Saturday, August 10, 2013

രണ്ടു കവിതകള്‍






നോമ്പോര്‍മ


മാസം കണ്ടുവല്ലേയെന്ന
ആകാംക്ഷക്കൊടുവില്‍ 
പൊതിച്ചോറ് പോലൊരു 
ചോദ്യമുണ്ട്,
അത്താഴമുണ്ടില്ലേ?
കുളിര്‍ക്കാറ്റു പൊഴിയുന്നൊരു 
നിശ്വാസമുണ്ട്, 
ചൂട്‌ വല്ലാതെ കൂടിയല്ലേ?
അടുത്ത നോമ്പിനെങ്കിലും 
നീയിങ്ങെത്തില്ലേ?


ഉപ്പയോടൊപ്പം
ഖബറാഴങ്ങളില്‍
കുടുങ്ങിയ ചോദ്യം പോലെ
ചങ്കില്‍ പിടയുകയാണുപ്പാ
എന്റെ ഉത്തരങ്ങളും!




പുതിയ പെരുന്നാള്‍





ഉപ്പാക്ക് ഇത്
പുതിയ പെരുന്നാളാണ്.

എഴാകാശവും നിറയുന്ന 
തക്ബീര്‍ മുഴക്കങ്ങളില്‍ 
കുളിര് കോരുന്നുണ്ടാവും.
തലയ്ക്ക് മുകളിലെ 
മൈലാഞ്ചിത്തളിര് കൊണ്ട് 
വല്യുമ്മാന്റെ കൈയില്‍ 
ഈദ്‌ മുബാറക്‌ വരയുന്നുണ്ടാവും.

പഴവും ശര്‍ക്കരയും ചാലിച്ച 
മധുരപ്പായസം വെച്ച്
വല്യുമ്മേം വല്യുപ്പേം 
ഇടത്തും വലത്തും 
നിറഞ്ഞു ചിരിക്കുന്നുണ്ടാവും. 

തൂവെള്ള കുപ്പായത്തില്‍ 
അത്തറു പൂശാന്‍
മാലാഖമാരുടെ മത്സരമാവും.

തിരക്കൊഴിഞ്ഞ നേരത്ത് 
അടുത്തൊന്നിരിക്കാന്‍ 
ഉമ്മാനെ തിരയുന്നുണ്ടാവും. 
മോന്‍ വിളിച്ചോയെന്ന ചോദ്യത്തിന് 
'സുറുമക്കോല് കൊണ്ടു'വെന്ന് 
കണ്ണു ചുവപ്പിക്കുന്നത് 
കാണാതെ കാണുന്നുണ്ടാവും.
എന്നാലും ചിരിക്കുന്നുണ്ടാവും.
വേദന തീരേയില്ലെന്നു 
കണ്ണിറുക്കുന്നുണ്ടാവും.

ഓര്‍മ്മകള്‍ കോര്‍ത്തെടുത്ത 
ദീര്‍ഘനിശ്വാസത്തില്‍ 
ചാരിയിരുപ്പുണ്ട്, ഉമ്മ.
ഉപ്പാക്ക് മേലെ മൈലാഞ്ചി പൂത്തതും
ഉമ്മാന്റെ കൈയിലെ 
മൈലാഞ്ചി മാഞ്ഞതും.
നോക്കിയിരിപ്പുണ്ട്, ഞാന്‍

14 comments:

ശ്രദ്ധേയന്‍ | shradheyan said...

ഉപ്പാക്ക്....

ajith said...

സമര്‍പ്പണം!

സൗഗന്ധികം said...

സ്നേഹം ഉയിരേകിയിരിക്കുന്ന വരികൾ..!! ഒത്തിരിയിഷ്ടമായി.

ശുഭാശംസകൾ...

ബഷീർ said...

>>ഖബറാഴങ്ങളില്‍
കുടുങ്ങിയ ചോദ്യം പോലെ
ചങ്കില്‍ പിടയുകയാണുപ്പാ
എന്റെ ഉത്തരങ്ങളും! <<


ഒന്നും പറയാനില്ല.. മറുപടിയും എവിടെയോ കുടുങ്ങി പിടയുന്നു

എന്‍.പി മുനീര്‍ said...

കവിതകള്‍ കൊള്ളാം 

drkaladharantp said...

മാസം കണ്ടുവല്ലേയെന്ന
ആകാംക്ഷക്കൊടുവില്‍
പൊതിച്ചോറ് പോലൊരു
ചോദ്യമുണ്ട്,
അത്താഴമുണ്ടില്ലേ?
കുളിര്‍ക്കാറ്റു പൊഴിയുന്നൊരു
നിശ്വാസമുണ്ട്,
എത്രമനോഹരമായ വരികള്‍.. ശരിക്കും രണ്ടുകവിതകളും മലയാളത്തിന് പുതിയരുചി നല്‍കുുന്നു. മൈലാ‌ഞ്‍ചിയുടെ തെളിയലും മായലും..ജീവിതം തന്നെ...വളരെ വളരെ ഇഷ്ടമായി എന്നു പറയുന്നത് പലതവണ വായിക്കാന്‍ ഈ കവിതകള്‍ നിര്‍ബന്ധിച്ചതിനാലാണ്. കാവ്യശോഭയുടെ നിര്‍ബന്ധം.

മാധവൻ said...

തിരക്കൊഴിഞ്ഞ നേരത്ത്
അടുത്തൊന്നിരിക്കാന്‍
ഉമ്മാനെ തിരയുന്നുണ്ടാവും. ..

കൈവിറക്കാതെ എഴുതാനും കരളുകലങ്ങാതെ വായിക്കാനും വിധേയപ്പെടാത്ത കവിത.

Subrahmaniam Kesavan (ബാലസുബ്രഹ്മണ്യം) said...

ഏറ്റവും മഹത്തായ പാഠം പഠിപ്പിയ്ക്കുന്ന
ഏറ്റവും വലിയ വിദ്യാലയം... ഒടുവില്‍ നമ്മള്‍ അവിടെയെത്തുന്നു...

ഹൃദയത്തില്‍ നീറ്റലുണ്ടാക്കാന്‍ കഴിയുന്ന എഴുത്താണ് എഴുത്ത്

സുഹൃത്തേ, താങ്കളുടെ എഴുത്ത് ഹൃദയത്തില്‍ തൊടുന്നു.

Kalam said...

ഉള്ളിൽ തൊട്ടു...
കണ്ണ് നനച്ചു...

Vinodkumar Thallasseri said...

ഈ കവിത എണ്റ്റെ ചങ്കിടിപ്പ്‌ കൂട്ടി. മായുന്ന മൈലാഞ്ചിയും പൂക്കുന്ന മൈലാഞ്ചിയും. ഗംഭീരം.

suman said...

good one....no more words to comment....


suman said...

good one....no more words to comment....


ബൈജു മണിയങ്കാല said...

കവിതയുടെ ആഴം അങ്ങ് ജന്മാന്തരങ്ങളോളം

subhuti said...

മാസം കണ്ടുവല്ലേയെന്ന
ആകാംക്ഷക്കൊടുവില്‍
പൊതിച്ചോറ് പോലൊരു
ചോദ്യമുണ്ട്,
അത്താഴമുണ്ടില്ലേ?
കുളിര്‍ക്കാറ്റു പൊഴിയുന്നൊരു
നിശ്വാസമുണ്ട്,
ചൂട്‌ വല്ലാതെ കൂടിയല്ലേ?
അടുത്ത നോമ്പിനെങ്കിലും
നീയിങ്ങെത്തില്ലേ?

ഉടൻ കാണുമോ എന്നറിയില്ല, ഇതൊന്നു പകർത്താൻ അനുമതി ചോദിക്കുന്നു. മുൻകൂർ നന്ദി

കൂടെയുള്ളവര്‍