Thursday, April 2, 2015

പണ്ടുപണ്ട്



മുത്തശ്ശിക്കഥയിലെ 
മുറുക്കി ചുവന്ന വാക്കുകള്‍ക്ക് 
ഡോള്‍ബി എഫക്ടാണ്
തിമിരക്കണ്ണുകള്‍ക്ക് 
എല്‍ഇഡി തിളക്കവും.
പണ്ടുപണ്ടെന്ന 
പറച്ചിലിനൊപ്പം 
പാറിപ്പോവും നമ്മള്‍.
കുറ്റാകൂരിരുട്ടില്‍ തട്ടിവീഴും.
തണുപ്പെന്ന് 
ചുണ്ട് വിറക്കുമ്പോള്‍ 
മാറൊട്ടിക്കിടന്ന് 
പിന്നെയും ചെറുതാവും. 
ജിന്നും പിശാശും 
വെള്ളിമുടിക്കെട്ടിനിടയിലൂടെ 
പല്ലിളിക്കും
ചാത്തനേറു കൊണ്ട് 
തലപൊളിയും. 
എല്ലാം കഴിഞ്ഞ്
'കഥയല്ലേ മക്കളേ'യെന്ന 
ഒരൊറ്റ ഉമ്മ കൊണ്ട് 
എല്ലാറ്റിനെയും 
കുടത്തിലടച്ച്‌
മുത്തശ്ശി ചിരിക്കും.

സത്യമായും മോനെ,
ടീവിക്കാലത്തിനും മുന്നേ 
ഞങ്ങള്‍ക്കൊരു 
മള്‍ട്ടിപ്ലക്സ് ലോകമുണ്ടായിരുന്നു

6 comments:

ajith said...

ഞങ്ങള്‍ക്കും ഉണ്ടായിരുന്നു ആ മള്‍ട്ടിപ്ലെക്സ് ജീവിതം!

Shahid Ibrahim said...

അന്യം നിന്നു പോകുന്ന മൾട്ടി പ്ലക്സ്

Unknown said...

മുത്തശ്ശിക്കഥകൾ കേട്ട് വളർന്ന അവസാനത്തെ തലമുറ ഒരു പക്ഷെ ഞങ്ങളുടേതാവും .ഇപ്പഴത്തെ പോഗോയും കാർട്ടൂണ്‍ നെറ്റ്വർക്കിന്നും ഒക്കെ കിട്ടാത്ത എന്തോ ഒരു സുഖമുണ്ടായിരുന്നു അതിന് .വളരെ നന്നായി .

മാധവൻ said...

ശരിയാണ് ശ്രദ്ധേയാ
3 ഡയമെൻഷനിൽ കഥകളെത്ര കണ്ടിരിക്കുന്നു ...


കവിത നന്നായി

Vineeth M said...

ഞാന്‍ റിലീസ് ആയപ്പോ ആ മള്‍ട്ടിപ്ലക്സ് തീര്‍ന്നു പോയി

Salim kulukkallur said...

ടി വി കാലം തിന്നു തീര്‍ത്ത മള്‍ട്ടിപ്ലക്സ് ...

കൂടെയുള്ളവര്‍