Saturday, August 15, 2015

ഗോമേധം




"പൈക്കച്ചോടം തരക്കേടില്ലാത്ത പണിയാ... ഇറച്ചിവെട്ടാണ് ഈ ദുനിയാവിലെ ഏറ്റവും മോശം പണി."
സര്‍ട്ടിഫിക്കറ്റ് നബീസുമ്മ വകയാണ്.  ഇടത്തെ പിന്‍കാലിനു ലേശം മുടന്തുള്ള, ഒന്നര വയസ്സ് തികയാത്ത പശുക്കുട്ടിയുടെ കയറില്‍ പിടിച്ച് അബ്ദു ചിരിച്ചു.
"ഉറുപ്പ്യ അയ്യായിരം തികച്ചു തരണോന്നുണ്ട് നബീസുമ്മാ, പക്ഷെങ്കില് ഇറച്ചിവെട്ടുകാര്‍ക്ക് കൊടുക്കേണ്ടി വരും...." 
അയാള്‍ നബീസുമ്മയുടെ ദുര്‍ബലമായ ഖല്ബിലേക്ക് വെടിയുതിര്‍ത്തു. മുടന്തുള്ള പശുക്കുട്ടി ലക്ഷണക്കേടാണെന്ന് നാട്ടുകാരായ നാട്ടുകാരൊക്കെ പറഞ്ഞിട്ടും നബീസുമ്മ അതിനെ വിറ്റൊഴിവാക്കാന്‍ കൂട്ടാക്കിയിരുന്നില്ല. 'മൊടന്തായാലും മച്ചി ആയാലും എന്റെ കൈകൊണ്ട് പുല്ലും വെള്ളോം കൊടുത്ത് പോറ്റിയ കടച്ചല്ലേ*'യെന്നു ചോദിക്കുന്നവര്‍ക്ക് മറുപടിയും കൊടുത്തു. ഏറ്റവുമൊടുവില്‍ വലിയപള്ളീലെ ഹസ്സന്‍ മൊയ്ല്യാര് 'നബീസ്വെ... ഇഞ്ഞീന ബിറ്റ് ഒയിവാക്കീല്ലേ ഇബ്ടത്തെ ചെലവ് ഞാന്‍ മാണ്ടാന്ന്‍ ബെക്കുമെന്ന്' തീര്‍ത്തു പറഞ്ഞപ്പോഴാണ് മനസ്സില്ലാ മനസ്സോടെ അബ്ദുവിനെ വിളിക്കാന്‍ ആളെ വിട്ടത്. അബ്ദു പൈക്കച്ചോടക്കാരനാണ്. അറവുകാരനല്ല. 
അബ്ദു വന്നു പശുക്കുട്ടിയെ കണ്ടു. തിരിഞ്ഞും മറിഞ്ഞും ചാഞ്ഞും ചരിഞ്ഞും പരിശോധിച്ചു. വാല് ചുരുട്ടി 'ഹെയ്, ഹെയ്' എന്ന് ഒച്ചവെച്ച് നടത്തിച്ചു. പേടി തോന്നിയ പശുക്കുട്ടി മുടന്തുകാല്‍ ഉയര്‍ത്തിപ്പിടിച്ച്‌ കയറു പൊട്ടിക്കാന്‍ ശ്രമിച്ചു. വിശദപരിശോധനക്ക് ശേഷം അബ്ദു തീരുമാനം പറഞ്ഞു. "ഈനെ ഞാന്‍ തന്നെ പോറ്റിക്കൊള്ളാം." നബീസുമ്മ പശുക്കുട്ടിയെ തലോടി. പശുക്കുട്ടി നബീസുമ്മയുടെ മാക്സിയില്‍ തലയുരച്ച് സ്നേഹമറിയിച്ചു.
"ഇറച്ചിവെട്ടുകാര്‍ക്ക് കൊടുക്കാനാണെങ്കില്‍ നിന്നോട് പറയോ അബ്ദ്വോ? എന്നാല് ഒരു അഞ്ഞൂറ് കുറച്ചിങ്ങ് തന്നേക്ക്‌.."
അത് അബ്ദുവിനും സമ്മതമായിരുന്നു. അന്നത്തെ കച്ചോടത്തില്‍ അയാള്‍ തൃപ്തിപ്പെട്ടു. നബീസുമ്മ സ്നേഹത്തോടെ നല്‍കിയ മോരുസംഭാരം ആര്‍ത്തിയോടെ കുടിച്ചു തീര്‍ത്ത് പശുക്കുട്ടിയെ തെളിച്ചു അബ്ദു യാത്ര പറഞ്ഞു. താടിക്ക് കൈകൊടുത്ത് നബീസുമ്മ സങ്കടപ്പെട്ടു. അബ്ദുവും പശുക്കുട്ടിയും കാഴ്ചയില്‍ നിന്നും മറയുവോളം ഉമ്മറപ്പടിയില്‍ തരിച്ചിരുന്നു.


നടപ്പിന്റെ പേരില്‍ അബ്ദുവും പശുക്കുട്ടിയും പലതവണ ഉടക്കി. അബ്ദുവോളം വേഗം കൂട്ടാനുള്ള ശ്രമത്തിനിടയില്‍ പശുക്കുട്ടിയുടെ മുടന്തന്‍ നടത്തം ഓട്ടമായി പരിണമിച്ചു. അബ്ദു ദേഷ്യപ്പെട്ടു. "ഇഞ്ഞാരാ.. പിടി ഉഷയോ.. ടക്കോ ടക്കോന്നുള്ള പോക്ക് കണ്ടാ മതി." പശുക്കുട്ടി വേഗം കുറച്ചാല്‍ അയാള്‍ വാല്‍ പ്രയോഗം ആവര്‍ത്തിക്കും. "ഒന്ന് സ്പീഡില്‍ നടക്കെന്റെ കടച്ചേ.. ഉറുപ്യ നാലായിരത്തി അഞ്ഞൂറാ എണ്ണിക്കൊടുത്തത്. വണ്ടീ കയറ്റി കൊണ്ടുപോയാല്‍ അതും നഷ്ടാവും."
അബ്ദു ബിസിനസ്സിലേക്ക് ചിന്ത തിരിച്ചു. ചുളുവിലക്ക് കച്ചോടം നടക്കേണ്ട ആവേശത്തില്‍ ഞാന്‍ പോറ്റാം എന്നൊക്കെ പറഞ്ഞത് ശരിയാണ്. ഈ മുടന്തിപശുവിനെ പോറ്റുക പ്രായോഗികമോ ബുദ്ധിപരമോ ആയ തീരുമാനമാവില്ല. 


അബ്ദു പശുക്കച്ചവടം തുടങ്ങിയിട്ട് പത്തിരുപതു കൊല്ലമായി. തൊഴില്‍രംഗത്ത് പരീക്ഷണങ്ങള്‍ പലതും നടത്തിയിട്ടുണ്ട്. പലചരക്ക് കടയില്‍ സാധനം പൊതിഞ്ഞുകൊടുത്തും മേസ്തിരി മോഹനേട്ടന്റെ കൂടെ ഹെല്പറായും മെബഹൂബ് ടീസ്റ്റാളില്‍ സപ്ലയറായും ...  ഒന്നും മതിയാവുമായിരുന്നില്ല. ഇരുപത്തിനാല് വയസ്സുള്ളപ്പോഴായിരുന്നു വിവാഹം. അന്ന് മെഹബൂബ് ടീസ്റ്റാളിലെ ജോലിക്കാരനാണ്. പുതിയാപ്ലയെ കാണാന്‍ വന്ന കൂട്ടര്‍ക്ക് ടീസ്റ്റാളില്‍ വെച്ച് അബ്ദു ചായ സല്‍ക്കാരം നടത്തി. ചെറുക്കന്റെ ചുറുചുറുക്ക് അവര്‍ക്ക് ഇഷ്ടമായി. അങ്ങനെ മൈമൂന അബ്ദുവിന് വധുവായി. ഓല മേഞ്ഞതായിരുന്നു അന്നത്തെ വീട്. വിപുലമായ കൂട്ടുകുടുംബക്കാര്‍ക്കിടയിലെ അരപ്പട്ടിണിക്കാരന്റെ കുടിലെന്ന് പറയണം. പ്രായത്തിന്റെ അവശതകള്‍ക്കിടയിലും അബ്ദുവിന്റെ ഉമ്മ വീട് നോക്കി നടത്തി. മൈമൂനയെ വീട്ടുകാരിയായി ഒരുക്കിയെടുത്തു. കറിയും ചോറും വെച്ചു പഠിപ്പിച്ചു. മൈമൂന പ്രാപ്തയായി. അവള്‍ രണ്ടാമത്തെ മോനെ പ്രസവിക്കുന്നതിനു രണ്ടുമാസം മുമ്പ് അബ്ദുവിന്റെ ഉമ്മ മരിച്ചു. ഉപ്പയുടെ ഖബറിന് തൊട്ടടുത്ത് ഖബര്‍ വെട്ടാന്‍ തുടങ്ങിയപ്പോള്‍ തടസ്സം സൃഷ്ടിച്ച കരിമ്പാറക്കട്ടി അബ്ദു ഒറ്റയ്ക്ക് വെട്ടിയെടുത്തു. അന്നോളം അബ്ദു അങ്ങനെ കരഞ്ഞിട്ടില്ല. കണ്ണീരും വിയര്‍പ്പും കരിമ്പാറക്കട്ടിയെ പൊടിച്ചു കളഞ്ഞു!


കല്യാണമാണ് അബ്ദുവിനെ പശുക്കച്ചവടക്കാരനാക്കിയതെന്നു പറഞ്ഞാല്‍ തെറ്റാവില്ല. കല്യാണത്തിന് കുടുംബക്കാരുടെ സഹായം അരിയായും പഞ്ചസാരയായും മാത്രമല്ല അബ്ദുവിനെ തേടി വന്നത്. കല്യാണദിവസം വീട്ടിനു ചുറ്റും നാലഞ്ചു ആടുകളുടെ ഗാനമേളയായിരുന്നു. താടിയുള്ള, അടുത്താല്‍ കുത്താന്‍ മുന്‍കാല് പൊക്കി ചാടിവരുന്ന ഒന്ന്. ഒന്നു തലോടിയാല്‍ പിന്നെയും പിന്നെയും അടുത്തു വരുന്ന മറ്റൊന്ന്. അങ്ങനെ അഞ്ചെണ്ണം. കല്യാണം കഴിഞ്ഞു നാലാം നാള്‍ ഉമ്മ  പറഞ്ഞു. 
"ഇത്രേം ആടിനെ ഇങ്ങനെ കെട്ടിയിടാതെ വല്ല ആവശ്യക്കാര്‍ക്കും വിറ്റ്‌ നാല് കാശുണ്ടാക്കെന്റെ അബ്ദ്വോ.."
അബ്ദുവിന്റെ തലയില്‍ സൂര്യനുദിച്ചു. ഞായറാഴ്ച ചന്തയില്‍ പോയി ആടിന്റെ മാര്‍ക്കറ്റ് വില പഠിച്ചു. നാലുദിവസം കൊണ്ടു അഞ്ചാടുകളെയും നല്ല ലാഭത്തില്‍ വിറ്റൊഴിച്ച് പശുക്കച്ചവടത്തിലേക്ക് ചുവടുമാറി. മാസങ്ങള്‍ കൊണ്ടു വീടിന് ഓടുകൊണ്ട് മേല്‍ക്കൂര തീര്‍ത്തു.


പശുക്കുട്ടിയെ പരസ്യമായി നടത്തിച്ചു കൊണ്ടുവന്നത് ശരിയായില്ലെന്ന് മൈമൂന അഭിപ്രായപ്പെട്ടു. മൊടങ്കാല്‍ നാട്ടുകാര്‍ മുഴുവന്‍ കണ്ടുകാണും. അബ്ദുവിനും അത് ശരിയായി തോന്നി.
"നാളെ നേരം വെളുക്കും മുമ്പ് ഇതിനെ ഇറച്ചിക്കാര്‍ക്ക് കൊടുക്കാനാവൊന്നു നോക്കീന്‍..." മൈമൂന പ്രതിവിധി പറഞ്ഞു. അബ്ദു നാസര്‍കുഞ്ഞിന്റെ നമ്പര്‍ തിരഞ്ഞു. ഇരുട്ടു പോവും മുമ്പേ അറവു പീടികയില്‍ എത്തിച്ചാല്‍ നോക്കാമെന്ന് നാസര്‍കുഞ്ഞ് പറഞ്ഞപ്പോഴാണ് അയാള്‍ക്ക് ആശ്വാസമായത്. പുലര്‍ച്ചെ വിളിക്കാന്‍ ചട്ടം കെട്ടി ഉറങ്ങാന്‍ കിടന്നപ്പോഴും അബ്ദുവിന്റെ മനസ്സില്‍ ആധിയായിരുന്നു. മുടങ്കാലുള്ള പശു ശരിക്കും  ലക്ഷണക്കേടാവ്വോ പടച്ചോനേ എന്ന് അയാള്‍ ആശങ്കപ്പെട്ടു. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. 


പുലര്‍ച്ചെ മൂന്നരയ്ക്ക് കുളിച്ചു കുപ്പായമിട്ട് മൈമൂനയെ കൊണ്ടു കട്ടന്‍ചായ ഉണ്ടാക്കിച്ചു. 
"സൊബഹിക്ക് മുമ്പ് എത്തിക്കാനാ നാസര്‍ പറഞ്ഞെ... ഇഞ്ഞ് കിടന്നോ.."
പശുക്കുട്ടി അലസമായി അയവെട്ടുകയായിരുന്നു. ടോര്‍ച്ച് വെളിച്ചത്തില്‍ അബ്ദുവും പശുക്കുട്ടിയും നാസര്‍കുഞ്ഞിന്റെ അറവുപീടികയിലേക്ക് ആഞ്ഞു പിടിച്ചു.
ദൂരെ നിന്നേ അബ്ദു കണ്ടു, അറവുകടയ്ക്ക് ചുറ്റും ആള്‍ക്കൂട്ടവും ബഹളവും. പന്തികേട്‌ തോന്നിയ അബ്ദു പശുക്കുട്ടിയെ അല്പം മാറ്റി കെട്ടി. ആള്‍ക്കൂട്ടത്തിലേക്ക് തല പായിച്ചു. 
"സമ്മതിക്കൂലെന്നു പറഞ്ഞാല്‍ സമ്മതിക്കൂല." ഒരു കൂട്ടം ഒച്ചയിട്ടു.
"അത് പറയാന്‍ ഇങ്ങളാരാ..? ഇത് ബോംബ്യാന്നാ ഇങ്ങളെ വിചാരം?" നാസര്‍കുഞ്ഞ് വിറക്കുന്നുണ്ട്. 
"ബോംബ്യോ പൂന്യാന്നൊന്നും നിങ്ങള് നോക്കണ്ട. ഗോവധം ഞങ്ങള് സമ്മതിക്കൂല"
ആളുകള്‍ ചേരി തിരിയുകയാണ്. "പെട്ടല്ലോ പടച്ചോനേ..." അബ്ദു പശുക്കുട്ടിയെ നോക്കി. അതിന്റെ മുഖത്ത് പരിഹാസ ചിരിയുള്ളത് പോലെ അയാള്‍ക്ക് തോന്നി. 
"ഗോക്കളുടെ കൂട്ടത്തില്‍ പോത്ത് പെട്വോ രമേശാ..." ആരോ പ്രശ്നപരിഹാരത്തിന് ശ്രമിക്കുകയാണ്. രമേശന്‍ ഒപ്പമുള്ളവരെ നോക്കി. അവരും അങ്കലാപ്പിലാണ്. 
"പെട്ടാലും ഇല്ലെങ്കിലും ഇവന്‍ അറക്കാന്‍ നോക്കിയത് നല്ല ഒന്നാം നമ്പര്‍ മൂരിക്കുട്ടനെയല്ലേ... പോത്തിനെ അറുക്കാമോന്ന്‍ ഞങ്ങളൊന്നാലോചിച്ച് പറയാം"
"മൊടന്തുള്ള പശുക്കുട്ടിയെ അറുക്കാവോ..." അബ്ദു ചോദിക്കാന്‍ കരുതിയതായിരുന്നില്ല. അറിയാതെ ചോദിച്ചു പോയതാണ്. ആള്‍ക്കൂട്ടം നിശബ്ദമായി. എല്ലാരും അബ്ദുനെ സൂക്ഷിച്ചു നോക്കി. അബ്ദു ആളുകളെയും പശുക്കുട്ടിയേയും മാറിമാറി നോക്കി. 
"എന്തിനാ, അറുത്ത് കുഴിച്ചിടാനാ?" നേരത്തെ മധ്യസ്ഥ ശ്രമം നടത്തിയ മാന്യനാണ്. വേഗം വിട്ടോളാന്‍ നാസര്‍കുഞ്ഞ് ആംഗ്യം കാട്ടി. അബ്ദു പശുക്കുട്ടിയുടെ കയറു പിടിച്ച് വേഗത്തില്‍ നടന്നു. ആള്‍ക്കൂട്ടം പിന്നാലെ കൂടി. കാലു തളരുന്നത് പോലെ. സിനിമകളിലെ പ്രണയഗാനരംഗത്ത് നായകനും നായികയും ഓടുന്നതിലും വേഗത്തില്‍ ഓടാന്‍ എത്ര ശ്രമിച്ചും കഴിയുന്നില്ല. ആള്‍ക്കൂട്ടം അബ്ദുവിനെ പൊതിഞ്ഞു. ആരോ പശുക്കുട്ടിയുടെ കഴുത്തില്‍ വെട്ടി. ചോര... ചോര... അബ്ദു അലറി വിളിച്ചു.


"ന്താ ഇങ്ങക്ക് പറ്റിയത്... എവിടുന്നാ ചോര വരുന്നേ.." മൈമൂനയെ പകച്ചു നോക്കിയ അബ്ദു ദീര്‍ഘനിശ്വാസമിട്ടു. "കടച്ചിനെ ആളുകള്‍ കൂടി വെട്ടിക്കൊന്നൂന്ന് സ്വപ്നം കണ്ടു" അയാളുടെ ചമ്മിയ ചിരി മൈമൂനയുടെ പൊട്ടിച്ചിരിയില്‍ അലിഞ്ഞു പോയി. 
"മൈമൂനാ..ഇന്നേതായാലും അതിനെ വിക്കാന്‍ പോന്നില്ല. ഒരു ലക്ഷണക്കേട് മണക്കുന്നു"
"ഞാന്‍ ഇങ്ങളോട് പറയാന്‍ വര്വായിരുന്നു" 
സൂര്യന്‍ ഉണര്‍ന്നു. പശുക്കുട്ടി നബീസുമ്മയെ തിരഞ്ഞു. അബ്ദു കൊടുത്ത വൈക്കോല്‍ മനസ്സിലാ മനസ്സോടെ തിന്നാന്‍ തുടങ്ങി. 
നാളെ വരാമെന്ന് പറയാനായിരുന്നു നാസര്‍കുഞ്ഞിനെ വിളിച്ചത്. "ഇയ്യ് ബെരാഞ്ഞ നന്നായി ചങ്ങായീ... ഇന്നിവിടെ ആകെ ബഹളായിരുന്നു. പശൂനെ അറുക്കാന്‍ സമ്മതിക്കൂലാന്നും പറഞ്ഞ് കൊറേ ആളുകള് വന്ന് പ്രശ്നോണ്ടാക്കി"
"ന്നിട്ട്?"
"എന്നിട്ടെന്താ... ഞാന്‍ കൊറേ മസില് പിടിച്ചു. അവസാനം പീട്യ അടച്ചിങ്ങു പോന്നു."
"മൈമൂ..." അബ്ദു അടുക്കളയിലേക്ക് ഓടുകയായിരുന്നു.. അയാളുടെ ബേജാറ് കണ്ടു അവളും ഭയന്നു. 
"ആ സ്വപ്നം ഞാന്‍ വെറുതെ കണ്ടതല്ല. നാസറെ വിളിച്ചിരുന്നു... എന്താണോ ഞാന്‍ കണ്ടേ.. അദ്ദെന്നെ അവിടെ നടന്നൂന്ന്.."
"റബ്ബേ... എന്തൊക്ക്യാ ഈ കേള്‍ക്കുന്നേ... ആ കടച്ച്‌ ചില്ലറക്കാരിയല്ലല്ലോ"
അബ്ദു അത്ഭുതപ്പെട്ടു. പശുക്കുട്ടിയോ താനോ മഹാനെന്ന് അയാള്‍ ആശയക്കുഴപ്പത്തിലാണ്ടു. മൈമൂന ആശയവ്യക്തത വരുത്തി. 
"ചില മിണ്ടാപ്രാണികള്‍ക്ക് ഇങ്ങനെ ചില കഴിവുണ്ടാവൂത്രേ. ഇത്രേം കാലം ഇങ്ങള്‍ എന്തൊക്കെ ഉറക്കത്ത് കണ്ടിട്ടുണ്ട്? എന്തേലും നടന്നിട്ടുണ്ടോ... ഇല്ലല്ലോ. അത് കയറി വന്ന അന്ന് തന്നെ അത്ഭുതം കാണിക്കാനും തുടങ്ങി."
അബ്ദു ഞെട്ടി. അബ്ദു മാത്രമല്ല, ആ ഗ്രാമം മുഴുവന്‍ ഞെട്ടി. തോട്ടിന്‍ കരയിലും പീടികത്തിണ്ണയിലും രണ്ടാള്‍ കൂടുന്നിടത്തൊക്കെ അബ്ദുവിന്റെ പശുക്കുട്ടി ചര്‍ച്ചയായി. സ്വപ്നകഥയിലെ കഥാപാത്രങ്ങള്‍ വര്‍ധിച്ചു. കഥയുടെ ഗതി തന്നെ തിരുത്തപ്പെട്ടു. കൈമാറ്റക്കാരുടെ വാക്ചാതുരിയില്‍ പശുക്കുട്ടി വിശുദ്ധയാക്കപ്പെട്ടു. അത്ഭുതപ്പശുക്കുട്ടിയെ കാണാന്‍ ഗ്രാമം മുഴുവന്‍ അബ്ദുവിന്റെ വീട്ടിലേക്ക് ഒഴുകി. ആദ്യമാദ്യം വന്നവര്‍ക്കൊക്കെ മൈമൂന പഞ്ചസാര വെള്ളം കൊടുത്തു. പഞ്ചസാര തീര്‍ന്നപ്പോള്‍ പച്ചവെള്ളം കൊടുത്തും ചിരിച്ചും മിണ്ടിയും സ്വീകരിച്ചു. 


അബ്ദു അപ്പോഴും സാധാരണ അവസ്ഥയിലേക്ക് തിരിച്ചെത്തിയിരുന്നില്ല. ഇടയ്ക്കെപ്പോഴോ തിക്കിത്തിരക്കി തൊഴുത്തിലേക്ക്‌ തലയിട്ടു നോക്കി. അയാളുടെ ബോധം പോവുമെന്നായി. തൊഴുത്തില്‍ അയവെട്ടുന്ന പശുക്കുട്ടിയുടെ മുന്നില്‍ തൊഴുകൈയോടെ ചിലര്‍. ചെണ്ടുമല്ലി മാല ചാര്‍ത്തി പൊട്ടു കുത്തിക്കാന്‍ മത്സരിക്കുന്ന മറ്റു ചിലര്‍. ടവ്വല്‍ തലയില്‍ കെട്ടിയ മറ്റൊരാള്‍ തൊഴുത്തിനെ വലം വെച്ചു. താടി നരച്ച വൃദ്ധന്‍ അയാളോടു  ബിസ്മി ചൊല്ലി തുടങ്ങാന്‍ കല്പിച്ചു. ചാണകത്തിന്റെയും ചന്ദനത്തിരിയുടെയും ഗന്ധം പരസ്പരപൂരകമായി. ആകെ കൂടി ഭക്തിമയം. 


ദിവസങ്ങള്‍ പിന്നിടുംതോറും ആളുകളുടെ വരവുകളില്‍ പ്രത്യേകതകള്‍ രൂപപ്പെട്ടു. ചിലര്‍ പണം കാണിക്കയാക്കി.  വെള്ളിയാഴ്ചകളിലും ഞായറാഴ്ചകളിലും കോഴികളെ കൊണ്ടു വന്ന് പശുക്കുട്ടിയുടെ മുന്നില്‍ വെച്ച് കഴുത്തു വെട്ടി. ഇങ്ങനെ ഉപേക്ഷിക്കപ്പെടുന്ന കോഴികളെ ശേഖരിക്കാന്‍ മാത്രം ചിലര്‍ തിക്കും തിരക്കും കൂട്ടി. വേറൊരു തൊഴിലും വേണ്ടായെന്നു അബ്ദുവിന് ആഴ്ചകള്‍ കൊണ്ട് ബോധ്യമായി. കാര്യങ്ങള്‍ അവിടം കൊണ്ടും തീര്‍ന്നില്ല. ചില വലിയ പണക്കാര്‍ മൂരിക്കുട്ടന്‍മാരെ തന്നെ ബലി നല്‍കാന്‍ തുടങ്ങി. ഗോമേധമെന്നും നേര്‍ച്ചബലിയെന്നും മാറിമറയുന്ന വിശ്വാസങ്ങള്‍ക്ക് വിധേയപ്പെട്ട്‌ പേരുകള്‍ രൂപപ്പെട്ടു. എല്ലാ മതങ്ങളും അവിടെ ഏകീകരിക്കപ്പെട്ടു. അറുത്ത മാടുകളുടെ ഇറച്ചി വെട്ടാന്‍ നാസര്‍കുഞ്ഞിനെ അബ്ദു ജോലിക്ക് നിര്‍ത്തി. ബലിയിറച്ചി വാങ്ങാന്‍ ആളുകള്‍ തിങ്ങിക്കൂടി. അവര്‍ തരുന്ന കാണിക്കക്കാശില്‍ അബ്ദു തൃപ്തിപ്പെട്ടു. 


രമേശന്റെ വരവാണ് അബ്ദുവിനെ വല്ലാതെ ആശ്ചര്യപ്പെടുത്തിയത്. അന്ന് താന്‍ സ്വപ്നത്തില്‍ കണ്ട അതേ മനുഷ്യന്‍. നാസര്‍കുഞ്ഞിന്റെ കട പൂട്ടിക്കാന്‍ മുന്നില്‍ നിന്നയാള്‍. അയാള്‍ മുപ്പത്തി മൂന്നു കോഴികളെ ബലി നല്‍കി. കോഴിച്ചോരയില്‍ കിടന്നുരുണ്ടു. ഒടുവില്‍ താണുകേണു നിന്നു തൊഴുതു. ആവശ്യം ന്യായമായിരുന്നു. കോഴിവസന്ത പിടിപിട്ടു തുടങ്ങിയ തന്റെ കോഴികളെ രക്ഷിക്കണം. തന്റെ കോഴി ഫാം നന്നായി നടന്നു പോണം. പശുകുട്ടി തലയാട്ടി. ചെവിക്കുള്ളില്‍ നിന്നും മണിയനീച്ച പറന്നു പോയി. 


ദൂരെ നിന്നും നബീസുമ്മയുടെ വരവു കണ്ട അബ്ദുവിന്റെ മുഖം പെട്ടെന്ന് മ്ലാനമായി. അവരുടെ ഓരോ ചുവടുവെയ്പും അബ്ദു സാകൂതം വീക്ഷിച്ചു. തൊഴുത്തില്‍ കെട്ടിയ പശുക്കുട്ടിയുടെ കയറില്‍ അയാള്‍ മുറുകെ പിടിച്ചു. നബീസുമ്മ ഒന്നും പറയാതെ ഒരു കവര്‍ അബ്ദുവിനെ ഏല്‍പ്പിച്ച് പശുക്കുട്ടിയുടെ തലയില്‍ പതുക്കെ തലോടി തിരിഞ്ഞു നടന്നു. അവരുടെ മേല്‍ മുഖമുരസാന്‍ പോയ പശുക്കുട്ടി നിരാശയായി. അബ്ദു കവര്‍ തുറന്നു. നാലായിരത്തി അഞ്ഞൂറ് ഉറുപ്പിക.


*കടച്ച്‌ - പശുക്കുട്ടി

1 comment:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

സരസമായ ഈ ആഖ്യാനത്തിന് മുമ്പില്‍ സന്തോഷത്തോടെ ഞാനും തലയാട്ടുന്നു. പശുക്കുട്ടിയുടെ ചെവിക്കുള്ളില്‍ നിന്നും മണിയനീച്ച പറന്നു പോയെങ്കിലും വായനക്കാരന്റെ മനസ്സില്‍ നിന്നും ചിരിയുടെ ചുണ്ടുകള്‍ ഒരിക്കലും പറന്നു പോകില്ല.. അവസാനത്തെ രംഗത്തിനു ചിരിക്കൊപ്പം ചിന്തിപ്പിക്കാനും കഴിയുന്നുണ്ട്..ആശംസകള്‍ .

കൂടെയുള്ളവര്‍