Wednesday, June 1, 2011

സൈക്കിള്‍ യജ്ഞക്കാരന്‍
















കുഞ്ഞുചുണ്ടിലെ
ദാഹം കെടുത്താന്‍
ദൈന്യത പകര്‍ന്ന്
താരാട്ട് മൂളുന്നൊരമ്മയുടെ
നിസ്സഹായതയെ
വലംവെച്ചാണ്
കളി തുടങ്ങിയത്.

നേര് ചൂണ്ടിയ
അമ്മവിരലിലൂടെ
നേരെ ചെന്നാലെത്തുന്നിടം 
സ്കൂള്‍ പറമ്പാണ്.

കൊതിവെള്ളം നനഞ്ഞ
ചെരിഞ്ഞ നോട്ടത്തില്‍,
മതില്കെട്ടിനു പുറത്തെ
ചിതലരിച്ച
നിരപ്പലകക്കിടയിലെ
വക്ക് പൊട്ടിയ
ഉപ്പുമാങ്ങ ഭരണി‍ക്കപ്പുറം
മൊയ്തീന്‍ മാപ്ലയുടെ
ചിരി കാണാം.

ബലൂണും പീപ്പിയും
ചേര്‍ത്തൊരു
വാദ്യമേളം,
ഒറ്റച്ചക്രത്തിലെ വട്ടക്കറക്കം.
ഉച്ചക്കഞ്ഞിക്കൊപ്പം
ഭിക്ഷ കിട്ടിയ
അക്ഷരപ്പൊട്ടുകള്‍കാത്തുവെച്ചിട്ടുണ്ടിപ്പൊഴും.

കുന്നിറങ്ങിയാല്‍
വയലിനപ്പുറം
വെയിലു തിന്ന്
പനിച്ചിരിപ്പുണ്ടാവും,
അലക്ക് കല്ലില്‍
ഉരഞ്ഞുരഞ്ഞ്
നിറംകെട്ടു പോയൊരു ജീവിതം .
ഈണത്തിലൊരു
മണിയടി മതിയാവും  
നാണച്ചുവപ്പിലൊരു
മഴ പൊഴിയാനും
ഗദ്ഗദമായത്
തോര്‍ന്നൊഴിയാനും!
 
ഇനിയുള്ളത്
അങ്ങാടിയാണ്.
ഒറ്റക്കമ്പിയിലെ നടത്തവും
ചില്ലുടച്ചു ചോര ചിന്തലും
എത്ര കണ്ടിരിക്കുന്നെവെന്ന
ഭാവമാണ്!

ചങ്കുപിളരുന്ന
വേദനയിലും
ചിരിച്ചു കാട്ടി
ചില്ല് കഷണങ്ങള്‍ തന്നെ
തിന്നു കാണിക്കും.
വന്നു വീഴുന്ന
നാണയത്തുട്ടുകളില്‍
സഹതാപം
ഒട്ടിപ്പിടിച്ചിരിക്കും.

പിന്നെ മടക്കമാണ്.
പോരുംവഴി
മരുന്ന് മണക്കുന്ന
ആശുപത്രി വളപ്പിലേക്ക്
ഒന്നെത്തിനോക്കും.
നിരത്തിയിട്ട
വെള്ള പുതച്ച
മരണവണ്ടികള്‍
കാണുമ്പോള്‍ മുഖം തിരിക്കും.

ജീവിതത്തിന്റെ
കണ്ണാടിയെഴുത്തിനെ
മരണമെന്ന്
വായിക്കാന്‍ പാകത്തില്‍
പതിച്ചു വെച്ച,
ചുവന്ന കൊമ്പുള്ള
വണ്ടിയൊന്നില്‍
എനിക്കായൊരിടം
കാത്തുകിടപ്പുണ്ടാവുമെന്നത്
മറന്നു കളയും!

സങ്കടമുറഞ്ഞ 
മഴമേഘത്തണലിലൂടെ
ആഞ്ഞാഞ്ഞു ചവുട്ടിയാലും
വഴിദൂരമത്രയും
ചോദ്യചിഹ്നം കണക്കെ
ബാക്കി കിടക്കും! 

28 comments:

ശ്രദ്ധേയന്‍ | shradheyan said...

ഞാനും നീയും നമ്മളും!

സീത* said...

വളരെ മനോഹരമായ വരികൾ...ഒരു യാത്ര പോയ പ്രതീതി..
“കൊമ്പുള്ള വണ്ടിയൊന്നിലൊരിടം എനിക്കായ്‌ കാത്തുകിടപ്പുണ്ടാവുമെന്നത് മറന്നു കളയും!”

മനുഷ്യസഹജം ഈ മറവി...തുടക്കത്തിലെ അമ്മയുടെ ദൈന്യത മനസ്സില്ലൊരു നൊമ്പരമായി

ഋതുസഞ്ജന said...

നല്ല കവിത

തബ്ശീര്‍ പാലേരി said...

മനോഹരമായ കവിത.
എങ്കിലും വെട്ടി നിരത്തിയാല്‍ കവിതയ്ക്ക് കവിത്വം കൂടും എന്ന് തോന്നുന്നു... :)

രമേശ്‌ അരൂര്‍ said...

നന്നായിട്ടുണ്ട് :)

Junaiths said...

എല്ലായിടവും ചുറ്റി
നടന്നു കാട്ടുന്നുണ്ട്
ഈ സൈക്കിള്‍

Kalavallabhan said...

"വന്നു വീഴുന്ന
നാണയത്തുട്ടുകളില്‍
സഹതാപം
ഒട്ടിപ്പിടിച്ചിരിക്കും."
നല്ല വരികൾ

Jenith Kachappilly said...

കവിത ഇഷ്ട്ടപ്പെട്ടു... :)

ആശംസകളോടെ
http://jenithakavisheshangal.blogspot.com/

Unknown said...

ആഞ്ഞാഞ്ഞു ചവിട്ടിയാലും
വഴിദൂരമത്രയും
ചോദ്യചിഹ്നം കണക്കെ
ബാക്കി കിടക്കും!

yousufpa said...

ഞാനും നിങ്ങളും ഒക്കെ ചേർന്നൊരു ജീവിതം അല്ലേ..
കവിത ഇഷ്ടപ്പെട്ടു.

Unknown said...

നല്ല കവിത ......അനുഭവിപ്പിക്കുണ്ട് കാഴ്ചകള്‍

കൊമ്പന്‍ said...

ആഞ്ഞാഞ്ഞു ചവിട്ടിയാലും
വഴിദൂരമത്രയും
ചോദ്യചിഹ്നം കണക്കെ
ബാക്കി കിടക്കും!
നല്ല വരികള്‍ അണ്ട കടാഹ ഭൂലോകത്തില്‍ ഇനിയെത്ര വഴി കല്‍ വരികള്‍
ഇനിയെത്ര ചന്തകളും ചിന്തകളും ഇനിയെത്ര കവിതകള്‍ കഥകള്‍
കഥകള്‍ക്ക് വേണ്ടി രൂപം കൊള്ളുന്ന തേഞ്ഞു പോയ അലക്ക് കല്‍ ജീവിതങ്ങള്‍ ?????????????????????????????

നാമൂസ് said...

എനിക്ക് മുമ്പില്‍ അനേകം ചിത്രങ്ങള്‍ വരഞ്ഞിട്ടു.

ഷബീര്‍ - തിരിച്ചിലാന്‍ said...

നല്ല കവിത... ഇഷ്ട്ടപ്പെട്ടു..

Jefu Jailaf said...

ലാളിത്യമുള്ള വരികള്‍.. :)

Yasmin NK said...

കരിനാക്കിലും കവിതയോ!!!

Salini Vineeth said...

ലളിതവും സുന്ദരവുമായ വരികള്‍.. നന്നായിരിക്കുന്നു.. :)

ഷമീര്‍ തളിക്കുളം said...

ശ്രദ്ദേയമായ കവിത.

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

good

എം പി.ഹാഷിം said...

നന്നായി... ശ്രദ്ധിക്കപ്പെട്ടെക്കാവുന്ന ഒന്ന്
തുടരുക ...ഭാവുകങ്ങള്‍ !

സന്തോഷ്‌ പല്ലശ്ശന said...

കുന്നിറങ്ങിയാല്‍
വയലിനപ്പുറം
വെയിലു തിന്ന്
പനിച്ചിരിപ്പുണ്ടാവും,
അലക്ക് കല്ലില്‍
ഉരഞ്ഞുരഞ്ഞ്
നിറംകെട്ടു പോയ
കുറേ ജീവിതങ്ങള്‍.
ഈണത്തിലൊരു
മണിയടി മതിയാവുമവര്‍ക്ക്
പുതുനിറം നിറച്ച്
നൃത്തമാടാന്‍!

ingine ourpaadu imagerykal.... superb!!

Unknown said...

അനുഭവകരുത്തിന്റെ സാക്ഷി പത്രം!

ഭാനു കളരിക്കല്‍ said...

ജീവിതത്തിന്റെ കറക്കം നന്നായി അനുഭവിപ്പിച്ചു.

നികു കേച്ചേരി said...

ജീവിതത്തിന്റെ വഴിക്കാഴ്ച്ചകൾ ....നന്നായി പറഞ്ഞിരിക്കുന്നു.

Lipi Ranju said...

ജീവിത യാത്ര മനസ്സില്‍ തട്ടി, ശ്രദ്ധേയന്‍റെ ശ്രദ്ധേയമായ കവിത ....

MOIDEEN ANGADIMUGAR said...

കവിത വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു ഗ്രാമം മൊത്തമായി മനസ്സില്‍ തെളിഞ്ഞു.തീര്‍ച്ചയായും അത് രചയിതാവിന്റെ വിജയമാണ് .അഭിനന്ദനങ്ങള്‍ .

വീകെ said...

ഈ വഴിത്താരയിലെ ഒരുപാടു പാഴ്ജന്മങ്ങളെ കാട്ടിത്തന്നു...
ആശംസകൾ...

ശ്രദ്ധേയന്‍ | shradheyan said...

പ്രോത്സാഹനങ്ങളുമായി ഒപ്പം ചേര്‍ന്ന എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി. ഇനിയും ഇതുവഴി വരുമല്ലോ..

കൂടെയുള്ളവര്‍