Monday, December 6, 2010

വാര്ത്തയാവാത്തവര്‍

എനിക്കറിയില്ല,
ചേട്ടാ പത്രമെന്ന്
നനഞ്ഞും വിയര്‍ത്തും
ചൂളമടിച്ചും ദിനവും കണി തന്ന
അവനെ.

കടും ചെമപ്പില്‍ കുറുന്നനെ
കറുത്ത വരയുള്ള കുപ്പായത്തിന്റെ
കഴുത്തിന്‌ താഴെ രണ്ടാമത്തെ
ഹുക്കാണ് പൊട്ടിയത്.
അവനു പാകമല്ലാത്ത
കരിമേഘം പടര്‍ന്ന
നീലക്കുപ്പായത്തില്‍
ഒടുവിലത്തതും.
ഇനിയുമുണ്ടാവാമൊന്ന്,
ഓണക്കോടിയായ്
കരുതിവെച്ചത് -
ആവോ എനിക്കറിയില്ല.

സച്ചിനും സല്‍മാനും സാനിയയും
എന്‍റെ ബെഡ്കോഫിയില്‍
ബ്രിട്ടാനിയ ചാലിച്ച്
ഉമ്മറത്തൊപ്പമിരിക്കുമ്പോള്‍
സൈക്കിള്‍ ബെല്ലില്‍
ചിരിയൊതുക്കി
ഒരു കുന്നിറക്കത്തിന്റെ
വേഗത്തിലവന്‍
മടങ്ങിയിട്ടുണ്ടാവണം -
ഇല്ല, എനിക്കറിയില്ല.

കാളയും കരടിയും
അമറിത്തിമിര്‍ക്കുമ്പോള്‍
ഇന്നലെ വരാതെ
ഇന്നും വൈകിയതെന്തെന്ന്
കയര്‍ക്കുന്ന എനിക്ക്,
കനത്തു പെയ്യുന്ന
കരിമേഘമുള്ള
നീലക്കുപ്പായമുയര്‍ത്തി
മെലിഞ്ഞൊട്ടിയ
നെഞ്ചിന്‍ കൂട്ടിലെ
ചരമക്കോളത്തില്‍
ചിരിക്കുന്ന അമ്മയെ കാട്ടിത്തന്നു
ഞാനറിയാതെ പോയ
അവന്‍.

16 comments:

ശ്രദ്ധേയന്‍ | shradheyan said...

ചിലരുണ്ട്, ഇപ്പോഴും...

yousufpa said...

ശ്രദ്ധിക്കപ്പെടാതെ ഇതുപോലെ പലരും..

Ranjith chemmad / ചെമ്മാടൻ said...

:)

ahammedpaikat said...

നാട്ടനുഭവത്തിന്റെ തിക്കാവുമല്ലേ.... ചങ്കിലാണ് വന്നു കുത്തുന്നത്.

ahammedpaikat said...

നാട്ടനുഭവത്തിന്റെ തിക്കാവുമല്ലേ.... ചങ്കിലാണ് വന്നു കുത്തുന്നത്.

ഒഴാക്കന്‍. said...

ഈ ഒഴാക്കന്‍ ആണോ ആ അവന്‍

CKLatheef said...

പളപളപ്പില്‍ ഇത്തരം കാര്യങ്ങള്‍ ചിന്തിച്ച് അലോസരപ്പെടാന്‍ ആര്‍ക്കുണ്ട് സമയം. സന്തോഷത്തിന്‍രെ വഴികളില്‍ സഹജീവിയുടെ കണ്ണീരുകാണാനും അത് പരിഹരിക്കാനുമുള്ള ശ്രമവുമുണ്ടെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു ആധുനിക മനുഷ്യന്‍.

faisu madeena said...

ഗ്രേറ്റ്‌ ..

സ്വപ്നസഖി said...

ആരാലും ശ്രദ്ധിക്കപ്പെടാത്തവരെ എല്ലാരും ശ്രദ്ധിക്കാന്‍ വേണ്ടി വേദനകള്‍ വരികളാക്കി കുറിച്ചിടുന്ന ശ്രദ്ധേയന്റെ ശ്രദ്ധ അഭിനന്ദനാര്‍ഹം തന്നെ.

ശരിക്കും മനസ്സില്‍ തട്ടി. ആശംസകള്‍

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

തങ്കത്തിന്റെ തിളക്കമുള്ള തട്ടാന്മാര്‍
ഭാഗ്യം വിതരണം ചെയ്യുന്ന നിര്‍ഭാഗ്യവാന്മാര്‍
ചൂടുള്ള വാര്‍ത്ത കൊണ്ടുവരുന്ന ചൂടില്ലാത്ത പയ്യന്മാര്‍ ..
ഒരുപാട് ചിലര്‍ ഉണ്ട് ഇപ്പോഴും!

jayanEvoor said...

നല്ല ചിന്ത; വരികൾ.
ഐക്യദാർഢ്യം!

ശ്രീജ എന്‍ എസ് said...

നമ്മള്‍ അറിയാത്തവര്‍..അല്ലെ..അറിയാന്‍ ഒരിക്കലും ശ്രമിക്കാറില്ല നമ്മള്‍..

Junaiths said...

അറിയാതെ പോക്കുന്നവര്‍ എത്ര..
അറിഞ്ഞിട്ടും അറിയാതെ
പോകുന്നവരെത്ര?

ശ്രദ്ധേയന്‍ | shradheyan said...

@ യൂസുഫ്പ ,

Ranjith ചെമ്മാട്,

ahammedpaikat ,

ahammedpaikat ,

ഒഴാക്കന്‍. ,

CKLatheef,

faisu madeena ,

സ്വപ്നസഖി ,

ഇസ്മായില്‍ കുറുമ്പടി (തണല്‍) ,

jayanEvoor ,

Sreedevi ,

junaith :

വായിക്കപ്പെടാത്തവരെ വായിക്കാന്‍ കൂടെ ചേര്‍ന്ന, ഐക്യദാർഢ്യം പ്രഖ്യാപിച്ച എല്ലാ നല്ലമനസ്സുകള്‍ക്കും നന്ദി. ഇനിയും കൂടെയുണ്ടാവുമല്ലോ.

ശ്രദ്ധേയന്‍ | shradheyan said...

പുതിയ കവിത വായിക്കുമല്ലോ
താരാട്ട് അഥവാ തെരുവിന്റെ പാട്ട്

Akbar said...

"മെലിഞ്ഞൊട്ടിയ
"നെഞ്ചിന്‍ കൂട്ടിലെ
ചരമക്കോളത്തില്‍
ചിരിക്കുന്ന അമ്മയെ കാട്ടിത്തന്നു"
ഞാനറിയാതെ പോയ
അവന്‍".

അതെ സത്യമാണ്. തലയില്‍ ചുമക്കുന്ന "ചൂടുള്ള വാര്‍ത്ത"യുടെ ഭാരവുമായി അടുപ്പെരിയാനുള്ള നെട്ടോട്ടം. അതിനടയില്‍ സ്വന്തം ജീവിതത്താളിലെ ദുഃഖ വാര്‍ത്തകള്‍ ആര് വായിക്കാന്‍.

ശക്തമായ ഭാഷയും, നല്ല ചിന്തയും താങ്കളെ ശ്രദ്ധേയനാക്കുന്നു.

കൂടെയുള്ളവര്‍