Sunday, February 1, 2015

റിവേഴ്സ് ഗിയര്‍
















പ്രകാശ് ബസ്സിന്റെ 
ഡോറിനോട് ചേര്‍ന്ന സൈഡ് സീറ്റില്‍
കിളിയും കുട്ട്യോളും തമ്മിലുള്ള കശപിശ കണ്ട് 
കോഴിക്കോട്ടേക്ക് പോണം.
സാഗറിലെ പൊറോട്ടേം അയക്കൂറേം തിന്ന്
പതിനഞ്ചുറുപ്പിക തികച്ചു കൊടുക്കണം.
മാവൂര്‍ റോഡിലെ നടവഴിയില്‍
നാടകുത്തു ലഹരിയില്‍
വഴിക്കാശു പോയവന്റെ ജാള്യതക്കിടയിലൂടെ
കൈരളിയിലെ ടിക്കറ്റുവരിയിലേക്ക്
ചാടിക്കടക്കണം.
പത്തുറുപ്പിക കൂടി ചേര്‍ത്ത്
ബീഫ് ബിരിയാണി തിന്നാമായിരുന്നുവെന്നു
വിളിച്ചുകൂവി മാനാഞ്ചിറക്ക് വച്ചുപിടിക്കണം.
കൊതിവെള്ളത്തില്‍ അലിഞ്ഞ
നെല്ലിക്കഭരണിക്ക് കണ്ണുകൊടുക്കാതെ
പച്ചത്തണലില്‍ മലര്‍ന്നു കിടക്കണം.
വെറുതേയെന്നു കള്ളം പറഞ്ഞ് ടിബിഎസിലെ 
പുസ്തകമണത്തിന്റെ ലഹരി നുണയണം.
പാളയം സ്റ്റാന്‍ഡില്‍ 
റെയില്‍വേ സ്റ്റേഷനില്‍
ഓവര്‍ബ്രിഡ്ജിന്റെ ചോട്ടില്‍ 
കെഇഎന്നില്‍ കാതുറപ്പിച്ച ടൌണ്‍ഹാളില്‍
സൂര്യനൊപ്പം തളര്‍ന്നു ചുവക്കണം.
ജീവിതത്തെ ശില്പമാക്കിയപോലുള്ള
കടല്പാലത്തിന്റെ തുരുമ്പിച്ച കാലില്‍ ചാരി
ജീവിതമേയെന്ന് തിരയടിക്കണം. 
കരപറ്റില്ലെന്നുറപ്പാവുമ്പോള്‍
തളര്‍ന്നു പോവുന്ന കടലിനെ തനിച്ചാക്കി
ലാസ്റ്റ് ബസ്സിന് കാത്തിരിക്കണം. 

3 comments:

oru mukkutti poovu said...

ഹോ... കൊതിയായി ..

ശ്രീ said...

അതെ, കാത്തിരിക്കണം ഇതിനെല്ലാം ...

Vinodkumar Thallasseri said...

ജീവിതത്തെ ശില്പമാക്കിയപോലുള്ള
കടല്പാലത്തിന്റെ തുരുമ്പിച്ച കാലില്‍ ചാരി
ജീവിതമേയെന്ന് തിരയടിക്കണം.

Good

കൂടെയുള്ളവര്‍