Monday, April 12, 2010

ജിഹാദ്

നൂറ്റാണ്ടുകള്‍ക്കപ്പുറം
അലമുറിച്ചൊഴുകിയടുത്തത്
തല കൊയ്യാനായിരുന്നില്ല,
കൈ കൊടുത്ത് കരയേറ്റിയത്
കഴുത്തറുക്കാനുമല്ല.

കൊടുത്തും വാങ്ങിയും
കരിക്കും കാരക്കയും
ഇണ ചേര്‍ന്നപ്പോള്‍
വിരിഞ്ഞതത്രയും വസന്തം.

ദാവണി ചുറ്റിയ പടിഞ്ഞാറന്‍ കാറ്റിന്
അത്തറിന്റെ സുഗന്ധം,
മെയ്ച്ചുവടിന്റെ തിരയിളക്കത്തിന്
അറബന മുട്ടിന്റെ താളം.

ബദ്റും ഉഹ്ദും* പടപ്പാട്ടുകളായ്
വീര ഹൃദയങ്ങളില്‍
വീരസ്യമാര്‍ത്തിരുന്നു അന്നും!

തലമുറകളുടെ
പാകപ്പെടലുകള്‍ക്കിപ്പുറം,

താടിയും തലപ്പാവും തീവ്രവാദിക്കപ്പലും
അറബിപ്പടയുടെ കാരക്ക ബോംബും,
കറുപ്പില്‍ വെള്ള പുതച്ച്
ലീഡ് ന്യൂസാക്കി
അദൃശ്യ വക്താവിന്റെ
അകിട് കറന്ന്
വായനക്കാരന് പകരുന്ന
വാര്‍ത്തകളുടെ തീരത്ത്,

ബ്രേക്കിംഗ് ന്യൂസില്‍ മുഖമടിച്ചു വീഴാതെ,
ഉടവാള് കൊണ്ട്
കരിക്ക് ചെത്തി കരം പിടിക്കുന്ന
നാട്ടുരാജാവിന്റെ വിളി കാത്ത്
നങ്കൂരമെറിയാന്‍ ഇടം തേടുന്നു
മറ്റൊരു മാലിക് ഇബ്‌നു ദിനാര്‍ !**


*ഇസ്ലാമിക ചരിത്രത്തിലെ രണ്ടു പ്രധാന പോരാട്ടങ്ങള്‍
**ഇന്ത്യയില്‍ ഇസ്‌ലാംമത പ്രബോധനത്തിനു
വന്ന ആദ്യ സംഘത്തിന്റെ നായകന്‍

Tuesday, March 23, 2010

പ്രാണന്റെ പാട്ട്

ഇത് കട്ടെടുത്ത പാട്ട്!

പശിമ വറ്റി വരണ്ടു പോയ
വയലിനൊപ്പം
തുടി കൊട്ടി പാടുന്ന
മലയന്റെ പാട്ട്.

ലാടമണിഞ്ഞ കുളമ്പുകള്‍
ആഞ്ഞാഞ്ഞു പതിഞ്ഞിട്ടും,
വീശിയെറിഞ്ഞ വിത്തിനെ
ഉദരത്തിലൊളിപ്പിച്ച്
വിള വിളയാന്‍
കള കളഞ്ഞ് കാത്തിരുന്ന
മണ്ണിന്റെ പാട്ട്.

ഒഴുക്ക് മുറിഞ്ഞ പുഴയെ നോക്കി
ചെകിളയൊടിഞ്ഞ മീനിനൊപ്പം
ചങ്കിടിപ്പ് താളം കൊട്ടുന്ന
വലക്കാരന്റെ പാട്ട്.

വാളയും വരാലും
കൂരിയും കാരിയും
തിമിര്‍ത്താടിയ ഓര്മ പേറി,
മെലിഞ്ഞുണങ്ങി
അലിഞ്ഞു തീര്‍ന്ന
ചാലടഞ്ഞ് കിനാവുറഞ്ഞ
നദിയുടെ പാട്ട്.

ഇനി
നിങ്ങള്‍ക്കും പറയാം
പാടി നടക്കാം,
ഇത് കട്ടെടുത്ത പാട്ടെന്ന്‍.

പാണനെ തന്നെയും തന്നേക്കാം
പശിയടക്കട്ടെ പാവം
പരദേശി കനിഞ്ഞെങ്കിലും!

Monday, March 8, 2010

മടക്കം

പോകാനായില്ലേ എന്ന വിളി
മലക്കുല്‍ മൗത്തിന്റേതായിരുന്നു.*

പകലുറക്കം തളര്‍ത്തിയ
കണ്ണുകളില്‍
ഭീതി പടര്‍ന്നതും
നെഞ്ചിന്‍ കൂടിനുള്ളില്‍
ഇടിവാള്‍ പതിച്ചതും
എന്നെ വിട്ടേക്കൂ എന്ന്
ഒച്ചയില്ലാതെ അലറിയതും
വിധിപാലകനെ ഒട്ടും തളര്‍ത്തിയില്ല.

പെരുവിരലില്‍
പെരുത്ത്‌ തുടങ്ങിയ വേദന
മുട്ടുകാലിലിഴഞ്ഞു
അരക്കെട്ടിനെ ഉലച്ച്‌
വയറിലൂടെ കരളിലൂടെ
ചങ്കില്‍ പിടിച്ചു തലയോട്ടിയിലേക്ക്.

വെറുതെയെങ്കിലും
ഒന്ന് പിടഞ്ഞു നോക്കി
കുടഞ്ഞലറി നോക്കി
ഉറക്കം ഉലഞ്ഞ്
സ്വപ്നം തെറിച്ചു പോയാലോ!

നെയ്യുറുമ്പുകളുടെ
മൗനജാഥയ്ക്ക് വഴിയൊരുക്കി
കാലന്‍ നടന്നകന്നപ്പോഴേയ്ക്കും
സ്വപ്നവര്‍ണങ്ങള്‍ ഏഴും
വേഗത്തില്‍ കറങ്ങി
എന്റെ മുകളില്‍
വെള്ള മൂടിയിരുന്നു!


* മരണത്തിന്റെ മാലാഖ

Tuesday, February 16, 2010

പീഡനം

ഒച്ചിനേക്കാള്‍ ഇഴച്ചിലെന്ന്
ചീവീടിനെക്കാള്‍ ഒച്ചയെന്ന്
കരിക്കട്ടെയെക്കാള്‍ കറുപ്പെന്ന്
ഈളു പോലെ മെലിഞ്ഞെന്ന്

പറഞ്ഞാലും പറഞ്ഞാലും
കേട്ട ഭാവം നടിക്കാതെ
തേരട്ട പോലെ ചുരുണ്ടതെന്തെന്ന്

നായവാലില്‍ കുഴലെന്തിനെന്ന്
വെണ്ടയ്ക്ക പോലെ മൂത്തിട്ടെന്തെന്ന്‍
ആന വല്ല്യുപ്പയ്ക്കായിരുന്നില്ലേയെന്ന്

കേട്ടാലും കേട്ടാലും
പഠിച്ചെന്നു പറയാതെ
പ്രതിമ പോലെ നില്‍ക്കുന്നതെന്തെന്ന് !

കറുത്താലും മെലിഞ്ഞാലും
കരിഞ്ഞുണങ്ങി കൊഴിഞ്ഞാലും
എനിക്കിവള്‍ കരളെന്ന്
ചെവിയോര്‍ത്ത മിഴിക്കോണില്‍
മങ്ങിത്തെളിഞ്ഞത് ,
കണ്ണുകളില്‍ പൂക്കാലെമെന്ന്
ചുണ്ടുകളില്‍ തേന്‍തുള്ളിയെന്ന്
കവിളുകള്‍ കണ്ണാടിയെന്ന്
കവിത പാടിയ നാവുണ്ട്
'എത്രയെന്ന് എത്രയെന്ന് '
ഉമ്മറക്കോലായില്‍
തട്ടാനും ത്രാസിനുമൊപ്പം!

Thursday, January 14, 2010

ഗ്രഹണം

കഴിഞ്ഞ വര്‍ഷത്തെ ഒരു കവിത ഈ ഗ്രഹണത്തിന് വീണ്ടും...


ഓര്‍മയുടെ വേലിയേറ്റമില്ലാത്ത
മറവിയുടെ തീരത്ത്
ഭൂതകാലത്തിന് ബലിയിടുമ്പോള്‍
ഉദയ സൂര്യന് ഗ്രഹണമേറ്റു.

മലയുടെ പച്ചയും
പുഴയുടെ നീലയും
പൂവിന്റെ മഞ്ഞയും ചുവപ്പും
ഊറ്റി കുടിച്ച്, കരിനിഴല്‍ ഛര്‍ദിച്ച്
രാഹു സൂര്യനെ വാരിപ്പുണര്‍ന്നു.

വേര്‍പാടിന്റെ വിങ്ങലിനൊടുവില്‍
കണ്ടുമുട്ടിയ ഇണകളെ പോലെ.

കറുത്ത പാടുകള്‍ ബാക്കി വെക്കാതെ
രാഹു പോയിട്ടും,
ഗ്രഹണം ബാധിച്ച ബലിക്കാക്കയുടെ
ചിറക്‌ തളര്ന്നതറിയാതെ
ചോറുരുള ഒരുക്കി, കൈത്താളമിട്ട്
മടുത്ത്‌, മരവിച്ച്
വര്‍ത്തമാനത്തില്‍ ഇപ്പൊഴും ഞാന്‍!


...

Thursday, December 31, 2009

ജനുവരി വിചാരം



ജനാല പഴുതിലൂടെ അരിച്ചെത്തിയ കുളിര്‍ക്കാറ്റിനു മുഖം കൊടുക്കാതെ വാപ്പച്ചി തിരിഞ്ഞു കിടന്നു. ലോകം തണുത്തുറഞ്ഞാലും, വിയര്‍പ്പില്‍ കുളിച്ചാലും തന്‍റെ ജോലിയില്‍ ഒട്ടും മുഷിപ്പ് കാണിക്കാത്ത കുഞ്ഞേതുമാപ്ല തൊണ്ടപൊട്ടുമാറുച്ചത്തില്‍ ബാങ്ക് വിളിച്ചു.

"അല്ലാഹു അക്ബര്‍... അല്ലാഹു അക്ബര്‍...".

ഇനി വാപ്പച്ചിക്ക് എഴുനേല്‍ക്കാതെ നിവൃത്തിയില്ല. എനിക്കോര്‍മ്മ വെച്ച നാള്‍ മുതല്‍ കണ്ടു വരുന്ന ശീലമാണ്. കുഞ്ഞേതുമാപ്ലയുടെ ബാങ്ക് വിളിയാണ് വാപ്പച്ചിയുടെ അലാറം. എണീറ്റ് പായ ശരിയാക്കി, തലയിണ മുട്ടി നിവര്‍ത്തി നീണ്ടൊരു കോട്ടുവായിട്ട് കുറച്ചു നേരം അവിടെ തന്നെ ഇരിക്കും. പിന്നെ തലകുടഞ്ഞ്‌, അയലിലിട്ട തോര്‍ത്തിനെ ഇടതു ചുമലിലേക്ക് മാറ്റി പുറത്തേക്കിറങ്ങും.

ബാങ്ക് തീര്‍ന്നു. ഇന്നിതെന്ത്‌ പറ്റി? പതിവു തെറ്റിയത് എന്നെ പോലെ ആയിശ്ത്തയും അറിഞ്ഞു. മുമ്പെപ്പോഴോ ഇങ്ങനെ സംഭവിച്ചത് വാപ്പച്ചിക്ക് പനി പിടിച്ചപ്പോഴായിരുന്നു. കെട്ടിയോനോട് അതിരറ്റ സ്നേഹമുള്ള ആയിശ്ത്ത ഓടിവന്നു.

"ന്‍റെ റബ്ബേ... എനക്കൊറപ്പാ.... ഇന്നലെ തീര്‍ത്ത് മഞ്ഞും കൊണ്ടതല്ലേ...."

പിന്നെ, കരി പുരണ്ട കൈ മാക്സിയില്‍ തുടച്ച്, വാപ്പച്ചിയുടെ നെറ്റിയില്‍ വിശദമായ പരിശോധന നടത്തി വിധി പറഞ്ഞു.
"ഏയ്... ഞാന്‍ പേടിച്ചു... പനിയൊന്നൂല്ല...., സൊബഹിക്ക് എണീക്കിന്ന ഇങ്ങക്കിതെന്തു പറ്റി?"

"പുതിയ കൊല്ലം തൊടങ്ങേല്ലേ... ഒരു മാറ്റം കെടക്കട്ടെ ആയിശാ.."
വാപ്പച്ചിക്ക് നിസ്സംഗത.

"ഇതായിപ്പം നല്ല കാര്യായെ.... എല്ലാ മനിശ്യംമാരും കൊല്ലം തൊടങ്ങുമ്മം നേരത്തെ ഇണീക്ക്വാ ചെയ്യാ...."

എനിക്ക് ചിരി വന്നു. പക്ഷെ ഞാന്‍ ചിരിച്ചില്ല, പലപ്പോഴും എന്‍റെ ചിരി ആയിശത്തയുടെ പ്രസ്താവനകള്‍ക്ക് സത്യസന്ധതയുടെ കൈയ്യൊപ്പായി മാറാറുണ്ട്.

വാപ്പച്ചി എഴുന്നേറ്റു... ചുമരില്‍ തൂക്കിയ അനാഥാലയത്തിന്‍റെ പേരിലുള്ള കലണ്ടറിലെ പുതിയ അക്കങ്ങളില്‍ കണ്ണോടിച്ചു. ഇന്നലെ വരെ കല്യാണവും കുറികല്യാണവും ഓര്‍മ്മിപ്പിച്ചു തന്ന പഴയ കലണ്ടറിലെ അക്കങ്ങള്‍ ജര പിടിച്ച് ചുമരിനോടോട്ടി നില്ക്കുന്നു... ഇനിയവ കീറിയെടുത്ത് പാഠപുസ്തകങ്ങള്‍ക്ക് ആവരണമാക്കാന്‍ മക്കള്‍ അടിപിടി തുടങ്ങും. ഇളയവന്‍ ഇന്നലെ തന്നെ ആദ്യവെടി പൊട്ടിച്ചു കഴിഞ്ഞു.... ഞാന്‍ കേട്ടതാണ്.
"ഞാനല്ലേ ചെറിയ കുട്ടി, അതോണ്ട് എനക്കാ വാപ്പച്ചീ കലണ്ടര്‍.."
ചെറുപ്പം സംവരണത്തിനുള്ള മാനദണ്ഡമാണല്ലോ!!

അവന്‍ ഉള്ള മുറിയില്‍ ഞാന്‍ ധൈര്യപൂര്‍വ്വം കയറി ചെല്ലാറില്ല. ഒരു നാള്‍ അവന്റെ വിരല്‍ത്തുമ്പിന്റെ ദണ്ഡനത്തില്‍ നിന്നും ഭാഗ്യത്തിന് രക്ഷപ്പെട്ടതാണ്.

വാപ്പച്ചി പുറത്തു പോയി വേഗം തിരിച്ചു വന്നു. മുഖത്ത് പതിവു തിളക്കമില്ല. കഅബയുടെ ഫോട്ടോ പതിച്ച ചെറിയ അലമാര തുറന്നു ഡയറി പുറത്തെടുത്തു. ഇന്നെല്ലാം പതിവിനു വിപരീതമാണ്. ഡയറിഎഴുത്തും കണക്കെടുപ്പും സാധാരണ ആഴ്ചയിലൊരിക്കല്‍ രാത്രിയാണ്. ഇതു വാപ്പച്ചി പറഞ്ഞത് സത്യം തന്നെ; പുതുവര്‍ഷത്തില്‍ പുതുജീവിതം... കഴിഞ്ഞ വര്‍ഷത്തിന്‍റെ ഒന്നാം തിയ്യതി മുതല്‍ പേജുകള്‍ മറിഞ്ഞു... ഇളയ മകന്‍റെ സുന്നത്ത് കല്യാണം വക, ആയിശ്ത്തയുടെ അനുജത്തിയുടെ മകളുടെ കല്യാണം വക, മൂത്ത മകളുടെ പരീക്ഷാ ഫീസ് വക, യുണിഫോം വക, അടുക്കള ഭാഗത്തെ പൊട്ടിയ ഓടുകള്‍ മാറ്റിവെച്ച വക..... വകകള്‍ നീളുകയാണ്.

അപ്പൊ ഇതാണ് കാര്യം, ഇതു കണക്കെടുപ്പിന്‍റെ കാലമാണ്. കലണ്ടറിലെ അക്കങ്ങളോട് കലഹിക്കുന്ന കണക്കു ബുക്കിലെ അക്കങ്ങള്‍ വാപ്പച്ചിയുടെ നെഞ്ഞിനകത്ത് നെരിപ്പോടുകള്‍ സൃഷ്ടിച്ചു. പിന്നാമ്പുറത്തെ ചുമരിനോട് ചാരി വെച്ച മണ്‍വെട്ടിക്ക് വെട്ടിമുറിക്കാന്‍ പറ്റാത്ത സംഖ്യാശ്രേണികള്‍ തേങ്ങലായ് പുറത്തു വന്നത് ആയിശ്ത്ത അറിഞ്ഞു.

"ഇങ്ങള് കര്യാ... ന്‍റെഅല്ലോ... എന്തെല്ലാ ഇന്നു കാണുന്നെ.... എന്നാ പറ്റ്യേന്നെങ്കിലും പറ..."

ഡയറിയുടെ താളുകള്‍ക്കിടയില്‍ നിന്നും ബാങ്ക് നോട്ടീസുകള്‍ പാറി വീണു...വാപ്പച്ചി ആയിശ്ത്തയെ നെഞ്ഞോട് ചേര്‍ത്തു.
"നിന്‍റെ പൊന്നെങ്കിലും എടുത്ത്‌ തരാന്‍ പറ്റ്യാ മതിയാര്ന്നു..."

"എന്താ ഇങ്ങക്ക്... പൊന്നില്ലേല്‍ ഇപ്പെന്താ... ഉയിരോടെ എപ്പോം ന്‍റെ കൂടെ ഇണ്ടായാല്‍ മതി... എല്ലാം പടച്ചോന്‍ താന്നോളും.."
വാപ്പച്ചി ചിരിച്ചു, ആയിശ്ത്തയും.

കണ്ണ് നിറഞ്ഞെങ്കിലും ഞാനും ചിരിച്ചു... ഉറക്കെ...

"സത്യം, കേട്ടില്ലേ... പല്ലി ചെലച്ച്...!!"

ആയിശ്ത്തയുടെ പ്രസ്താവനക്ക് എന്‍റെ ചിരി വീണ്ടും സത്യസാകഷ്യമായി.

Sunday, December 13, 2009

ഉമിക്കരി

ഉമിക്കരിയും കോള്‍ഗേറ്റും
കൊമ്പുകോര്‍ത്ത് പല്ലു ഞെരിച്ച്
ഞാന്‍ ഞാനെന്ന് കയര്‍ത്ത്
കുളിമുറി മൂലയില്‍.

പഴങ്കഥ പതിഞ്ഞ് പതിഞ്ഞ്
ചുവന്ന് കറുത്തു പോയ
കുറ്റിപ്പല്ലുകളില്‍
ഉമിക്കരി ഉപ്പു ചേര്‍ത്തുരച്ച്
'പത പതാ പതച്ചാല്‍
പല്ലു മുത്താവില്ലെന്ന്'
കോള്‍ഗേറ്റിനെ പല്ലിളിച്ചു കാട്ടി
ഉമ്മാമ്മ.

ഒറ്റ വറ്റിനെ പെറ്റ
വയറിനു ചിതയൊരുക്കി,
കരിഞ്ഞു കരിഞ്ഞു തീര്‍ന്ന
മെയ്യഴകിനെ ചേര്‍ത്തുരച്ചാല്‍
വെള്ള തൂവെള്ളയാവുന്നതിന്റെ
രസതന്ത്രം തേടിയ
പഴയ ചിരിയോടെ ഞാന്‍.

സ്നേഹം ഇഴനെയ്ത
തുണിസഞ്ചിയില്‍
ഉപ്പിലിട്ടതും ഉമിക്കരിയും
ഒപ്പം
ഗള്‍ഫിന്റെ പവറൊന്നും
കുറയില്ലെന്ന കളിയാക്കലും.

കാര്യമാക്കേണ്ടെന്ന് അവള്‍
പഴഞ്ചനെന്നു മക്കള്‍
ഇനാമല്‍ പോകുമെന്ന് ഡോക്ടര്‍.

പല്ലുപുളിച്ചത്
മരണം കേള്‍ക്കാനെന്ന
നാട്ടറിവിനെ
ഉപ്പുമാങ്ങ തിന്നതിനാലെന്ന്
മറക്കാന്‍ ശ്രമിക്കവേ,
ടെലഫോണ്‍ കരഞ്ഞതും
ചില്ലുഭരണിയുടഞ്ഞതും
എന്‍റെ കരച്ചില്‍ പോലും
തൊടാതെ പോയ ഉമിക്കരി പോലെ
പൊടിഞ്ഞ് പൊടിഞ്ഞ്
കറുത്ത് പോയതും
കണ്ണിറുക്കിയടച്ചിട്ടും
ദു:സ്വപ്നമാവാതെ
നിഴലായങ്ങിനെ.

തേഞ്ഞ് തേഞ്ഞ് തീര്‍ന്നാലും
പഴങ്കഥ പതിഞ്ഞാലും
നെഞ്ചോടു ചേര്‍ക്കുമെന്ന്
കേട്ടപ്പോള്‍
വെറും വെറും പഴഞ്ചനെന്ന്
അവളും
മക്കളും
ഡോക്ടറും
കോള്‍ഗേറ്റും.

കൂടെയുള്ളവര്‍