Friday, December 18, 2015

തെരുവില്‍ കൊല്ലപ്പെട്ടവന്റെ ഒസ്യത്ത്



















ചങ്ങാതീ

അധികം വൈകാതെ
ഫേസ്ബുക്ക് ചുവരുകളില്‍
ഒരു ചിരി നിന്നെ തേടി വരും
ബ്രേക്കിംഗ് ന്യൂസില്‍ പെട്ട് 
ചതഞ്ഞുപോയൊരു ചിരി
ചാറ്റ് റൂമിലെ കൈവരിയില്‍
പ്രണയവും വിപ്ലവവും പറഞ്ഞ്
പിരിയുമ്പോള്‍ പിറന്ന അതേ ചിരി.
സംശയിക്കേണ്ട, എന്റേത് തന്നെയാണ്.
ഒപ്പം ചോര പുരണ്ടൊരു തോക്കും 
എണ്ണം തികയാത്ത തിരകളും കാണും
ഒറ്റക്കാഴ്ചയില്‍ തന്നെ
സപ്പോര്‍ട്ട് ബീഫ് ഫെസ്റ്റെന്ന
കമന്റ് ഓര്‍ത്തെടുക്കരുത്
ദളിത്‌ വിമോചനമെന്ന കവിതയ്ക്ക് 
വ്യാഖ്യാനമെഴുതരുത്
വാര്‍ത്തയ്ക്കൊരു അടിവര പോലെ 
ഒറ്റക്ലിക്കില്‍ അണ്‍ഫ്രണ്ട് ചെയ്യരുത്.
കണ്ണടച്ചൊന്നു സൂം ചെയ്താല്‍ 
നമ്മുടെ കൈവരിയില്‍
മുള്‍ചെടി പടര്‍ത്തിയവരെ തെളിഞ്ഞു കാണാം
സത്യമായും ചിരി മാത്രമാണെന്റേത്.

മാഷേ 

പത്രക്കടലാസിനൊപ്പം
ആ ചിരിയെ ചുരുട്ടിയെറിയരുത്
ഉറപ്പായും അത് ഞാന്‍ തന്നെയാണ്.
രാജന്‍
പ്രാണേഷ്
അഖ് ലാക്ക്....
പേരെന്ത് വിളിച്ചാലും
ഹാജര്‍ പറഞ്ഞിരുന്ന അതേ ഞാന്‍.
ഇനിയും ഓര്‍മ തെളിഞ്ഞില്ലെങ്കില്‍
കണ്ണടമാറ്റി നെറ്റിചുളിച്ച്
നെഞ്ചിലെ ചോരത്തുളയിലേക്ക്
ഒന്നിറങ്ങിച്ചെന്നാല്‍ മതി
അന്നു ചൊല്ലിയ കവിതയൊരു
കടലായി ഉള്ളില്‍ ഉലയുന്നുണ്ടാവും.

ഉമ്മാ

മരവിച്ച മയ്യിത്ത് കണ്ട്
തകര്‍ന്നുപോവുമെങ്കിലും 
എനിക്കൊപ്പം ചിരിക്കണം
വാടിയ ചിരികളൊക്കെയും
അതുകണ്ട് തളിര്‍ക്കണം
അവര്‍ പതിച്ച ലേബലുകള്‍
പറിച്ചെറിഞ്ഞ് എന്റെ മോനേയെന്ന് 
നെറ്റിയില്‍ മുത്തണം.
പറ്റുമെങ്കില്‍ ഉമ്മാ,
രാജ്യദ്രോഹം ഭയന്ന്
മക്കളുടെ മയ്യിത്ത് കാണാനാവാതെ 
മണ്ണിറങ്ങിപ്പോയവരുടെ മടിയിലായെന്നെ
മറവു ചെയ്യാൻ പറയണം. 

1 comment:

ajith said...

ശ്രദ്ധേയമായ വരികൾ

കൂടെയുള്ളവര്‍