Monday, December 29, 2008

മരീചിക

പ്രവാസജീവിതത്തിന്‍റെ പച്ചയായ ഒരു നേര്‍ക്കാഴ്ച:

പള്ളിയില്‍ കാണുന്ന മുഖമാണ് നിത്യം,
പറയാതെ അറിയാം മനസ്സിന്‍റെ സത്യം!

വെള്ളി നിണഞ്ഞുള്ള താടി രോമങ്ങളില്‍
വെട്ടിത്തിളങ്ങുന്നു ജലകണം സൂര്യനാല്‍,
തിമരം പടര്‍ന്ന കണ്‍കളില്‍ ശങ്കയുടെ
അരുവികളൊഴുകുന്നു, മൂകമായ് ശാന്തമായ്.

ലോഞ്ച്‌ കേറി വന്നതാവാം പണ്ട്,
നെഞ്ചകം നീറിയ യാത്രയാവാം.
സ്വര്‍ണം വിളയുന്ന നാട്ടിലെത്താന്‍, സ്വന്തം
പെണ്ണിന്‍റെ കണ്ണീര്‍ മറന്നതാവാം!

മടിയോടെ ചോദിച്ചു, "കാണാനൊരാഗ്രഹം,
വരയുമോ അങ്ങയുടെ ജീവചിത്രം?"
ഊഹം പിഴച്ചില്ല, കടല്‍ചൊരുക്കിന്‍ മനം-
പുരട്ടും കഥകള്‍ ഉരഞ്ഞയാള്‍ മന്ദം.

കടല്‍ താണ്ടി തീരമണഞ്ഞയാള്‍ കണ്ടതോ
കണ്ണീരിന്‍ വന്‍കടല്‍ വറ്റാതെ ചുറ്റിലും!
അടിയാനുമടിമയും ദാസിയും വേശ്യയും
ഒട്ടകപ്പാലിനാല്‍ ഓണമുണ്ണുന്നവര്‍!

ആട്ടിനെ തീറ്റാന്‍ മരുപ്പച്ച തേടിയും
കാട്ടിലെ ചുള്ളി പെറുക്കിയടുക്കിയും
മരുക്കാടിന്‍ ചൂടേറ്റു വാങ്ങിയ മനവുമായ്‌
ജലപാനമില്ലാതെ വിങ്ങിയിട്ടുണ്ടയാള്‍.

റൊട്ടിയില്‍ തേക്കുവാന്‍ വെണ്ണ ചോദിച്ചതി-
ന്നെത്രനാള്‍ പട്ടിണി കിടത്തിയീമര്‍ത്യനെ!
പ്രാണന്‍ പിടഞ്ഞോരാ ഭൂതകാലത്തിന്‍റെ
പൊള്ളുന്ന ഓര്‍മ്മകള്‍ ദീര്‍ഘനിശ്വാസമായ്.

ഓര്‍മ്മകള്‍ വല്ലാതെ ചങ്കില്‍ പിടയുമ്പോള്‍,
ദുഃഖങ്ങള്‍ വര്‍ഷമായ് ഉള്ളില്‍ പതിക്കുമ്പോള്‍
ഒറ്റയ്ക്കിരുന്നയാള്‍ പൊട്ടിക്കരയാറുണ്ടിന്നു-
പിറന്നൊരു ഉണ്ണി കണക്കവേ!

"യാചക വേഷം ആടാതിരിക്കുവാന്‍
പാചക ജോലി പഠിച്ചു മടിയാതെ
അന്നപ്പുരയുടെ അലിവിനാല്‍ ഇന്നിനെ
അഗ്നി വിഴുങ്ങാതെ കാത്തു പോവുന്നു ഞാന്‍."

മിഴി ചിമ്മി പതിയെ മോഴിഞ്ഞയാള്‍, "ഇനിയാരും
മരീചിക കണ്ടീ വഴിയേ വരായ്ക"

പള്ളിയില്‍ കാണുന്ന മുഖമാണ് നിത്യം,
പറയാതെ അറിയാം മനസ്സിന്‍റെ സത്യം!


10 comments:

ശ്രദ്ധേയന്‍ | shradheyan said...

പുതുവര്‍ഷത്തില്‍ താങ്കള്‍ക്ക് നല്കിയ ഈ കൈനീട്ടത്തെ കുറിച്ച് തുറന്നു പറയൂ...

salimclt said...

"......പുലര്‍ന്നാലും അസ്തമിച്ചാലും വഴിപോക്കന്‍റെ നാവ് പറയാനുള്ളത് പറയും...!!!"
Great...
all the best..

കുറ്റ്യാടിക്കാരന്‍|Suhair said...

സ്വാഗതം മി. വഴി... സോറി, മി. പോക്കന്‍...

കവിത ഗംഭീരമായിരിക്കുന്നു. ഈ കവിതയില്‍ ഉപയോഗിച്ചിരിക്കുന്ന വൃത്തം അശ്വവൃത്തമല്ലേ? ഐ മീന്‍ കുതിരവട്ടം? ;)

വളരെ സന്തോഷമുണ്ട് നാട്ടുകാരാ, പുതുവര്‍ഷ സമ്മാനമായി ഇങ്ങനെയൊരു ബ്ലോഗ് കണ്ടതില്‍...

ഇനിയും പോരട്ടെ, ഇതിലും മെച്ചപ്പെട്ട രചനകള്‍...

എല്ലാ ആശംസകളും...

കാപ്പിലാന്‍ said...

good one vazhipokkaa.

sreeNu Lah said...

സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍

പകല്‍കിനാവന്‍ | daYdreaMer said...

കൊള്ളാം പോക്കാ... (വഴി) ഈ പ്രവാസിയുടെ മനസ്സിന്റെ സത്യം..
പുതുവത്സരാശംസകള്‍....!!

ശ്രദ്ധേയന്‍ | shradheyan said...

വഴിപോക്കനെന്ന പേരിനു മറ്റൊരു അവകാശി ഉണ്ടെന്നു അറിഞ്ഞപ്പോഴാണ് 'ശ്രദ്ധേയന്‍' ആയത്. അറിയാതെ പറ്റിയ അബദ്ധത്തിനു മാപ്പ്.

സാലിമിന്റെ ഉദ്ഘാടന വാചകങ്ങള്‍ക്ക്, കുറ്റിയാടിക്കാരന്‍ പകര്‍ന്ന ആത്മവിശ്വാസത്തിന്, കാപ്പിലാന്റെ നല്ല വാക്കുകള്‍ക്കു, ശ്രീനുവിന്റെ ആശംസക്ക്, പകല്ക്കിനാവന്റെ അടയാളപ്പെടുത്തലിന്.... നന്ദി... തുടര്‍ന്നും വരിക.... ശ്രദ്ധേയമായ അഭിപ്രായം പറയുക.

s said...

Good, adipoliyayittund,
ellavida aashamsakalum nerunnu.

lakshmy said...

വേദനയുടെ കാഴ്ചൾ വരികളാക്കിയ കഥയും കവിതയും ഇഷ്ടമായി. നല്ല പോസ്റ്റുകൾ ഇനിയുമുണ്ടാകുമെന്നും ഉറപ്പായി. എല്ലാ ഭാവുകങ്ങളും നേരുന്നു

ജിപ്പൂസ് said...

കാണാന്‍ ഇത്തിരി വൈകീ ട്ടോ..
നന്നായിട്ടുണ്ട് ഒരു പ്രവാസിയുടെ നേര്‍പരിഛേദം.
ഭാവുകങ്ങള്‍...

കൂടെയുള്ളവര്‍