പറിച്ചു നടലാണ്.
ഓരോ വലിയിലും
ചെറുവേരുകളുടെ
പല്ലുരുമ്മിയ തേങ്ങലുകളുയരുന്നു ണ്ട്.
എല്ലു നുറുങ്ങുന്ന വേദനയില്‍
അലറിക്കരയുന്നുണ്ട്,
മതില്കെട്ടും ഭേദിച്ച്
പാഞ്ഞു പോയൊരു വേര്.
വേറൊന്ന്,
പുളിവേരിനെ മുറുകെ പുണര്‍ന്ന്
നിലവിളി പോലും മണ്ണില്‍ പൂഴ്ത്തി
തളര്‍ന്നു കിടപ്പുണ്ട്.
പലവഴി പോയവ ഏറെയുണ്ട്.
ചെമ്മണ്ണ് തേടി വലത്തോട്ടൊന്ന്.
നനവ് തേടി ഇടത്തോട്ടൊന്ന്.
ഉറവ തേടി, ശിലകള്‍ തുളച്ച്
ഇടയിലൂടെ മറ്റൊന്ന്.
ചെമ്പകത്തണല് തേടി
പാതിദൂരം താണ്ടിയ
ഇളംവേരിന്റെ കണ്ണീരിന്
പ്രണയച്ചുവപ്പുണ്ട്.
എത്രവലിച്ചിട്ടും പിടിതരാതെ
അടിവേരാഴത്തില്‍ തികട്ടിനില്‍പ്പുണ്ട്,
ഒരിക്കലും കാണില്ലെന്നുറപ്പുള്ള
തളിരിലക്കുഞ്ഞിന്
തളിരിലക്കുഞ്ഞിന്
അന്നം തേടിപ്പോയൊരു
മാതൃരോദനം.
മാതൃരോദനം.
വലിയുടെ ഊക്ക് ഏറുകയാണ്.
ആര്‍പ്പുവിളി
ആരവം
വലിയോ വലി
ഐലസാ!
ആരവമൂര്‍ച്ചക്കൊടുവില്‍
ഒരമര്‍ത്തിക്കരച്ചില്‍
'തായ്വേര് പൊട്ടിയില്ല,
ഭാഗ്യമെന്ന' പിറുപിറുക്കല്‍
ആയുധമേറ്റ് മുറിപ്പെടും മുമ്പേ
തോറ്റു കൊടുത്തതാവും.
വരണ്ട മണ്ണിലെ
ഇരുണ്ട നാളയെ തിരിച്ചറിഞ്ഞിട്ടും,
കാതങ്ങള്‍ താണ്ടി എന്നെങ്കിലുമീ
മണ്ണകം തൊടാമെന്ന്
വെറുതേ ആശ്വസിച്ചതാവും.
കുഴി നികത്തേണ്ട;
ഇനിയീ കരിയെഴുത്ത്
ഇതില്‍ തന്നെ ഉറപ്പിക്കാം.
3 comments:
മിഡില്‍ ഈസ്റ്റ് ചന്ദ്രിക വാര്‍ഷിക പതിപ്പില്‍ വന്നത്.
മനോഹരമാക്കി.. :)
എത്രവലിച്ചിട്ടും പിടിതരാതെ
അടിവേരാഴത്തില്‍ തികട്ടിനില്‍പ്പുണ്ട്,
ഒരിക്കലും കാണില്ലെന്നുറപ്പുള്ള
തളിരിലക്കുഞ്ഞിന്
അന്നം തേടിപ്പോയൊരു
മാതൃരോദനം.
Good, really good.
Post a Comment