണ്‍ ചിരി
കരീംക്കയുടെ ഗള്‍ഫ് ചിരി...
ആത്മാക്കളുടെ ചിരിയിലും.
നാനാത്വത്തില്‍ ഏകത്വം ഒക്കുന്നുണ്ട്.
പേരോര്‍മയില്ലാത്ത
ചിരികളാണ് ആശങ്ക നിറക്കാറ്.
'എട്യേ... ഇത് നാസറല്ലേ,
നമ്മുടെ ആയിശുമ്മാന്റെ മോന്?
അസീസല്ലേ, ശഹനാസിന്റെ
കെട്ട്യോന്റെ അനിയന്?
നവാസല്ലേ? അബ്ബാസല്ലേ?'
'നാവിന്റെ തുമ്പോളം കിട്ടുന്നുണ്ട്,
ആരായാലും എന്ത് പളുങ്കു പോലത്തെ
ചെറുപ്പക്കാരനാ? ബല്ലാത്ത ചിരിയാ..'
കണ്ണ് തുടച്ച് മൈമൂന
അടുത്ത ചിരിയിലേക്ക് നീങ്ങും.
'അന്നം തന്ന കൈ കൊണ്ട് തന്നെയാ
വിഷം തീറ്റിച്ചത്,
അച്ഛനെന്ന് തന്നെയാ
പിടയുമ്പോഴും വിളിച്ചത്,
അമ്മയും ഞാനും പോന്നേക്കാം
അനിയത്തിയെയെങ്കിലും
ജീവിക്കാന്‍ വിട്ടേക്കച്ഛാ എന്നാണ്
ഒടുവിലും കരഞ്ഞത്...'
നിരത്തി വെച്ച
നാലു ചിരികള്‍ക്കിടയിലെ
കുഞ്ഞു ചിരി വാചാലമാവുമ്പോള്‍
പത്രം മടക്കി മൂലക്കെറിയും.
സങ്കടപ്പെട്ടിട്ട് കാര്യമില്ലല്ലോ;
തന്റെ മരണമറിയിച്ച്
മരിച്ചവര്‍ക്ക്
ചിരിച്ചിരിക്കാനുള്ള
ഇടം തന്നെയാണ് ചരമ കോളം.
നല്ലൊരു ചിരി ഇപ്പോഴേ
തിരഞ്ഞു വെക്കട്ടെ,
ഇതെന്തോന്ന് ചിരിയെന്നോര്‍ത്ത്
നാളെ നിങ്ങള്‍ ചിരിക്കരുതല്ലോ.
10 comments:
ഒടുവിലത്തെ ചിരി :)
വായിച്ചു . ആശംസകൾ
കുറച്ചു കാശും കൂടി കരുതി വച്ചാൽ മുൻ പേജിൽത്തന്നെയിരുന്ന് ചിരിക്കാം. ഹ..ഹ..ഹ..
വ്യത്യസ്തമായ പ്രമേയം.അവതരണവും. ഇഷ്ടമായി.
ശുഭാശംസകൾ...
ചരമക്കോളം വായന
പത്രം കിട്ടുമ്പോൾ ആദ്യമായി ചരമക്കോളം നോക്കുന്ന ഒരുപാടു പേരെ അറിയാം
മനോഹരം....
നല്ല വരികൾ..ഏറ്റവും ഇഷ്ടമായത് തെരഞ്ഞെടുത്ത വിഷയം ആണു..ക്രിയേറ്റീവ് ആയ ഒരു കവിത..നന്നായിരിക്കുന്നു..
ഇവിടെ ഇങ്ങ്നെ കേറിയിരുന്നു ചിരിക്കാൻ ഇനിയെത്രകാലം ബാക്കിയുണ്ടോ ആവോ !
തന്റെ മരണമറിയിച്ച്
മരിച്ചവര്‍ക്ക്
ചിരിച്ചിരിക്കാനുള്ള
ഇടം തന്നെയാണ് ചരമ കോളം...
ശെരിയാ .. പണ്ട് പത്രം കിട്ട്യാൽ ആദ്യം നോക്കുന്നത് ചരമക്കോളം ആരുന്നു..
പുതുമയുള്ള വിഷയവും അവതരണവും ..ഇഷ്ടായി
എല്ലാ നല്ല വാക്കുകള്‍ക്കും നന്ദി.. വീണ്ടും കാണണം.
Post a Comment