Sunday, November 23, 2014

പടച്ചോനെ കണ്ട ചെരുപ്പൂത്തി

'ചെരുപ്പുകുത്തി'യെന്ന വിളി പോലും തേഞ്ഞു പോയിട്ടുണ്ട്. ചെരുപ്പൂത്തിയാണിന്ന്. എത്ര തേഞ്ഞ വിളിയായാലും മാരിമുത്തു വിളികേള്‍ക്കും, ചിരിക്കും. ആയിരം വാചകങ്ങളെക്കാള്‍ വാചാലമായ ഒരു തലയാട്ടല്‍ നല്‍കി കടന്നു പോവും. നരച്ച താടിമീശക്കിടയിലെ വലിയ ചുണ്ടു വിടര്‍ത്തിയുള്ള നിറഞ്ഞ ചിരിയില്‍ ആളുകള്‍ തൃപ്തരാവും. കുഞ്ഞുങ്ങള്‍ അല്‍ത്ഭുതത്തോടെ നോക്കി നില്‍ക്കും. വൃദ്ധരായ ചിലരുടെ നോട്ടത്തില്‍ ഭക്തി കലര്‍ന്ന സ്നേഹം നിഴലിക്കും. പുഴയോരത്തെ ഒഴിഞ്ഞ പറമ്പില്‍ കെട്ടിയുയര്‍ത്തിയ കുഞ്ഞുകുടില്‍ മുതല്‍ കാറ്റാടിച്ചെരുവ് അങ്ങാടിയിലെ സുഭിക്ഷ ഹോട്ടലിന്റെ വലതു കോണില്‍ ഏകദേശം ഒരു മീറ്റര്‍ വീതിയും അതിന്റെ മൂന്നിരട്ടി നീളവുമുള്ള മുറി വരെ നീളുന്ന പതിവു യാത്ര മിക്കവാറും ഇങ്ങനെ തന്നെയാവും. ആ കുടുസ്സു മുറിയാണ് മാരിമുത്തുവിന്റെ കേന്ദ്രം. അങ്ങാടിയിലെ നാല്‍ക്കവലയാണത്. ഒരു നാട്ടിന്‍പുറം പട്ടണമായി പരിവര്‍ത്തിക്കപ്പെടുന്നതിന്റെ മധ്യഘട്ടമായി കണക്കാക്കാം. അതുകൊണ്ട് തന്നെ വാഹനങ്ങളുടെ കൂട്ടപ്പൊരിച്ചിലോ ദിക്കറിയാതെ ഓടുന്നവരുടെ പരിഭ്രമങ്ങളോ കാറ്റാടിച്ചെരുവിനെ അസ്വസ്ഥപ്പെടുത്താറില്ല. അവിടുത്തെ ഓരോ പ്രഭാതവും ശാന്തമാണ്. അപവാദമാവാറുള്ളത്, ഇലക്ട്രിക്‌ പോസ്റ്റുകളില്‍ തൂങ്ങിയാടുന്ന വിളക്കു കൂടുകളിലെ അടയ്ക്കാ കുരുവികളും ഇനിയുമാരെങ്കിലും ബാക്കിയായോ എന്നറിയാനായി പുറപ്പെടാന്‍ നേരം  നീട്ടി ഹോണ്‍ മുഴക്കുന്ന ബിഎസ്‌ആര്‍ ബസും മാത്രമാവും. അങ്ങാടി കഴിഞ്ഞുള്ള ചരിവില്‍ നിരനിരയായി നില്‍ക്കുന്ന കാറ്റാടി മരങ്ങള്‍ക്കപ്പുറം ഉറക്കമുണരുന്ന സൂര്യനൊപ്പം ആ ശബ്ദങ്ങളും കാറ്റാടിച്ചെരുവിന്റെ സുപ്രഭാതത്തിന്റെ ഭാഗമാണ്. 

 
ബിഎസ്‌ആര്‍ പുറപ്പെടും നേരം മാരിമുത്തു കട തുറക്കും. ചിലപ്പോഴൊക്കെ ചിന്നമ്മയും കൂടെയുണ്ടാവും. മഞ്ഞു കൊള്ളാതിരിക്കാന്‍ ചുറ്റിയ കമ്പിളി വാരിയൊതുക്കി മാരിമുത്തു മുന്നിലും തിരികെ പോരുമ്പോള്‍ സാധനങ്ങള്‍ വാങ്ങാനായി കരുതിയ തുണി സഞ്ചിയുമായി ചിന്നമ്മ പിന്നിലും മഞ്ഞു വീണ വഴിയിലൂടെ നടന്നു വരുമ്പോള്‍ ഒരു തമിഴ്‌ പാട്ടിന്റെ പശ്ചാത്തലം കൂടി കൊതിച്ചു പോവും. ചെറുപ്പകാലത്തെപ്പോഴോ ജീവിത വഴി തേടി മദിരാശിയില്‍ നിന്നും പറിച്ചു നടപ്പെട്ടതാണ്. ഒരു മോളുണ്ടായിരുന്നു. പതിഞ്ചാം വയസ്സില്‍ ഒരു വയനാട്ടുകാരനൊപ്പം ഒളിച്ചോടി. എവിടെയെന്നോ എന്തായെന്നോ തിരയാന്‍ പോലും മാരിമുത്തു പോയില്ലെന്ന് ചിന്നമ്മ പരിഭവിക്കും. അവള്‍ കണ്ടെത്തിയ ആണ്‍തുണയ്ക്ക് ഒപ്പം സ്വസ്ഥമായി പൊറുത്തോട്ടെ എന്ന് മാരിമുത്തു ആശ്വസിക്കുമ്പോള്‍ അവരും കൂടെ ചേരും. വര്‍ഷം പത്തു പതിനഞ്ചു കഴിഞ്ഞെങ്കിലും ഇടയ്ക്ക് കള്ളുകുടിച്ച് തലയ്ക്ക് പിടിക്കുമ്പോള്‍ "എന്റെ മോളെ നിങ്ങള്‍ വിറ്റതല്ലേ" എന്ന് അലമുറയിടും. ചിലപ്പോള്‍ മൊഹാല്സ്യപ്പെടും. കെട്ടുവിടുന്നതോടെ എല്ലാം മറക്കും. എത്ര കുടിച്ചാലും മാരിമുത്തു ചിന്നമ്മയെ തല്ലില്ല. വല്ലാതെ ദേഷ്യം വന്നാല്‍ പുഴക്കരയില്‍ പോയി ധ്യാനമിരിക്കും. കറുത്തുരുണ്ട പുഴങ്കല്ലില്‍ നിന്ന് മീന്‍ തിരയുന്ന വെളുവെളുത്ത കൊറ്റിയും കരയോടടുത്ത അലക്കുപാറയില്‍ ഇരിക്കുന്ന കറുകറുത്ത ചെരുപ്പൂത്തിയും അന്നേരം ഒരുപോലെയാവും. പുഴപോലും നിശ്ശബ്ദയാവും. പുഴക്കരയിലെ പൊന്തക്കാട്ടില്‍ മറയ്ക്കിരുന്നവര്‍ പതിയെ സ്ഥലം മാറും. അത്തരം ധ്യാനങ്ങളിലാണത്രേ മാരിമുത്തു പടച്ചോനെ കാണുന്നത്, സംസാരിക്കുന്നത്. അങ്ങനെ ധ്യാനിച്ച്‌ ധ്യാനിച്ചാണത്രേ മാരിമുത്തു പടച്ചോന്റെ സ്വന്തം ചെരുപ്പൂത്തിയായത്. 

 
മാരിമുത്തുവിനോട് ആരെങ്കിലും 'പടച്ചോനെ കണ്ടോ' എന്ന് തിരക്കിയാല്‍ 'ആര് എപ്പോ' എന്ന് തിരിച്ചു ചോദിക്കും. ഒക്കെ ആളുകളുടെ വകയാണെന്ന് പറഞ്ഞു ചിരിക്കും. അപ്പോഴും കാറ്റാടിച്ചെരിവുകാര്‍ പറയും, 'ചെരുപ്പൂത്തി പറയാഞ്ഞിട്ടാ... ആള്വോളുടെ ഭൂതോം ഭാവീം വരെ പടച്ചോന്‍ മൂപ്പരോട് കൃത്യായിട്ട് പറഞ്ഞു കൊടുക്കാറുണ്ട്.'  

 
കാലത്തെ ചായ സുഭിക്ഷയില്‍ നിന്ന് തന്നെയാവും. മധുരം തൊടാന്‍ പാടില്ലെന്ന് പപ്പു ഡോക്ടര്‍ വിലക്കിയതാണ്. മുമ്പ്‌ ഉളി കൊണ്ട മുറിവ് ഉണങ്ങാതെ വന്നപ്പോഴായിരുന്നു അത്. ചിന്നമ്മ കൂടെ ഉണ്ടെങ്കില്‍ മാത്രം ഡോക്ടറെ അനുസരിക്കും. ഇല്ലെങ്കില്‍ ഒരപ്പവും മധുരം കൂട്ടിയ പാല്‍ചായയും. ചായ വലിച്ചു കുടിച്ച് തിരക്കിട്ട് പോവുന്നത് കാണുമ്പോ ക്യാഷിലിരുന്ന് അഹമ്മദ്‌ക്ക പിറുപിറുക്കും. 
"ഓന്റെ പോക്ക് കണ്ടാ തോന്നും അവിടെ ആളേള് തിക്കും തിരക്കും കൂട്ട്വാന്ന്...". 
ചെരുപൂത്തിയോട് ആരും ദേഷ്യപ്പെടില്ല, ഉറക്കെ പറയില്ല. പാടില്ലല്ലോ, പടച്ചോനെ കണ്ട ചെരുപ്പൂത്തിയാണ്. 

 
ദൈവങ്ങള്‍ക്ക് ചന്ദനത്തിരികള്‍ കത്തിച്ച് പണിയായുധങ്ങള്‍ നിരത്തി വെച്ച് മാരിമുത്തു പണി തുടങ്ങും. ആദ്യം മരപ്പെട്ടിയില്‍ ഭദ്രമായി പൊതിഞ്ഞു വെച്ച പഴയ ഒരു ജോഡി ഇളം ചുവപ്പ് ചെരുപ്പ് പുറത്തെടുക്കും. അതാണ്‌ പതിവ്‌. വെറുതെ ഉളി കൊണ്ട് വക്കും മൂലയും ശരിപ്പെടുത്തും. സൂചിയും നൂലുമെടുത്ത് പൊട്ടാത്ത ചെരുപ്പില്‍ ഒന്നോ രണ്ടോ തുന്നിടും. അപ്പോള്‍ മറ്റാരും കേള്‍ക്കാത്ത സ്വരത്തില്‍ ചെരുപ്പ്‌ പരിഭവിക്കും:
"അച്ഛനിന്നും മധുരം കഴിച്ചല്ലേ... എത്ര പറഞ്ഞാലും കേള്‍ക്കില്ല"
മാരിമുത്തു ചിരിക്കും. ചെരുപ്പുകള്‍ മാറോട് ചേര്‍ക്കും.
"ന്റെ മോളുടെ രണ്ടു ചീത്ത കേള്‍ക്കാന്‍ വേണ്ടിയല്ലേ... ഇനി കഴിക്കൂല കേട്ടോ.."
"എപ്പോഴും ഇതു തന്ന്യാ പറച്ചില്... ഒരിക്കല് ഞാന്‍ നേരിട്ട് വരും... അപ്പൊ കാണിച്ചു തരാം.."
"ഉം... വരുമ്പോ അല്ലേ... നിനക്കവിടെ സുഖാണോ..?"
"സുഖാച്ഛാ... അങ്ങേര് നല്ലോനാ..."
അച്ഛനും മോളും പിന്നെയും എന്തൊക്കെയോ പറയും. പൊട്ടിച്ചിരിക്കും. ഇടയ്ക്ക് ചെരുപ്പൂത്തിയുടെ കണ്ണു നിറയും. പിന്നെ ചെരുപ്പ് മരപ്പെട്ടിയിലേക്ക്‌ തിരികെ വെക്കും. 

 
മിക്കവാറും ദിവസങ്ങളില്‍ പൊട്ടിയ ചെരുപ്പ്‌ തുന്നാന്‍ കുട്ടികള്‍ വരും. ശ്രീദേവി ടീച്ചറുടെ ട്യൂഷന്‍ സെന്ററിലെ കുട്ടികളാണ്. അവര്‍ക്ക്‌ പുറകെ ഏതെങ്കിലും സ്കൂള്‍ മാഷും. 
അന്ന് ആദ്യം വന്നത് വന്നത് ദിനേശനാണ്. കൂടെ മോനുമുണ്ട്. ദിനേശന്‍ ചോദിച്ചപ്പോഴാണ് പണിയാന്‍ ഏല്‍പ്പിച്ച മോന്റെ ചെരുപ്പിന്റെ കാര്യം ചെരുപ്പൂത്തിക്ക് ഓര്‍മ വന്നത്. തലേന്ന് പെയ്ത മഴ തീര്‍ത്ത ചളിക്കുണ്ടില്‍ പെട്ട് പൊട്ടിയ കുട്ടിയുടെ ചെരുപ്പ്‌ തന്നത് എങ്ങിനെയാണാവോ മറന്നു പോയത്‌. 
"ദിനേശന്‍ നില്‍ക്ക്, വേഗം ശരിയാക്കി തരാം.." കുട്ടി ഇന്നും ചെരുപ്പില്ലാതെ സ്കൂളില്‍ പോകേണ്ടി വരുമെന്നോര്‍ത്തപ്പോള്‍ ദിനേശന് ദേഷ്യം വന്നു.
"നില്‍ക്കാന്‍ സമയമില്ലാത്തത് കൊണ്ടല്ലേ നിങ്ങളോട് രാവിലെ തന്നാല്‍ മതീന്ന് പറഞ്ഞേ... ഇന്നും ഇങ്ങനെ പറഞ്ഞാലെങ്ങന്യാ..."
ദിനേശന്‍ തന്റെ പ്രതിഷേധം പരമാവധി മയപ്പെടുത്തി. കുട്ടിയും ചിണുങ്ങാന്‍ തുടങ്ങി.
"ഒരു അഞ്ചു മിനിറ്റെടോ.."
"നിങ്ങള്‍ ശരിയാക്കി വെക്കീന്‍... ഞാന്‍ വൈകീട്ട് വാങ്ങിക്കോളാം.." കുട്ടി കരച്ചില്‍ തുടങ്ങി. ചെരുപ്പൂത്തിയോടുള്ള ദേഷ്യം കുട്ടിയുടെ ചെവിയില്‍ തീര്‍ത്ത്‌ ദിനേശന്‍ വേഗത്തില്‍ നടന്നു.
"ഇതെന്ത് ഓട്ടാ ദിനേശാ..." കുട്ടിയേയും കൂട്ടി പോവുന്ന ദിനേശനെ നോക്കി ചെരുപ്പൂത്തി അന്തം വിട്ടു. 
അയാള്‍ കുഞ്ഞു ചെരുപ്പ്‌ തിരഞ്ഞു. ഇന്നലെ കടയടക്കും നേരം പഴയ ചെരുപ്പുകള്‍ക്കിടയില്‍ പെട്ടു പോയതാണ്. 
"ഞാനിവിടെയുണ്ട്." എന്നോ അനാഥമാക്കപ്പെട്ട പട്ടാള ബൂട്ടിന്റെ അടിയില്‍ കിടന്നു കുഞ്ഞു ചെരുപ്പ്‌ വിളിച്ചു പറഞ്ഞു. 
"അവിടെ ഒളിച്ചു കിടക്ക്വാ.. ല്ലേ.. കൊച്ചു കള്ളന്‍"
ചെരുപ്പൂത്തിയുടെ മുഖം തെളിഞ്ഞു. ചെരുപ്പെടുത്ത് ഉമ്മ വെച്ചു. കവിളിലെന്ന പോലെ തലോടി. 
"നിന്റെ അച്ഛനെന്താ ഇത്ര തെരക്ക്‌?"
കുഞ്ഞു ചെരുപ്പിന്റെ ഭാവം മാറി. കരഞ്ഞു പോവുമെന്ന് തോന്നി. "എല്ലാ അച്ഛന്‍മാരും ഇങ്ങനെയായിരിക്ക്വോ ചെരുപ്പൂത്ത്യെ..?"
"മോനെ പഠിപ്പിക്കാന്‍, വല്യ ആളാക്കാന്‍ പണമുണ്ടാക്കാനുള്ള ഓട്ടാവില്ലെ കുട്ടാ..."
"എന്നാലും ഇങ്ങനൊരു തെരക്കുണ്ടോ... ശാരദ ബേക്കറീലെ ചില്ലുഭരണീലെ പഞ്ഞി മുട്ടായി വാങ്ങിത്തരാന്‍ പറഞ്ഞിട്ട് എത്ര ദിവസായീന്നോ... വൈകീട്ട് അച്ഛന്‍ വരുന്നതും കാത്തിരുന്ന് ഒറങ്ങിപ്പോവാറാ..."
"മോന് ഈ ചെരുപ്പൂത്തി വാങ്ങിത്തരാലോ..."
"അതിനു ഞാന്‍ ചെരുപ്പൂത്തീടെ മോനാ? അച്ഛന്‍ ഇന്നലേം തല്ലി. കണ്ടില്ലേ ഇപ്പൊ എന്റെ ചെവി പിടിച്ചു തിരിച്ചേ.. ചെരുപ്പൂത്തി എനിക്ക് ഉമ്മ തന്നില്ലേ..? എന്റച്ഛന്‍ എനിക്ക് ഉമ്മ തന്നിട്ട് കാലേത്ര ആയെന്നോ... അമ്മ പിണങ്ങി പോയതോട്യാ അച്ഛനിങ്ങനെ... ഞായറാഴ്ച നിറയെ കുടിയാ.."
മാരിമുത്തു കണ്ടു. പഴയ തറവാടുവീടാണ്. ഓടുകള്‍ക്കിടയില്‍ പ്രാവുകള്‍ മുരളുന്നുണ്ട്. അകത്തെ ശ്മശാനമൂകതയ്ക്ക് വിഘാതമാവുന്നത് ഗ്ലാസിന്റെയും കുപ്പിയുടെയും തൊട്ടുരുമ്മല്‍ മാത്രമാണ്. പാര്‍സല്‍ ചോറില്‍ വിരലോടിച്ച് ദിനേശനില്‍ നിന്നും ഏറെ മാറി മോനിരിക്കുന്നുണ്ട്. നിര്‍വികാരമായ ആ കണ്ണുകള്‍ തിരയുന്നത് അമ്മയെ തന്നെയാവും.
മാരിമുത്തുവിനും കരച്ചില്‍ വന്നു. ചെരുപ്പ്‌ കാലില്‍ ചേര്‍ത്തു വെച്ചു. ഉളിയെടുത്ത് അരികുകള്‍ ഒതുക്കി. നൂലു കോര്‍ത്ത്‌ പൊട്ടിയ വള്ളി തുന്നിത്തുടങ്ങി. 

ഉച്ചയ്ക്ക് ചിന്നമ്മ ചോറുമായി വരും. മുളക് ചമ്മന്തി നിര്‍ബന്ധമാണ്. ഉണക്ക മീനും. 
"ഇങ്ങനുണ്ടോ ഒരു ഉണക്കമീന്‍ പൂതി. ലേശം അയലയോ മത്തിയോ വാങ്ങീട്ട് കാലം കുറെയായി" ചിന്നമ്മ ചോറ് വിളമ്പും.
മാരിമുത്തു ചോറ് കുഴച്ചു തിന്നുന്നത് കണ്ടു നിന്നു പോവും. ചാറൊഴിച്ച്‌, ചമ്മന്തി ചാലിച്ച് ഒരു മണി പോലും പുറത്തു പോവാതെ കുഴച്ചു വെക്കും. പിന്നെ കൃത്യമായ ഉരുളകളാക്കി സാവധാനം ചവരച്ചു കഴിക്കുന്നത് ചിന്നമ്മ നോക്കിയിരിക്കും. നിര്‍ത്തി എന്ന് തോന്നുമ്പോള്‍ വീണ്ടും കഴിക്കാന്‍ നിര്‍ബന്ധിക്കും.
മാരിമുത്തു കഴിച്ചതിന്റെ ബാക്കിയില്‍ നിന്നാണ് ചിന്നമ്മ തുടങ്ങുക. അവര്‍ക്ക്‌ വേണ്ടി മാത്രം ബാക്കി വെച്ചതാവും പലപ്പോഴും. സ്റ്റീല്‍ പാത്രം കഴുകി തുടച്ച് ചിന്നമ്മ ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ മാരിമുത്തു രണ്ടു രൂപ നീട്ടും. കപ്പലണ്ടിക്കുള്ള കാശാണത്. രണ്ടു കപ്പലണ്ടി പാക്കറ്റ്‌ വാങ്ങി ഒന്ന് മാരിമുത്തുവിന് നല്‍കും. ഡിസംബറിന്റെ ഉച്ച നേരങ്ങള്‍ മാരിമുത്തുവിനു പ്രിയപ്പെട്ടതാണ്. സൂര്യന്‍ നേരിട്ടടിക്കാതിരിക്കാന്‍ തൂക്കിയ കറുത്ത തുണി വകഞ്ഞു മാറ്റി അതിഥിയായെത്തുന്ന ഇളംകാറ്റിന് ഉറക്കികിടത്താനുള്ള മന്ത്രമറിയാം. അര മണിക്കൂറാണ് ഉച്ചമയക്കം. ചന്ദനത്തിരിചാരം തട്ടി മാറ്റി ദൈവങ്ങളുടെ താഴെ മാരിമുത്തു കിടക്കും. മതഭേദമില്ലാതെ ദൈവങ്ങള്‍ കൂട്ടിരിക്കും. 

 
കാലില്‍ തട്ടി വിളിച്ചയാളെ എളുപ്പം തിരിച്ചറിഞ്ഞില്ല. അയാള്‍ കാറ്റാടിച്ചെരുവിനും സ്ഥിരം കാഴ്ചയല്ല. പാന്റ്സിനടിയില്‍ തിരുകിയ ഷര്‍ട്ടും മടമ്പുയര്‍ന്ന ചെരുപ്പുമാണ് വേഷം. സൂക്ഷിച്ചു നോക്കിയാല്‍ ചീര്‍ത്ത കവിളിലൂടെ രക്തമോടുന്നത് കാണാന്‍ പറ്റും. 
"ഷൂ ഒന്ന് പോളീഷ് ചെയ്യണം" അയാള്‍ സഞ്ചിയില്‍ പൊതിഞ്ഞ ഷൂസ് നീട്ടി.
"മറന്നതാണോ എന്നറിയില്ല, എവിടെയാ.."
"മറന്നത് തന്ന്യാ ചെരുപ്പൂത്ത്യെ... രാധേടെ മോനാ... ഇന്നലെ ഗള്‍ഫിന്നു വന്നതാ."
"ആര്... സുധീഷോ.. നീ പിന്നേം വലുതായി... സുന്ദരനായി."
"ചെരുപ്പൂത്തിക്ക് ഒരു മാറ്റോല്ല... ഒരിടം വരെ പോണം. ഒന്ന് വേഗം തരാവോ.. ഞാനൊരു ചായ കുടിച്ച് വരാം"
"പിന്നെന്താ.. നീ പോയി വാ.." 

 
വിദേശ പെര്‍ഫ്യൂമിന്റെ മണം സൈക്കിള്‍ അഗര്‍ബത്തിയെ പരിഹസിച്ചു. മാരിമുത്തു ഷൂസ് തിരിച്ചും മറിച്ചും നോക്കി. പകുതി മടക്കി ബലം പരിശോധിച്ചു. ലതര്‍ മൂക്കോടടുപ്പിച്ച് മണം പിടിച്ചു.
വിദേശ കമ്പനിയാണ്. വിലപിടിച്ചതാവും. ഷൂവിലൂടെ ബ്രഷ് പായിക്കവേ ആത്മഗതത്തിനു മറുപടി വന്നു.
"മെയ്ഡ് ഇന്‍ തായ്‌ലണ്ടാ... ഇവിടുത്തെ മൂന്നാലായിരം ഉറുപ്യ വരും."
"നാലായിരോ... കള്ളം പറഞ്ഞു എന്നെ പറ്റിക്കാന്‍ നോക്കേണ്ട."
"അല്ലെന്നേ.. ശരിക്കും"
"ഉം..." ചെരുപ്പൂത്തി വിശ്വസിച്ചു. "നീയവിടെ വല്യ നെലേലാ...?"
"കുഴപ്പേല്യ... ഒരു ഇംഗ്ലീഷ്‌ കമ്പനീലാ.."
"പെണ്ണ് കെട്ടാനുള്ള വരവാ?"
"അല്ലെന്നേ.. അതൊരു രഹസ്യാ.." ഷൂ ശബ്ദം താഴ്ത്തി. "ഇന്നാട്ടിലെ ഒരു പെണ്ണ് വിളിച്ചിട്ട് വര്വാ... സ്ഥിരായിട്ട് വിളിക്കും. ഓളെ കെട്ട്യോന്‍ ഒരു മരുന്ന് കച്ചവടക്കാരനാ. ഓള് വല്യ കുടുംബത്തില്‍ പിറന്നതാ.."
"കെട്ട്യോനും കുട്ട്യോളും ഒക്കെ ഉള്ള പെണ്ണെന്തിനാ നിന്നെ വിളിച്ചു വരുത്തുന്നെ?" മാരിമുത്തു ആശ്ചര്യം കൂറി.
"കുട്ട്യേളുണ്ടെന്ന് ആര് പറഞ്ഞു. ഓള് പെറ്റിട്ടില്ല. അതിന്റെ പേരില് അവര് തമ്മില് എപ്പോഴും അടിയാ.. ഓളെ കുറ്റാന്ന് ഓനും ഓന്റെ കുറ്റാന്ന് ഓളും. ഹഹഹ.."
"നീ ചിരിക്കാണ്ട് കാര്യം പറയെടോ.." മാരിമുത്തുവിന് തിരക്കായി. 
"ചിരിക്കാതെങ്ങന്യാ ചെരുപ്പൂത്ത്യെ... കുട്ടികളില്ലാത്തതിന് തമ്മില്‍ തല്ലീട്ടെന്താ.. ഇതൊക്കെ അവര് തീരുമാനിക്കുന്നതാ?"
"നീ കാര്യം പറയ്‌.."
"എനിക്ക് വയറ്റീ പുണ്ണ് വന്നപ്പോ മരുന്നിനു വേണ്ടി വിളിച്ച വിളിയില്‍ പിന്ന്യാ ഓളുമായി അടുത്തേ... ഒടുക്കം കാര്യങ്ങള്‍ ഈ വരവില്‍ വരെ എത്തി."
"എന്റെ ദൈവമേ... എന്തൊക്ക്യാ ഈ കേള്‍ക്കുന്നേ.."
മാരിമുത്തു എണീറ്റു പോയി ചന്ദനത്തിരി കത്തിച്ചു. പെര്‍ഫ്യൂം സുഗന്ധത്തിന്റെ അധിനിവേശത്തില്‍ നിന്നും സൈക്കിള്‍ അഗര്‍ബത്തിയുടെ മുല്ല മണം സ്വാതന്ത്ര്യം നേടി. പുകച്ചുരുളിലൂടെ മാരിമുത്തു അവളെ കണ്ടു. തടിച്ചിട്ടാണ്. സൗന്ദര്യം വറ്റിത്തുടങ്ങിയ കണ്ണുകള്‍. ചുമരില്‍ തൂക്കിയിട്ട കലണ്ടറിലെ ചുണ്ടു ചുവന്ന കുഞ്ഞിച്ചിരിയില്‍ ഇടയ്ക്ക് നോട്ടം പതിപ്പിക്കുന്നുണ്ട്. അപ്പോഴാ കണ്ണുകള്‍ക്ക്‌ നഷ്ടസൗന്ദര്യം തിരിച്ചു കിട്ടുന്നത് പോലെ. അയാളെവിടെ പോയിക്കാണും? ഏതോ ചെന്നിക്കുത്തുകാരന് മരുന്ന് വില്‍ക്കുകയാവും. അല്ലെങ്കില്‍ ഏതെങ്കിലും വല്യമ്മയ്ക്ക് തൈലം കൊടുക്കുന്നുണ്ടാവും. ഇനി അയാളും? ലോകമേ... ഇത്രയ്ക്ക് വിശ്വാസമില്ലാതെ മരവിച്ചു പോയല്ലോ നീ. മാരിമുത്തു കണ്ണടച്ചു.
രോഷത്തോടെ ഷൂവില്‍ ബ്രഷ് പായിച്ചു. കറുപ്പ് പോളീഷ് തീരാറായി. നൂല് ഒരുണ്ട കൂടിയുണ്ട്. അടുത്ത ടൗണില്‍ പോക്കിന് സമയമായെന്ന് സാരം.

"തീര്‍ന്നോ ചെരുപ്പൂത്ത്യെ..." സുധീഷാണ്.
"ഉം.. തീര്‍ന്നു." ഒന്ന് ഉപദേശിച്ചാലോ എന്നോര്‍ത്തു മാരിമുത്തു. ആല്ലെങ്കില്‍ വേണ്ട. താനൊരാള്‍ വിചാരിച്ചാല്‍ നന്നാവുന്ന ലോകമൊന്നുമല്ലല്ലോ. പണം വാങ്ങി കീശയിലിടുമ്പോഴും മാരിമുത്തുവിന്റെ മുഖം തെളിഞ്ഞിരുന്നില്ല. 
"എന്റെ മോന്‍ പിഴച്ചു പോയി ല്ലേ..." ശബ്ദം പട്ടാള ബൂട്ടില്‍ നിന്നാവുമെന്ന് ഉറപ്പായതിനാല്‍ അയാള്‍ മുഖം താഴ്ത്തിയിരുന്നു. 

 
ഇടവേളകള്‍ തീര്‍ത്ത് ആളുകള്‍ വന്നു പൊയ്ക്കൊണ്ടിരുന്നു. വൈകുന്നേരത്തെ കാറ്റിന് അല്പം കുളിരു കൂടുതലുണ്ട്. ഇലക്ട്രിക്‌ പോസ്റ്റുകളിലെ അടയ്ക്കാ കിളികള്‍ ചിലച്ചു തുടങ്ങി. തുടുത്തു തുടങ്ങിയ സൂര്യനൊപ്പം ആളുകളും തിടുക്കം കാട്ടുന്നു. ഒറ്റപ്പെട്ട ഒരു കാറ്റാടി മരത്തിന്റെ ചുവട്ടിലെ മീന്‍കാരന് ചുറ്റും ഈച്ചകളും ആളുകളും കൂട്ടം കൂടുന്നു. ബീഎസ്ആര്‍ തിരിച്ചു വന്നു. ബസ്സിന്റെ മേലെ അട്ടിയിട്ട വയനാടന്‍ നേന്ത്രക്കുലകള്‍ താഴെ ഇറക്കുവാന്‍ തയ്യാറെടുക്കുകയാണ് ചുമട്ടുകാര്‍. ദിനേശന്‍ ധൃതിയില്‍ വരുന്നുണ്ട്. 
"ശരിയായില്ലേ.." വാച്ചില്‍ നോക്കിയാണ് ചോദ്യം.
"ശരിയായി..." കുഞ്ഞു ചെരുപ്പെടുത്ത് പൊതിഞ്ഞു നല്‍കുമ്പോള്‍ മാരിമുത്തു ശബ്ദം കനപ്പിച്ചു.
"കുട്ട്യേളെ കുട്ട്യേളായി കാണണം ദിനേശാ...  നമ്മളെ നോട്ടം തെറ്റ്യാ അവരും വഴി തെറ്റും... വേണ്ടതിനും വേണ്ടാത്തതിനുമൊക്കെ അവരെ ചീത്ത പറയരുത്..." മാരിമുത്തു ഉപദേശിയായി.
ദിനേശന്‍ മൗനിയായി എല്ലാം കേട്ടു. തലകുനിച്ച് ദൈവത്തിനു മുന്നിലെന്ന പോലെ നിന്നു. മാരിമുത്തുവല്ല, പടച്ചോന്റെ സ്വന്തം ചെരുപ്പൂത്തിയാണ്. എല്ലാം അറിഞ്ഞുള്ള പറച്ചിലാണ്.

ദിനേശന്റെ നടത്തത്തിന് വേഗം കുറഞ്ഞു. മാരിമുത്തുവിന് ആശ്വാസം തോന്നി.

"മാരിമുത്ത്വോ.." കടയടക്കാന്‍ ഒരുങ്ങവേയാണ് വിളിയെത്തിയത്. അങ്ങനെ ഒരാളേ വിളിക്കാറുള്ളൂ. ഉണ്ണീന്‍ മൊയ്‌ല്യാര്‍.
"എന്തോ..." ഭവ്യതയോടെ വിളി കേട്ടു.
"ഇതൊന്ന് നോക്ക്യേ... ഇന്നലെ പള്ളിക്കൊളത്തിലെ കല്ലില്‍ കുടുങ്ങ്യെതാ.."
ലതറിന്റെ ചെരുപ്പാണ്. ബാറ്റ. നാല് വള്ളിയും പൊട്ടിയിട്ടുണ്ട്. 
"നോക്കാം മൊയ്‌ല്യാരെ.. നാളെ പോരേ.."
"മതി..." മൊയ്‌ല്യാര്‍ തിരിഞ്ഞു നടന്നു.
"കള്ളം പറഞ്ഞതാ..." ചെരുപ്പാണ്. 
"മൊയ്‌ല്യാര് കള്ളം പറയേ..!" മാരിമുത്തു അത്ഭുതപ്പെട്ടു.
"ഉം.. ഇന്നലെ തറവാട്ടിലെ ഭാഗം വെപ്പായിരുന്നു. എനിക്ക് കിട്ട്യ ഭാഗത്ത്‌ പാറക്കെട്ടാണെന്നും പറഞ്ഞ് തര്‍ക്കം തുടങ്ങി. ഏട്ടനും അനിയനും ഉന്തും തള്ളുമായി. അതിനിടയില്‍ പറ്റിയതാ..."
മാരിമുത്തു ഒന്നും പറഞ്ഞില്ല. ഉണ്ണീന്‍ മൊയ്ചെല്യാരെ ചെരുപ്പുകള്‍ ശ്രദ്ധയോടെ ഒരു മൂലയിലേക്ക് മാറ്റി വെച്ചു. അവയ്ക്ക് മുന്നില്‍ ചന്ദനത്തിരി കത്തിച്ചു. സുഗന്ധം പരന്നപ്പോള്‍ ചുമരിലിരുന്ന ദൈവങ്ങള്‍ ചിരിച്ചു. മാരിമുത്തു കൂടെ ചിരിച്ചു. 

2 comments:

smitha adharsh said...

Valare vyathyasthatha pularthiya oru katha. Athukondu thanne puthuma thonni. Valare ishtappettu. Iniyum, iniyum orupaadorupadu kathakal ee thoolikayil ninnum pirakkatte.

ajith said...

ദൈവങ്ങള്‍ ചിരിക്കുകയാണ്
ഹൃദയശുദ്ധിയുള്‍ലവര്‍ അത് കാണും
അവര്‍ സൂക്ഷിച്ചൊഴിഞ്ഞിരിക്കും സകല തിന്മകളില്‍ നിന്നും.

മനോഹരകഥ

കൂടെയുള്ളവര്‍