Friday, February 6, 2009

ഔട്ട് ഓഫ് ഫോക്കസ്

ഈ മാസം കുഴപ്പമില്ല. മൂന്ന് വിവാഹങ്ങള്‍, അതില്‍ രണ്ട് ഔട്ട് ഡോര്‍.

നാരായണന്‍ നമ്പ്യാരുടെ മകളുടെ കല്യാണം നോ പ്രോബ്ലം. എഡിറ്റിംഗും കഴിഞ്ഞു സീഡി വീട്ടിലെത്തിച്ചാല്‍ മതി - പറഞ്ഞ പണം നാരായണി അമ്മ പോക്കെറ്റിലേക്കിട്ടുതരും.

രാഘവന്‍ മാഷാണ് പ്രോബ്ലം. ഔട്ട് ഡോര്‍ ഒഴിവാക്കാതിരിക്കാന്‍ അഞ്ഞൂറ് രൂപ കുറച്ചു പറഞ്ഞു നോക്കിയതാ. മാഷാരാ മോന്‍. ആയിരം കൂടി കുറച്ച് അഡ്വാന്‍സായി അടുത്ത മൂന്നാം തിയ്യതി വരെ അവധിയും പറഞ്ഞു കളഞ്ഞു! മാഷെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. നാലു മക്കളില്‍ മൂത്ത മൂന്നും പെണ്ണ്. മൂത്തതിനെ കെട്ടിച്ചു ക്ഷീണം മാറിയിട്ടില്ല. എന്നുവെച്ച് കല്യാണത്തിനു വീഡിയോ ഇല്ലെങ്കില്‍ കുറച്ചിലല്ലേ? സ്റ്റാഫ് റൂമിലിരുന്നു മാഷന്മാര്‍ക്കും ടീച്ചര്‍മാര്‍ക്കും കുശുകുശുക്കാന്‍ വെറുതെ ഒരു വിഷയം കൊടുക്കേണ്ടല്ലോ? ഔട്ട് ഡോര്‍ ഇല്ലെങ്കില്‍ ആരും അറിയാനൊന്നും പോവുന്നില്ല. മാഷുടെ ന്യായങ്ങള്‍ എന്നെ വീഴ്ത്തി.

ഹസ്സന്‍ ഹാജിയുടെ മകന്‍ മന്‍സൂറിന്റെതാണ് മൂന്നാമത്തേത്. മന്‍സൂര്‍ ഗള്‍ഫില്‍ നിന്നു വന്ന് പിറ്റേന്ന് തന്നെ പെണ്ണിനെ കണ്ടു 'ഖബൂലായി'. കല്യാണ തിയ്യതി കുറിച്ചതിന്റെ മൂന്നാം നാള്‍ സ്റ്റുഡിയോയില്‍ നേരിട്ടു വന്ന് ഡേറ്റും ബുക്ക് ചെയ്തു കാശും തന്നു പുത്തന്‍ കാറില്‍ പൊടിപാറിച്ച് പോയത് കുറച്ച് അസൂയയോട് കൂടി തന്നെയായിരുന്നു നോക്കിനിന്നത്.

പണ്ട്, മൂക്കൊലിപ്പിച്ച് ചിരങ്ങുതലയുമായി 'തലമ' കളിക്കാന്‍ അവന്‍ വരുമ്പോള്‍ എനിക്ക് ഓക്കാനം വരുമായിരുന്നു. എണ്ണ തേക്കാതെ കുളിക്കുന്നത് ഫാഷനാണെന്ന് അമ്മയോട് പറഞ്ഞിട്ടും അതിന് അനുവാദം തരാതിരുന്നതിന്റെ കാരണം അമ്മ പറയാറുള്ളതും മന്‍സൂറിന്റെ തലയിലെ ചിരങ്ങ് തന്നെയായിരുന്നു. മനംപുരട്ടുന്ന ഓര്‍മകളുടെ ദുര്‍ഗന്ധത്തെ ഗള്‍ഫിന്റെ മണമുള്ള ഗന്ധിത്തലകള്‍ സുഗന്ധപൂരിതമാക്കി.

"സുരൂ, സ്വപ്നം കണ്ടിരിപ്പേ ഉള്ളൂ? കടേ പോണ്ടേ..?" അമ്മയാണ്.

"ഉം.." മറുപടി മൂളലില്‍ ഒതുക്കി.

ഞാനെപ്പോഴാണ് ഇങ്ങിനെ ആയത്? കാലത്ത് എണീറ്റത് മുതല്‍ വാതോരാതെ സംസാരിക്കുന്ന എന്നിലെ വാചാലന്റെ നാവിറങ്ങാന്‍ തുടങ്ങിയത് എപ്പോഴാണ്. അച്ഛന്റെ മരണ ശേഷമോ, അതോ അമ്മ കിടപ്പിലായത്തില്‍ പിന്നെയോ? സംസാരിക്കാന്‍ ഇപ്പോള്‍ ഒരുതരം മടിയാണ്. സമ്പന്നതയുടെ ഉന്നതങ്ങളില്‍ നിന്നും ഇല്ലായ്മയുടെ പടുകുഴിയിലേക്ക് വീണപ്പോഴുള്ള ആഘാതമായിരിക്കാം. കൂടെയുള്ളവര്‍ ചതിച്ചതാണെന്നും അതല്ല, അച്ഛന്റെ ധാരാളിത്തത്തിന്റെ ഫലമാണെന്നുമൊക്കെ അമ്മ മാറി മാറി പറയുമ്പോഴും എന്റെ മനസ്സ് വാതില്‍ പാളിക്കപ്പുറത്ത് കണ്ണടച്ച് കരയുന്ന ചേച്ചിയിലായിരുന്നു.

ചേച്ചിക്ക് പ്രീഡിഗ്രി സയന്‍സിനു അഡ്മിഷന്‍ ലഭിച്ചെന്ന വിവരവും അച്ഛന്‍റെ മരണവിവരവും ഒരേ ദിവസമായിരുന്നു അറിഞ്ഞത്.

"സൂരജ്, ഇനി നീ വേണം അമ്മയെയും ചേച്ചിയെയും നോക്കാന്‍.."

റീത്തുകളിലെ പുഷ്പവിതാനം നോക്കിയിരുന്ന ഏഴാം ക്ലാസുകാരന്റെ മനസ്സിന്റെ പക്വത അറിഞ്ഞോ അറിയാതെയോ അമ്മാവന്‍ പറഞ്ഞതെന്നു എനിക്കിന്നുമറിയില്ല.

അമ്മയുടെ നിശ്ചയദാര്‍ഡ്യം ഒന്നു മാത്രമായിരുന്നു ചേച്ചി പീജി കമ്പ്ലീറ്റ്‌ ചെയ്യാന്‍ കാരണം. അതിനിടയില്‍ അമ്മ വിറ്റ കിഴക്കെവശത്തെ പറമ്പ് കഴിഞ്ഞ മാസം ഹസ്സന്‍ ഹാജി മറിച്ചു വിറ്റത് നാലിരട്ടി ലാഭത്തിനാണ്.

ഫോട്ടോഗ്രാഫിയിലെ എന്‍റെ താല്‍പ്പര്യം അറിയാവുന്ന രതീഷാണ് സ്റ്റുഡിയോ തുടങ്ങാന്‍ ആദ്യം പറഞ്ഞത്. കിടപ്പിലായ അമ്മയുടെ കൈയ്യിലെ വളകള്‍ ഊരിയെടുക്കുമ്പോഴും ചേച്ചി കരയുന്നുണ്ടായിരുന്നു.

"സ്റ്റുഡിയോ കൊണ്ട് ഞാന്‍ ചേച്ചിയെ കെട്ടിക്കും, അമ്മ നോക്കിക്കോ.."

എന്‍റെ വാക്കുകളില്‍ വിശ്വാസം പോരാഞ്ഞിട്ടോ എന്തോ, അമ്മ എന്‍റെ കൈക്ക് പിടിച്ചു..

"ഇവളുടെ കെട്ടിന് ഇനി എന്‍റെ കയ്യീ ഒന്നൂ ല്ല.. അത് നീ മറക്കരുത്.."

സ്റ്റുഡിയോ തുറന്നു... പിന്നെ ഒരു ആവേശമായിരുന്നു. ഓരോ മാസത്തിലും മൂന്നും നാലും കല്യാണങ്ങള്‍... സമ്മേളനങ്ങള്‍... വരുമാനത്തിന്റെ തോത് വീട്ടില്‍ അറിയിക്കാത്തത് തെറ്റാണെന്ന് എനിക്കും അറിയാം. അമ്മ ചോദിക്കുമ്പോള്‍ 'കുഴപ്പമില്ല' എന്ന മറുപടി കൊടുക്കുന്നതിനു എന്നില്‍ ഞാന്‍ ന്യായം കാണുന്നു. അച്ഛന്‍റെ അബദ്ധം എനിക്ക് വരാന്‍ പാടില്ല. ചെലവു ചുരുക്കണം. അമ്മയുടെയും ചേച്ചിയുടെയും ആവശ്യങ്ങള്‍ അവഗണിക്കാനാവാം ചിലപ്പോള്‍ ഞാന്‍ വാചാലത ഉപേക്ഷിച്ചത്. പത്ത് കിലോമീറ്റര്‍ ദൂരെ ഉള്ള പാരല്‍ കോളജില്‍ ചേച്ചി ജോലിക്ക് പോയി തുടങ്ങിയത് എന്നോടുള്ള വാശി തീര്‍ക്കാനാവണം. അമ്മയുടെ സ്വരത്തിലെ പരുഷതക്കും കാരണം മറ്റൊന്നാവില്ല. വരും, എന്നെ ഇവര്‍ തിരിച്ചറിയുന്ന ഒരു ദിനം. കുറച്ചു കൂടി കഴിയട്ടെ...

എഡിറ്റിംഗ് സ്റ്റുഡിയോവിലെ അനിലിനെ കുറിച്ച് ഏതായാലും ഉടനെ അമ്മയോട് പറയണം. ചേച്ചിക്ക് ചേരും.

"ലക്ഷ്മി പുറപ്പെട്ടു, നീ ഇതുവരെ കുളിച്ച് കഴിഞ്ഞില്ലേ..? നിനക്ക് എപ്പാ സുരൂ ഒരു ബോധം വര്വാ.."

അമ്മയുടെ പരിഭവം തുടങ്ങി. ഇനി മന്‍സൂറിനെ കുറിച്ചു പറയും. അവന്‍റെ പുത്തന്‍ കാറിനെ കുറിച്ചു പറയും. സ്റ്റുഡിയോവില്‍ എത്താന്‍ കുറച്ച് വൈകിയാലും കുഴപ്പമില്ല. ഒരു പയ്യനുണ്ട് അവിടെ. അവനാണ് കാലത്ത് തുറക്കുന്നത്.

വേഗം ഒരുങ്ങി ഇറങ്ങി. മഴ ചാറുന്നുണ്ട്. സ്റ്റുഡിയോവിലേക്ക് നടക്കാനുള്ള ദൂരമേ ഉള്ളൂ. കടയുടെ മുന്നില്‍ മന്‍സൂറിന്റെ കാര്‍ കിടക്കുന്നു. ഈ മാസം അവസാനമാണല്ലോ അവന്‍റെ കല്യാണം. അതോ അത് മുടങ്ങിയോ? ചതിക്കല്ലേ ഈശ്വരാ... അഡ്വാന്‍സ് കാശ് തിരിച്ചു കൊടുക്കേണ്ടി വരും. സുഹൃത്തല്ലേ...

"എന്ത് പറ്റി മന്‍സൂര്‍? എന്താ കാലത്ത് തന്നെ..?"

നനഞ്ഞ തല തോര്‍ത്തി കൊണ്ടുള്ള എന്‍റെ സ്വരത്തിന്റെ ഭാവവും താളവും ആശങ്കയുടെതായിരുന്നു.
"നിനക്ക് ഗുണമുള്ള കാര്യാന്നു വെച്ചോ.. ഇവര്‍ രണ്ടാളും എന്‍റെ കൂടെ ദുബായിലുള്ളവരാ... ഇതു ഷാജു... ഇതു രാജീവ്... അല്ല രാജീവ്നാഥ്. ചെറിയ ഒരു സിനിമാ സംവിധായകനാ..."

പേര് കൊണ്ട് അറിയില്ലെങ്കിലും സംവിധായകന്‍ എന്ന് കേട്ടപ്പോള്‍ ഉള്ളിലെവിടെയോ ഒരു ബഹുമാനം. ഒന്നു വിശദമായി ഹസ്തദാനം ചെയ്തു.

"ഇവര്‍ക്ക് എന്തോ ടെലിഫിലീമോ, ആല്‍ബമോ മറ്റോ പിടിക്കണം എന്നുണ്ട്. കതേം തിരക്കതേം ഈ ഷാജൂന്റെത്തുണ്ട്. പണം എന്‍റെ അടുത്തും. നല്ലൊരു വീഡിയോ ഗ്രാഫറെ കൂടി ഇവര്‍ക്ക് വേണം എന്ന് പറഞ്ഞപ്പോ എന്‍റെ മനസ്സില്‍ നിന്‍റെ മുഖമാ വന്നത്."

ആകെ കൂടി ഒരു കുളിര്‍... അമ്പരപ്പ്.... ഇതുവരെ ഒരു ടെലിഫിലിം ചെയ്തിട്ടില്ല. ഇപ്പോള്‍ നിനച്ചിരിക്കാതെ വന്നിരിക്കുകയാണ് അവസരം.

"നമുക്ക് ചെയ്യാം..." വായില്‍ വന്നത് മറുപടി ആക്കി.

"ഒരു സ്വകാര്യമുണ്ട്... വാ.." മന്‍സൂര്‍ വിളിച്ചു.

സ്റ്റുഡിയോവിന്റെ ഇരുണ്ട മുറിയിലേക്ക് കയറി... ഇപ്പോള്‍ സ്റ്റുഡിയോ മുഴുവന്‍ ഗള്‍ഫിന്റെ സുഗന്ധം...

"ഈ ഫിലിമില്‍ കുറച്ച് മസാല ഉണ്ടത്രേ.. അതൊക്കെ ഉണ്ടെങ്കിലേ ഇന്നത്തെ കാലത്ത് ഇതൊക്കെ വിജയിക്കൂ.... നാമെന്തിനു അതൊക്കെ അറിയണം..? നമുക്ക് കാശല്ലേ വേണ്ടത്. നിനക്കെത്ര വേണോന്ന് നീ പറ."

മന്‍സൂറിന്റെ മുഖത്തെ പകുതിയും നിഴല്‍ വിഴുങ്ങിയിരുന്നു.

"ഈ മസാല എന്നൊക്കെ പറഞ്ഞാല്‍...?"

"കൂടുതലൊന്നും എനിക്കറിയില്ല, പണം ഞാന്‍ കൊടുക്കുന്നു... ബാക്കിയൊക്കെ അവര് നോക്കിക്കൊള്ളും... ഞാനാണേ നിനക്കറിയാലോ നിക്കാഹിന്‍റെ തെരക്കിലും."

മനസ്സില്‍ ആകെ ഒരു അങ്കലാപ്പ്... വേണോ.. പണം കിട്ടുമെങ്കില്‍... ഇതു കൊണ്ട് എന്‍റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാവുമെങ്കില്‍...

"എന്ത് തരും..?" സമ്മതം പോലെ മറുപടി.

മന്സൂറിനു സന്തോഷം. "അമ്പതിനായിരം.."

ഞാന്‍ സമ്മതിച്ചു. മന്‍സൂറിന്റെ കാറില്‍ പുറപ്പെട്ടു. നഗരത്തിന്‍റെ തിരക്കിനിടയില്‍ എന്‍റെ ധാര്മികതക്കെന്തു കാര്യം..? ആരറിയാന്‍..?വലിയൊരു ഫ്ലാറ്റിനു മുന്നില്‍ ഞങ്ങള്‍ ഇറങ്ങി.

"എല്ലാം ഭംഗിയാക്കണം... ഞാന്‍ വൈകീട്ട് വരാം."

നിര്‍മ്മാതാവിന്റെ കാര്‍ക്കശ്യം മന്‍സൂറിന്റെ വാക്കുകളില്‍ ഉണ്ടായിരുന്നു.

നല്ല മഴക്കോളുണ്ട്. കാമറ നനയാതിരിക്കാന്‍ ഞാന്‍ വേഗം നടന്നു.റൂമില്‍ സുമുഖനായ ചെറുപ്പക്കാരന്‍ ഇരിക്കുന്നു. ഷാജു പരിചയപ്പെടുത്തി. അയാളാണ് നായകന്‍.

"നമുക്ക് ആ സീന്‍ തന്നെ ആദ്യം എടുക്കാം."

രാജീവ്നാഥ് സംവിധാനം തുടങ്ങി...കാമറയും ലൈറ്റ്സും തയാറാക്കി ഞാനും ഒരുങ്ങി. വിരലുകളില്‍ മരവിപ്പ് പടരുന്നത് പോലെ... സംവിധായകന്‍റെ നിര്‍ദ്ദേശങ്ങള്‍ അതേപടി അനുസരിക്കാനല്ലാതെ സ്വന്തമായി ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

നീലവെളിച്ചത്തിന്റെ ഭീകരത മുറിയിലാകെ പടര്ന്നു. കാമറ ഫ്രൈമില്‍ ഇപ്പോള്‍ നായകന്റെ നഗ്നത. എയര്‍ കണ്ടീഷന് താഴെ ഞാന്‍ വിയര്‍പ്പില്‍ മുങ്ങിയിരുന്നു. പുറത്ത് ജനല്‍ചില്ലുകളിലൂടെ മിന്നല്‍ പിണറുകള്‍ നീലവെളിച്ചത്തെ പലപ്പോഴും കീറിമുറിച്ചു.

"കട്ട്.." നിര്‍ദ്ദേശം ക്യാമറയെ നിശ്ചലമാക്കി. "നായികയോട് വരാന്‍ പറയൂ.."

വിറയല്‍ കൂടുന്നത് പോലെ... ഫ്ലാറ്റിലെ മറ്റൊരു മുറി തുറന്നു അര്‍ദ്ധനഗ്നയായ് പുറത്ത് വന്ന നായികയിലേക്ക് ക്യാമറ ഫോക്കസ് ചെയ്തു.

മിന്നല്‍ പിണറിനൊപ്പം ഇടിവെട്ടി...

നിഴലുകളില്ലാത്ത ലോകത്തേക്ക് ഞാന്‍ നടന്നകലുമ്പോഴും പൊട്ടിച്ചിതറിയ ക്യാമറകണ്ണിലേക്കു ചേച്ചിയുടെ വിണ്ടുകീറിയ മാറിടം ചോര ചുരത്തുന്നുണ്ടായിരുന്നു...

12 comments:

ശ്രദ്ധേയന്‍ | shradheyan said...

എവിടെയൊക്കെയോ നഷ്ടമാവുന്ന ജീവിത സദാചാരങ്ങള്‍ക്ക്‌ മുമ്പില്‍ ഈ കഥ സമര്‍പ്പിക്കുന്നു.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

“......"എന്ത് തരും..?" സമ്മതം പോലെ മറുപടി. മന്സൂറിനു സന്തോഷം. "അമ്പതിനായിരം.." ഞാന്‍ സമ്മതിച്ചു. മന്‍സൂറിന്റെ കാറില്‍ പുറപ്പെട്ടു. നഗരത്തിന്‍റെ തിരക്കിനിടയില്‍ എന്‍റെ ധാര്മികതക്കെന്തു കാര്യം..“

“..ഫ്ലാറ്റിലെ മറ്റൊരു മുറി തുറന്നു അര്‍ദ്ധനഗ്നയായ് പുറത്ത് വന്ന നായികയിലേക്ക് ക്യാമറ ഫോക്കസ് ചെയ്തു. മിന്നല്‍ പിണറിനൊപ്പം ഇടിവെട്ടി... നിഴലുകളില്ലാത്ത ലോകത്തേക്ക് ഞാന്‍ നടന്നകലുമ്പോഴും പൊട്ടിച്ചിതറിയ ക്യാമറകണ്ണിലേക്കു ചേച്ചിയുടെ വിണ്ടുകീറിയ മാറിടം ചോര ചുരത്തുന്നുണ്ടായിരുന്നു...“

അപ്പോള്‍ സ്വന്തം പെങ്ങളായതിനാലാണ് പ്രശ്നം. വേറെ യുവതിയായിരുന്നെങ്കില്‍ എന്താ മറ്റു വല്ലവരുടേയും പെങ്ങളല്ലേ അല്ലേ? അങ്ങനെയാവുമ്പോള്‍ “നഗരത്തിന്‍റെ തിരക്കിനിടയില്‍ എന്‍റെ ധാര്മികതക്കെന്തു കാര്യം..“ എന്നും പറഞ്ഞ് കാശ് വാങ്ങിപ്പോരാം. തരപ്പെട്ടാല്‍ ഒരു പീഡനവും ഒപ്പിക്കാം.

sreeNu Lah said...

ഔട്ട് ഓഫ് ഫോക്കസ്

പകല്‍കിനാവന്‍ | daYdreaMer said...

ചോര ചുരത്തുന്നുണ്ടായിരുന്നു...“
വല്ലാതിരിക്കുന്നു...വിയര്‍ക്കുന്നുണ്ട്..!!
മിടിക്കുന്നില്ല.. ഇല്ല...!!

അനിൽ@ബ്ലോഗ് said...

"നിഴലുകളില്ലാത്ത ലോകത്തേക്ക് ഞാന്‍ നടന്നകലുമ്പോഴും പൊട്ടിച്ചിതറിയ ക്യാമറകണ്ണിലേക്കു ചേച്ചിയുടെ വിണ്ടുകീറിയ മാറിടം ചോര ചുരത്തുന്നുണ്ടായിരുന്നു..."

ഇടനെഞ്ച് കലങ്ങിയല്ലോ മാഷെ.

ചങ്കരന്‍ said...

വേണ്ടായിരുന്നു.

ശ്രദ്ധേയന്‍ | shradheyan said...

രാമചന്ദ്രന്‍ വെട്ടിക്കാട്ട്:
നാടോടുന്നത് അങ്ങിനെ ആവാം. ഒരുപക്ഷെ, സൂരജ് ആ യുവതിയില്‍ തന്‍റെ പെങ്ങളുടെ മുഖം കണ്ടതാവാം. അല്ലെങ്കില്‍, സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ അവിടെ എത്തപ്പെട്ട പെങ്ങളെ തിരിച്ചറിഞ്ഞതാവാം. ഏതായാലും ആ ഇടിവെട്ടും മിന്നലും ഒരു അവന്‍റെ ഹൃദയമിടിപ്പ്‌ തന്നെയായിരുന്നു. അതുകൊണ്ടാവാം അവന്‍ നിഗൂഡതയില്ലാത്ത ലോകത്തേക്ക് തിരിഞ്ഞു നടന്നത്.

ശ്രീനു, പകല്കിനാവാന്‍: നന്ദി...

അനില്‍, ചങ്കരന്‍: നന്ദി... സൂരജ്മാരും മന്സൂര്മാരും അമ്മ-പെങ്ങന്മാരെ തിരിച്ചറിയാന്‍ വേണ്ടിയാണ്... പണം എന്തിനും മാനദണ്ടമാക്കുന്നവര്‍ക്കെതിരെ ആണ്...

കുറ്റ്യാടിക്കാരന്‍|Suhair said...

ഹൊ!

നാടകക്കാരന്‍ said...

nannayirikkunnu ...ente aaSamsakal
enthokkeyoo ezhuthenamennundu p c muzhuvan viress ayathinal onnum cheyyan pattunnilla malayalam font ellam poyi ..athaaaaaa
kure nalayil blogil kanaathathu..

shaji said...

നിഴലുകളില്ലാത്ത ലോകത്തേക്ക് ഞാന്‍ നടന്നകലുമ്പോഴും പൊട്ടിച്ചിതറിയ ക്യാമറകണ്ണിലേക്കു ചേച്ചിയുടെ വിണ്ടുകീറിയ മാറിടം ചോര ചുരത്തുന്നുണ്ടായിരുന്നു

edu sahodaranta utharawaditha bodatheyum chodiyam cheyyunilla....anujathiyalum chechiyanekilum thanta munnilooda joliku pokunnad awidakanennu aneshikenda kadama sahoranaya awnilumundawanda.. pineedu nejidan kalaghiyittu kariyamillalo?

SULFI said...

അപ്രതീക്ഷിതമായ ഒരു ഞെട്ടല്‍. സമൂഹത്തില്‍ നടക്കുന്ന അധപടനതിന്റെ മറ്റൊരു മുഖം. നന്നായി പറഞ്ഞു. ആശംസകള്‍.

പള്ളിക്കരയില്‍ said...

അതെ. തിരക്കുകൾക്കിടയിൽ ചോർന്നുപോകുന്നത് ധാർമ്മികത തന്നെ.. വിലപ്പെട്ടതാണീ ഓർമ്മപ്പെടുത്തൽ. നല്ല രചൻ. നന്ദി.

കൂടെയുള്ളവര്‍